സെക്രട്ടേറിയറ്റ് തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാറ്റണമെന്ന് ഭരണപരിഷ്കാര കമ്മീഷന്റെ ശുപാര്‍ശ;സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള സെക്രട്ടേറിയറ്റ് നഗരഹൃദയത്തില്‍നിന്ന് മാറ്റണമെന്ന ശുപാര്‍ശ 2021 മാര്‍ച്ചിലാണ് ഭരണപരിഷ്കാര കമ്മിഷന് മുന്നോട്ടുവെച്ചത്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് മന്ദിരം നഗരഹൃദയത്തില്‍ നിന്ന് മാറ്റുന്നതടക്കമുള്ള പരിഷ്കരണങ്ങളെ കുറിച്ച് പഠിക്കാനൊരുങ്ങി സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ചെയര്‍മാനായ ഭരണപരിഷ്കാര കമ്മിഷന് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ ചെയര്‍മാനായി അഞ്ചംഗസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭരണപരിഷ്കാര കമ്മിഷന്, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്, ശമ്പളപരിഷ്കരണ കമ്മിഷന് തുടങ്ങിയവ സെക്രട്ടേറിയറ്റിലെ ഭരണനിര്‍വഹണം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. സെക്രട്ടേറിയറ്റിലെ അധികാരത്തട്ടുകള്‍ കുറയ്ക്കുക, സെക്രട്ടേറിയറ്റില്‍നിന്ന് ഡയറക്ടറേറ്റുകളിലേക്കുള്ള ഫയലുകള്‍ തത്തുല്യ തസ്തികയില്‍ മാത്രം കൈകാര്യംചെയ്യുക, സ്ഥാനക്കയറ്റത്തിന് ജോലിയിലെ മികവ് അടിസ്ഥാനമാക്കുക, ജോലിഭാരം പുനര്‍നിര്‍ണയിച്ച് ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടത്തുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ ഇവര്‍ മുന്നോട്ടുവെച്ചിരുന്നു.
advertisement
ഇവയെല്ലാം വിലയിരുത്തി ഉടനടി ചെയ്യേണ്ടത്, സമീപഭാവിയില്‍ ചെയ്യേണ്ടത്, കൂടുതല്‍ സമയമെടുത്ത് നടപ്പാക്കേണ്ടത് എന്നിങ്ങനെ തരംതിരിച്ച് ശുപാര്‍ശ നല്‍കാനാണ് സമിതിയോട് നിര്‍ദേശിച്ചത്. മൂന്നുമാസമാണ് സമിതിയുടെ കാലാവധി. മാനേജ്മെന്റ് ഉപദേശങ്ങള്‍ക്ക് കോഴിക്കോട്ടെ ഐ.ഐ.എമ്മിന്റെ സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള സെക്രട്ടേറിയറ്റ് നഗരഹൃദയത്തില്‍നിന്ന് മാറ്റണമെന്ന ശുപാര്‍ശ 2021 മാര്‍ച്ചിലാണ് ഭരണപരിഷ്കാര കമ്മിഷന് മുന്നോട്ടുവെച്ചത്. പാളയത്തുനിന്ന് അഞ്ച് കിലോമീറ്ററെങ്കിലും അകലെയായിരിക്കണം പുതിയകെട്ടിടം. കൊച്ചുവേളി, കാര്യവട്ടം, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളും ഇതിനായി നിര്‍ദേശിച്ചു. തായ് കെട്ടിടവും പിന്നീട് കൂട്ടിച്ചേര്‍ത്ത നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളും നവീകരിക്കണം.
advertisement
ഇരുവശത്തായും തായ് കെട്ടിടത്തെയും ഇരു ബ്ലോക്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാന്ഡ്വിച്ച് ബ്ലോക്കുകള്‍ പൊളിക്കണം. സെക്രട്ടേറിയറ്റ് വളപ്പിനുപുറത്ത് അനക്സായി നിര്‍മിച്ച രണ്ട് കെട്ടിടങ്ങള്‍ വിവിധ കമ്മിഷനുകള്‍ക്ക് ഓഫീസാക്കാം. സെക്രട്ടേറിയറ്റിനുചുറ്റും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സും മാളുകളും ക്രമീകരിക്കാമെന്നും കമ്മിഷന് നിര്‍ദേശിച്ചിരുന്നു.
1865-ല്‍ തിരുവിതാംകൂര്‍ രാജാവ് ആയില്യം തിരുനാളാണ് മന്ദിരത്തിന് തറക്കല്ലിട്ടത്. ആര്‍ക്കിടെക്ട് വില്യം ബാര്‍ട്ടണായിരുന്നു നിര്‍മ്മാണത്തിന്റെ ചുമതല. 1869-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 1933-ല്‍ പുതിയ കെട്ടിടത്തിന്റെ പണിതുടങ്ങി. 39-ല്‍ ദിവാന് സി.പി. രാമസ്വാമി അയ്യര്‍ ഉദ്ഘാടനം ചെയ്തു.1949-ല്‍ സെക്രട്ടേറിയറ്റായി പുനര്‍നാമകരണം ചെയ്തു.1939 മുതല്‍ 1998 വരെ നിയമസഭയും ഈ സമുച്ചയത്തിലായിരുന്നു.
advertisement
സൗത്ത് ബ്ലോക്ക് 1961-ലും സൗത്ത് സാന്ഡ്വിച്ച് ബ്ലോക്ക് 1971-ലും നോര്‍ത്ത് സാന്ഡ്വിച്ച് ബ്ലോക്ക് 1974-ലും നോര്‍ത്ത് ബ്ലോക്ക് 1982-ലും പൂര്‍ത്തിയായി. അനക്സ് ഒന്ന് 1995-ലും അനക്സ് രണ്ട് 2016-ലുമാണ് നിര്‍മിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2022 11:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സെക്രട്ടേറിയറ്റ് തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാറ്റണമെന്ന് ഭരണപരിഷ്കാര കമ്മീഷന്റെ ശുപാര്‍ശ;സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു