KSEB കാഷ്യർ; ഭാര്യ അധ്യാപിക; സൈഡ് ബിസിനസ് ചാരായം വാറ്റ്; ഇരുനിലവീട്ടിൽ റെയ്ഡിനെത്തിയവർ ഞെട്ടി
- Published by:Rajesh V
- news18-malayalam
Last Updated:
വിശേഷപാർട്ടികൾക്കും കല്യാണത്തിനും മാത്രം ഓർഡർ എടുത്തു ചാരായം വാറ്റി എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. ഒരു ലിറ്റർ ചാരയത്തിന് 1000 രൂപ ഈടാക്കി ആണ് വിൽപന നടത്തിയിരുന്നത്. 'കിങ്ങിണി' എന്ന വിളിപ്പേരിലാണ് സുകുമാരന്റെ ചാരായം അറിയപ്പെട്ടിരുന്നത്
തൃശൂർ: ചാലക്കുടി അന്നനാട് കെ എസ് ഇ ബി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും ചാരായം പിടികൂടി. മേലൂർ കെ എസ് ഇ ബി അസിസ്റ്റന്റ് കാഷ്യർ കോലോത്തു പാറപ്പുറം ചാട്ടുമൂല വീട്ടിൽ സുകുമാരന്റെ വീട്ടിൽ നിന്നുമാണ് 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജുദാസും സംഘവും ചേർന്ന് പിടികൂടിയത്.
വീട്ടിൽ ചാരായം വാറ്റി വിൽപന നടത്തുന്നു എന്ന വിവരം ലഭിച്ചു റെയ്ഡിന് എത്തിയ എക്‌സൈസ് സംഘം സുകുമാരന്റെ ഇരുനില വീട് കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നു. വീട്ടുടമസ്ഥൻ കെഎസ്ഇബി ജീവനക്കാരൻ ആണെന്നും ഭാര്യ സ്കൂൾ അധ്യാപിക ആണെന്നും കൂടി അറിഞ്ഞപ്പോൾ പരാതി വ്യാജമാണോ എന്ന തോന്നലുണ്ടായി. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് മുൻപ് ചാരായം വാറ്റുമായി ബന്ധപ്പെട്ട് കേസ് ഉണ്ടെന്നു അറിഞ്ഞപ്പോൾ വീട്ടില്‍ കയറി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
advertisement
എക്സൈസ് സംഘം റെയ്ഡിനെത്തിയ സമയത്ത് സുകുമാരൻ ജോലി സ്ഥലത്ത് ആയിരുന്നു. പരിശോധനയിൽ വീടിന്റെ അടുക്കളയിൽ നിന്നും 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും എക്സൈസ് സംഘം കണ്ടെടുത്തു. എക്‌സൈസ് വീട്ടിൽ കയറിയതറിഞ്ഞ് സുകുമാരൻ ജോലി സ്ഥലത്തു നിന്നും വയറുവേദന എന്ന് പറഞ്ഞു ഇറങ്ങി ഒളിവിൽ പോയതിനാൽ സുകുമാരനെ പിടികൂടാൻ സാധിച്ചില്ല. അന്വേഷണം തുടരുകയാണെന്ന് എക്‌സൈസ് അറിയിച്ചു.
Also Read- പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടർ തനിയെ തുറന്നു; വൻതോതിൽ വെള്ളം പുറത്തേക്ക്, ജാഗ്രതാനിർദേശം
advertisement
വിശേഷപാർട്ടികൾക്കും കല്യാണത്തിനും മാത്രം ഓർഡർ എടുത്തു ചാരായം വാറ്റി എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. ഒരു ലിറ്റർ ചാരയത്തിന് 1000 രൂപ ഈടാക്കി ആണ് വിൽപന നടത്തിയിരുന്നത്. 'കിങ്ങിണി' എന്ന വിളിപ്പേരിലാണ് സുകുമാരന്റെ ചാരായം അറിയപ്പെട്ടിരുന്നത്. പഴങ്ങളും ധന്യങ്ങളും അധികമായി ചേർത്താണ് ഇയാൾ സ്പെഷ്യൽ ചാരായം ഉണ്ടാക്കിയിരുന്നത്.
പ്രിവന്റീവ് ഓഫീസർമാരായ സതീഷ്‌കുമാർ, പ്രിൻസ്, കൃഷ്ണപ്രസാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജി, നിമ്യ, ഡ്രൈവർ ഷൈജു എന്നിവരാണ് ഇൻസ്‌പെക്ടറെ കൂടാതെ റൈഡിൽ ഉണ്ടായിരുന്നത്.
Location :
First Published :
September 21, 2022 9:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
KSEB കാഷ്യർ; ഭാര്യ അധ്യാപിക; സൈഡ് ബിസിനസ് ചാരായം വാറ്റ്; ഇരുനിലവീട്ടിൽ റെയ്ഡിനെത്തിയവർ ഞെട്ടി