ആഷിഖ് അബു ചിത്രത്തിൽ ആദ്യമായി പൃഥ്വിരാജ് നായകനാവുന്നു. 'വാരിയംകുന്നൻ' എന്ന ചരിത്ര സിനിമ അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. 1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥയാണിത്. മുഹ്‌സിൻ പരാരിയാണ് കോ-ഡയറക്ടർ.
"ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു." ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. സിക്കന്ദർ, മൊയ്‌ദീൻ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കും.
മലബാർ കലാപം ആസ്പദമാക്കി നിർമിച്ച 1921 എന്ന ചിത്രം പുറത്തിറങ്ങിയത് 1988 ലായിരുന്നു. ടി. ദാമോദരൻ എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി ആയിരുന്നു നായകൻ. ടി.ജി.രവിയായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി അടുത്തിടെയാണ് പൃഥ്വിരാജ് ജോർദാനിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. 2019ൽ പുറത്തിറങ്ങിയ 'വൈറസ്' ആണ് ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ആഷിഖ് നിർമ്മിച്ച 'ഹലാൽ ലവ് സ്റ്റോറിയുടെ' പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.