തിരുവനന്തപുരം നെടുമങ്ങാട് ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ; ഒരു ദിവസത്തിനിടെ രണ്ടാമത്തെ സംഭവം
- Published by:Anuraj GR
- news18-malayalam
Last Updated:
നാലുമാസമായി വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്തിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരം: നെടുമങ്ങാട് ആര്യനാട് പുതുകുളങ്ങര – കന്യാരുപ്പാറയിൽ ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വിതുര മരുതാമല സ്വദേശി ബെൻസി ഷാജി (26) ആണ് മരിച്ചത്. നരുവാമൂട് സ്വദേശി ജോബിൻ ജയിംസ് ആണ് ഭർത്താവ്.
നാലു മാസമായി കന്യാരുപ്പാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജോബിനും ബെൻസിയും. വീട്ടിൽ
ഇവർ രണ്ടുപേരും മാത്രമാണ് ഉള്ളത്. ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുകയാണ് ബെൻസി. ജോബിന്
കൊറിയർ സർവ്വീസിലായിരുന്നു ജോലി. ആര്യനാട് പോലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി ആര്യനാട് പോലീസ് പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. അരുവിക്കരയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ 3 മണിക്കാണ് സംഭവം. അരുവിക്കര മുള്ളിലവിൻ മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ (23 ) ആണ് മരിച്ചത്. ഭർത്താവ് അക്ഷയ് രാജ് പുറത്ത് പോയ സമയത്താണ് വീട്ടിലെ ബെഡ്റൂമിലെ ഫാനിൽ രേഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
advertisement
ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിച്ച് സംസാരിക്കുന്നു എന്ന സംശയം ഭാര്യ രേഷ്മയ്ക്ക് ഉണ്ടായിരുന്നുവെന്നും അതിന്റെ മനോ വിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നും പറയപ്പെടുന്നു. ഇക്കഴിഞ്ഞ ജൂൺ 12 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനിയാണ് മരിച്ച രേഷ്മ.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 27, 2023 3:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരം നെടുമങ്ങാട് ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ; ഒരു ദിവസത്തിനിടെ രണ്ടാമത്തെ സംഭവം