സസ്‌പെൻസും, മാസ്സും, ക്ലാസ്സും നിറഞ്ഞ ഉദ്വേഗഭരിതമായ ട്രെയ്‌ലറുമായി അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'കിംഗ് ഫിഷ്'. ദശരഥ വർമ്മ എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുക. സംവിധായകൻ രഞ്ജിത് ഒരു മുഴുനീള കഥാപാത്രമാവുന്ന ചിത്രം കൂടിയാണിത്. 'അയ്യപ്പനും കോശിയും' സിനിമയിലെ കുര്യന് ശേഷം സംവിധായകൻ രഞ്ജിത് വെള്ളിത്തിരയിലെത്തുന്ന ചിത്രം കൂടിയാവുമിത്.
വി.കെ. പ്രകാശ് സംവിധാനം ചെയ്യാനിരുന്ന ചിതമായിരുന്നു 'കിംഗ് ഫിഷ്'. എന്നാൽ പിന്നീടത് അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. സംവിധായകന്റെ കുപ്പായം അണിയുന്നു എന്ന വാർത്ത അനൂപ് മേനോൻ അറിയിച്ചത് ചുവടെ കാണുന്ന ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു.
"പ്രിയപ്പെട്ടവരേ, ഞാൻ സംവിധായകനാവുന്നുവെന്ന വിവരം നിങ്ങളോടു പങ്കിടുന്നു. കിംഗ് ഫിഷ് ആണ് ചിത്രം. വി.കെ.പി. സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രത്തിൽ ഡേറ്റിന്റെ പ്രശ്നങ്ങൾ കാരണം, ഞാൻ പകരക്കാരനാവുകയാണ്. നിങ്ങൾ ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതുമായ രീതിയിലും ഇത് നിർമ്മിക്കാൻ ഞാൻ ശ്രമിക്കുന്നതാണ്. ഇതിനു മുൻപത്തെ എൻ്റെ തിരക്കഥ, 'എന്റെ മെഴുതിരി അത്താഴങ്ങൾ'ക്ക് നിങ്ങൾ നൽകിയ സ്നേഹത്തിനും നന്ദി പറയുന്നു. അതിനേക്കാളും മികച്ചതാക്കാൻ ശ്രമിക്കുന്നതാവും. സ്നേഹം."
2020 മെയ് മാസത്തിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണിത്. വി.കെ. പ്രകാശ്- അനൂപ് മേനോൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. 'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി' എന്ന സിനിമയിൽ പ്രിയ പ്രകാശ് വാര്യർ നായികയാവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.