ടിപ്പു സുൽത്താൻ്റെ പാഠം NCERT പുസ്തകത്തില്‍ ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കി കേന്ദ്രം

Last Updated:

പ്രാദേശിക വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും കുറിച്ചുള്ള ഉള്ളടക്കങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു

News18
News18
എന്‍സിഇആര്‍ടിയുടെ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ നിന്ന് മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍, ഹൈദര്‍ അലി എന്നിവരെക്കുറിച്ചും ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങളെക്കുറിച്ചുമുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പ്രാദേശിക വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും കുറിച്ചുള്ള കൂടുതല്‍ ഉള്ളടക്കങ്ങള്‍ അവരവരുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ബുധനാഴ്ച രാജ്യസഭയില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ഇക്കാര്യം പറഞ്ഞത്. ''ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലാണ് വിദ്യാഭ്യാസം വരുന്നത്. മിക്ക സ്‌കൂളുകളും സംസ്ഥാന സര്‍ക്കാരുടെ അധികാര പരിധിയിലാണുള്ളത്. അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ അതുപോലെ തന്നെ സ്വീകരിക്കുകയോ പൊരുത്തപ്പെടുത്തുകയോ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അടിസ്ഥാനമാക്കി സ്വന്തമായി പാഠപുസ്തകങ്ങള്‍ വികസിപ്പിക്കുകയോ ചെയ്യാം. പ്രാദേശികമായി പ്രധാന്യമുള്ള വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും കുറിച്ച് കൂടുതല്‍ വിശദമായി നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്'',കേന്ദ്രമന്ത്രി പറഞ്ഞു.
advertisement
എട്ടാം ക്ലാസിലെ പുതിയ പാഠപുസ്തകത്തില്‍ നിന്ന് ടിപ്പു സുല്‍ത്താന്‍, ഹൈദര്‍ അലി, 1700കളിലെ ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങള്‍ എന്നിവയെക്കുറിച്ച് ഒഴിവാക്കിയിട്ടുണ്ടോയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി റിതബ്രതാ ബാനര്‍ജിയാണ് ചോദ്യം ഉന്നയിച്ചത്.
ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിനും 2023-ലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനും അനുസൃതമായി എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം (ഭാഗം 1) പരിഷ്‌കരിച്ചതായി രേഖാമൂലമുള്ള മറുപടിയില്‍ കേന്ദ്രമന്ത്രി അറിയിച്ചു.
advertisement
പുതിയ പാഠപുസ്തകത്തില്‍ നാല് പ്രമേയങ്ങളാണ് ഉള്‍പ്പെടുന്നത്.  ഇന്ത്യയും ലോകവും: ഭൂമിയും ജനങ്ങളും; ഭൂതകാലത്തെ വിവിധ കാര്യങ്ങള്‍; ഭരണവും ജനാധിപത്യവും; നമുക്കുചുറ്റുമുള്ള സാമ്പത്തിക ജീവിതം എന്നിവയാണവ, അദ്ദേഹം പറഞ്ഞു.
''ഈ വിഷയങ്ങളില്‍ ഉള്‍പ്പെടുന്ന വ്യക്തിത്വങ്ങളെ സന്ദര്‍ഭോചിതമായും പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ക്കനുസൃതമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാഠപുസ്തകം പുതിയ പെഡഗോഗിക്കൽ (അധ്യാപനരീതി) സമീപനങ്ങളെപരിചയപ്പെടുത്തുന്നുണ്ട്. പരിഷ്‌കരിച്ച ക്ലാസ് റൂം രീതികള്‍ക്ക് പ്രധാന്യം നല്‍കുന്നു. കൂടാതെ ഒരു കേന്ദ്രീകൃത സിലബസും അവതരിപ്പിച്ചിട്ടുണ്ട്. അനുഭവങ്ങളിലൂടെ കൂടുതല്‍ പര്യവേഷണം ചെയ്യാനും ഫീല്‍ഡ് വര്‍ക്കുകള്‍ ഏറ്റെടുക്കാനും തെളിവുകള്‍ അടിസ്ഥാനമാക്കി കാര്യങ്ങള്‍ മനസ്സിലാക്കാനും ഈ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നു. ചരിത്രാതീത കാലം മുതല്‍ സ്വാതന്ത്ര്യം വരെയുള്ള ഇന്ത്യന്‍ നാഗരികതയുടെ വിശാലമായ സര്‍വെ ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു,'' കേന്ദ്ര മന്ത്രി ചൗധരി വ്യക്തമാക്കി.
advertisement
കഴിഞ്ഞ മാസമാണ് എട്ടാം ക്ലാസിലെ പാഠപുസ്തകം പരിഷ്‌കരിച്ച് പുറത്തിറക്കിയത്. 1857-ലെ കലാപത്തിലേക്ക് നയിച്ച ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ ആദ്യകാല ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ഒരു ഭാഗം ഇതിൽ ഉള്‍പ്പെടുന്നു. സന്യാസി-ഫക്കീര്‍ കലാപം, കോള്‍ പ്രക്ഷോഭം, സന്താള്‍ കലാപം, 1800-കളിലെ വിവിധ കര്‍ഷക പ്രക്ഷോഭങ്ങള്‍ എന്നിവയെക്കുറിച്ചും പാഠപുസ്‌തകത്തില്‍ പരാമര്‍ശിക്കുന്നു.
എന്നാല്‍ ഇതില്‍ നാല് ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങളെക്കുറിച്ചോ ടിപ്പുസുല്‍ത്താന്‍, ഹൈദര്‍ അലി എന്നിവരുടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയ്‌ക്കെതിരായ പോരാട്ടങ്ങളെക്കുറിച്ചോ പ്രതിപാദിക്കുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/India/
ടിപ്പു സുൽത്താൻ്റെ പാഠം NCERT പുസ്തകത്തില്‍ ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കി കേന്ദ്രം
Next Article
advertisement
മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയെ ബാധിച്ചേക്കില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍
മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയെ ബാധിച്ചേക്കില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍
  • 2025 ഒക്ടോബർ 1 മുതൽ യുഎസിലേക്ക് ബ്രാൻഡഡ് മരുന്നുകൾക്ക് 100% തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

  • ഇന്ത്യയുടെ ഫാർമ കയറ്റുമതിയിൽ വലിയ പ്രത്യാഘാതമുണ്ടാകില്ലെന്ന് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

  • ജനറിക് മരുന്നുകൾക്ക് തീരുവ ബാധകമല്ല, ഇന്ത്യയുടെ പ്രധാന കയറ്റുമതി വിഭാഗം ഇതാണ്.

View All
advertisement