ഫോർട്ട് കൊച്ചിയിൽ നിലനിന്നിരുന്ന 'ചാപ്പ' സമ്പ്രദായം പശ്ചാത്തലമാക്കി നിർമ്മിച്ച നിവിൻ പോളി (Nivin Pauly) ചിത്രം 'തുറമുഖം' (Thuramukham) റിലീസ് വീണ്ടും മാറ്റി. റിലീസ് മാറ്റിയതായി ഗീതു മോഹൻദാസ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. "നിയമപ്രശ്നങ്ങൾ കാരണമുള്ള അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം, തുറമുഖം റിലീസ് ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. കോവിഡ്, തിയേറ്റർ അടച്ചുപൂട്ടൽ, സാമ്പത്തിക പ്രതിസന്ധികൾ, സിനിമാ വ്യവസായത്തിലെ സമൂലമായ മാറ്റങ്ങൾ എന്നിവ കാരണം കഴിഞ്ഞ മൂന്നു വർഷമായി റിലീസിന്റെ എണ്ണമറ്റ പുനഃക്രമീകരണങ്ങൾ സിനിമാ പ്രേമികളെയും, പ്രദർശന മേഖലയെയും, അതിനായി പ്രവർത്തിച്ച നൂറുകണക്കിന് ആളുകളെയും വീണ്ടും വീണ്ടും നിരാശപ്പെടുത്തി. പക്ഷേ കഠിനാധ്വാനം കൊണ്ട് ഞങ്ങൾ നിർമ്മിച്ച ഞങ്ങളുടെ സിനിമ, സ്ക്രീനിലെത്തിക്കാനുള്ള ഞങ്ങളുടെ ഉറച്ച ദൃഢനിശ്ചയം, ഓരോ തിരിച്ചടിയിലും കൂടുതൽ കൂടുതൽ ശക്തിപ്പെടുകയാണ്. ഈ സിനിമാ അനുഭവം ജൂൺ 10ന് വെള്ളിത്തിരയിൽ നിങ്ങളുടെ മുൻപിൽ അനാവരണം ചെയ്യും. ഇത് സാധ്യമാക്കാനുള്ള പ്രതിബദ്ധതയിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു!," ഗീതു കുറിച്ചു.
ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കൊച്ചി മട്ടാഞ്ചേരി തുറമുഖ പ്രദേശങ്ങളില്‍ 1940 കളില്‍ നിലനിന്നിരുന്ന 'ചാപ്പ' സമ്പ്രദായത്തിനും മറ്റ് നിയമവിരുദ്ധമായ തൊഴില്‍ സമ്പ്രദായങ്ങള്‍ക്കുമെതിരായ പ്രതിഷേധങ്ങളെ ചുറ്റിപ്പറ്റിയാണ് തുറമുഖത്തിന്റെ കഥ. മട്ടാഞ്ചേരിയില്‍ നിന്നുള്ള മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്, മൈമൂവായി ജോജു എത്തുന്നു.
View this post on Instagram
1920കളില്‍ പുതിയ കൊച്ചി തുറമുഖം നിര്‍മ്മിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേര്‍ ലേബര്‍ കോണ്‍ട്രാക്റ്റര്‍മാരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടുന്നു. കോണ്‍ട്രാക്റ്റര്‍മാരും ശിങ്കിടികളും എറിയുന്ന മെറ്റല്‍ ടോക്കണുകള്‍ക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികള്‍ പരസ്പരം പൊരുതുന്ന ഒരു കാലം.
പിന്നീട് 1940-കളിലേക്കും 50 കളിലേക്കും നീങ്ങുന്ന കഥയില്‍ ഏറെ വളര്‍ന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയന്‍ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികള്‍ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയില്‍, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനില്‍പിനും ഇടയില്‍, പ്രത്യാശക്കും നിരാശക്കും ഇടയില്‍ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് 'തുറമുഖം' എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ഗോപന്‍ ചിദംബരമാണു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Geetu Mohandas, Thuramukham movie, Thuramukham Nivin Pauly