തിരഞ്ഞെടുപ്പില്‍ വോട്ട് മാറ്റി ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം
- Published by:Nandu Krishnan
- news18-malayalam
Last Updated:
2005 ഓഗസ്റ്റ് 23-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്
തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടന്ന കൊലപാതകത്തിന് ഏകദേശം രണ്ട് പതിറ്റാണ്ടിനുശേഷം ശിക്ഷ വിധിച്ച് ആഗ്ര കോടതി. പ്രതികളായ ആറ് പേരെയാണ് ആഗ്ര കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2005 ഓഗസ്റ്റ് 23-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മാല്‍പുര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ലഡാം മങ്കേഡ ഗ്രാമത്തില്‍ നിന്നുള്ള ധരംപാല്‍ സിംഗ് എന്ന 35-കാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് ഇദ്ദേഹം വോട്ട് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് കേസില്‍ ആദ്യം ജിതേന്ദ്ര സിംഗ്, ബബ്ലു സിംഗ്, പവന്‍ സിംഗ്, സത്തൂ സിംഗ്, ഗിര്‍രാജ് സിംഗ്, ഗോവിന്ദ് സിംഗ്, ബല്‍വീര്‍ സിംഗ് എന്നീ ഏഴ് പേര്‍ പ്രതികളായിരുന്നു. പ്രതികളിലൊരാളായ സത്തൂ സിങ് 2006-ല്‍ കേസിന്റെ വിചാരണയ്ക്കിടെ മരിച്ചു. ബാക്കിയുള്ള ആറ് പേരും കുറ്റക്കാരാണെന്ന് ഇപ്പോള്‍ കോടതി കണ്ടെത്തി.
advertisement
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രതികള്‍ അനുകൂലിച്ചിരുന്ന സ്ഥാനാര്‍ത്ഥിയെ കൊല്ലപ്പെട്ട ധരംപാലും സഹോദരന്‍ ധരംവീര്‍ സിംഗും പിന്തുണച്ചിരുന്നില്ല. ഇദ്ദേഹത്തിന് വോട്ട് ചെയ്യാനും ഇവര്‍ തയ്യാറായില്ല. ആ പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് നിര്‍ബന്ധിച്ച് വോട്ട് ചെയ്യിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായി ധരംവീര്‍ അന്വേഷണത്തിനിടെ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍, വോട്ട് ചെയ്യാന്‍ തങ്ങള്‍ തയ്യാറായില്ലെന്നും ധരംവീര്‍ വ്യക്തമാക്കി. ഇതില്‍ പ്രകോപിതരായാണ് പ്രതികള്‍ ധരംപാലിനെയും സഹോദരനെയും ആക്രമിച്ചത്.
സംഭവ ദിവസം ഏഴ് പ്രതികളും ചേര്‍ന്ന് ഈ സഹോദരങ്ങളെ വടി ഉപയോഗിച്ച് ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തിനിടെ വെടിയേറ്റാണ് ധരംപാല്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തെ എസ്എന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണപ്പെടുകയായിരുന്നു.
advertisement
സംഭവം നടന്ന് അടുത്ത ദിവസം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രധാന വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2005 സെപ്റ്റംബര്‍ 15-ന് ഏഴ് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളായ ബബ്ലു സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിറ്റേന്ന് വയലില്‍ നിന്ന് .315 നാടന്‍ ബോര്‍ തോക്കും രണ്ട് ലൈവ് ബള്ളറ്റുകളും പോലീസ് കണ്ടെടുത്തു.
സംഭവം നടന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ആയുധങ്ങള്‍ ഒളിപ്പിച്ചത് എവിടെയാണ് ബബ്ലു കാണിച്ചുതന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2005 സെപ്റ്റംബര്‍ 30-നാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണയ്ക്കിടെ ബല്‍ബീര്‍ സിംഗ് തനിക്ക് ഇളവ് നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. തന്റെ ആദ്യത്തെ കുറ്റകൃത്യമാണിതെന്നും രണ്ട് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന മാര്‍ഗ്ഗം താനാണെന്നും ബല്‍ബീര്‍ സിംഗ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കുകയാണുണ്ടായത്.
advertisement
ഏകദേശം 20 വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി രാജേന്ദ്ര പ്രസാദ് ആണ് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ജിതേന്ദ്ര, ബബ്ലു, പവന്‍, ഗിര്‍രാജ്, ഗോവിന്ദ്, ബല്‍വീര്‍ എന്നീ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഓരോരുത്തരും 28,500 രൂപ പിഴയും അടയ്ക്കണം. തുകയുടെ 70 ശതമാനം കൊല്ലപ്പെട്ട ധരംപാലിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു. പണം നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി അധികം തടവ് അനുഭവിക്കേണ്ടി വരും.
Location :
Uttar Pradesh
First Published :
June 11, 2025 4:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരഞ്ഞെടുപ്പില്‍ വോട്ട് മാറ്റി ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം