പരമ സാത്വികൻ ചമയുന്ന കുമ്മനത്തിന്റെ പഴയകാലം കേരളം മറന്നുവെന്ന് കരുതരുത്; കടകംപള്ളി സുരേന്ദ്രൻ

Last Updated:

വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് ഫലം കുമ്മനത്തിനുള്ള മറുപടിയായിരിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനും ബിജെപി നേതാവ് കുമ്മനം രാജശേഖരനും തമ്മിലുള്ള വാക്പോര് തുടരുന്നു. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇരുവരും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ ആരംഭിച്ചത്. വീണ്ടും കുമ്മനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കടകംപള്ളി സുരേന്ദ്രൻ.
കുമ്മനത്തിന് ഫുഡ്കോർപ്പറേഷനിലെ ജോലി രാജിവെക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് തനിക്കറിയാമെന്ന് കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു. കുമ്മനം ജോലി രാജിവെച്ചത് പൊതു പ്രവർത്തനത്തിന് വേണ്ടിയായിരുന്നില്ലെന്നും വർഗീയ പ്രചരണത്തിന് വേണ്ടിയായിരുന്നു വെന്നും കടകംപള്ളി പോസ്റ്റിൽ ആരോപിക്കുന്നു. ഇന്ന് പരമ സാത്വികൻ ചമയുന്ന കുമ്മനത്തിന്റെ പഴയ കാലം കേരളം മറന്നുവെന്ന് കരുതരുതെന്നും കടകംപള്ളി വ്യക്തമാക്കി. വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് ഫലം കുമ്മനത്തിനുള്ള മറുപടിയായിരിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
advertisement
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.....
ശ്രീ. കുമ്മനം രാജശേഖരൻ ഉന്നയിച്ച വാസ്തവ വിരുദ്‌ധമായ ആരോപണത്തിന് മറുപടി പറഞ്ഞപ്പോൾ പരിഹാസം കടന്നുവന്നതിന് പരസ്യമായി തന്നെ ഞാൻ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, താങ്കൾ എനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾ എല്ലാം അംഗീകരിച്ചുകൊണ്ടല്ല അത്‌. ‌ താങ്കൾ മനസിലാക്കാൻ കുറച്ച് കാര്യങ്ങൾ ഉണ്ട്.
അങ്ങ് ഫുഡ് കോർപ്പറേഷനിലെ ജോലി രാജി വെക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് എനിക്കറിയാം. ഈ ജോലി രാജി വെച്ചതിന് ശേഷം പൊതുപ്രവർത്തനത്തിന് അല്ല വർഗ്ഗീയ പ്രചാരണത്തിനാണ് താങ്കൾ തുടക്കമിട്ടത്. രണ്ടും രണ്ടാണ്. അതേസമയം വിദ്യാർത്ഥിയായിരിക്കേ തന്നെ കുട്ടികൾക്ക് ക്ളാസെടുത്ത് തുടങ്ങിയതാണ് ഞാൻ. പിന്നീട് ഒരു ട്യൂട്ടോറിയൽ കോളേജിലെ അധ്യാപകനായിരുന്ന ഞാൻ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പൊതുപ്രവർത്തനത്തിലേക്ക് എത്തുകയായിരുന്നു.
advertisement
ഇന്ന് പരമ സാത്വികൻ ചമയുന്ന കുമ്മനത്തിന്റെ പഴയ കാലം കേരളം മറന്നുവെന്ന് കരുതരുത്. മാറാട് കലാപം ആളിക്കത്തിക്കാന്‍ വേണ്ടി താങ്കള്‍ നടത്തിയ ശ്രമങ്ങള്‍ ആരും മറന്നിട്ടില്ല. മാറാട് കലാപത്തിന്റെ കാരണക്കാരെ സിബിഐ അന്വേഷിച്ചു കണ്ടെത്തുന്നതിന് തടസം നിന്നതിന്റെ കാരണവും അതായിരുന്നല്ലോ. മാറാട് കലാപത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകന്റെ അമ്മ സമർപ്പിച്ച ഹർജി പിൻവലിപ്പിച്ചതിന് മുസ്ളീംലീഗുമായി ഒത്തുകളി നടത്തിയത്‌ ആരായിരുന്നുവെന്നത് എല്ലാവരും മറന്നെന്ന് ധരിക്കേണ്ട.
advertisement
കുമ്മനം പഴയ ചില പരിപാടികളെ കുറിച്ച് പരാമർശിച്ച് കണ്ടു. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മിത്രാനന്ദപുരം കുളം ഒന്നരക്കോടി രൂപ ചെലവിൽ നവീകരിച്ചത് സംസ്ഥാന സർക്കാർ ആണ്. ആ വേദിയിൽ എന്തെങ്കിലും പ്രസക്തി താങ്കൾക്ക് ഉണ്ടായിരുന്നില്ല. കൊച്ചി മെട്രോയെ കുറിച്ച് വീണ്ടും പറഞ്ഞത് കണ്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് മാത്രമായിരുന്നു താങ്കളന്ന്. അവിടെ ആരെങ്കിലും ക്ഷണിച്ചാൽ പോലും പ്രോട്ടോക്കോൾ ലംഘിച്ച് കയറി ഇരിക്കുന്നത് മര്യാദകേടും വില കുറഞ്ഞ രാഷ്ട്രീയ അഭ്യാസവുമാണെന്ന നിലപാടാണ് എനിക്കുള്ളത്. ഒരുദാഹരണം പറയാം, മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കയറി ഇരിക്കാറുണ്ടോ? ഔചിത്യ ബോധം എന്ന ഒന്നുണ്ട്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിലും പങ്കാളിയല്ലാത്ത, ജനപ്രതിനിധിയുമല്ലാത്ത ഒരാൾ അത്തരമൊരു പരിപാടിയിൽ കയറി ഇരിക്കുന്നതിനെ ആണ് ഞാൻ വിമർശിച്ചത്. അങ്ങയുടെ ആ കാട്ടായത്തിന് കുമ്മനടി എന്ന പ്രയോഗം വന്നു ചേർന്നത് എന്റെ തെറ്റല്ല. പക്ഷേ, കഴിഞ്ഞ പോസ്റ്റിൽ കുമ്മനടി എന്ന് ഞാൻ ഉപയോഗിച്ചത് ശരിയായില്ല. അതിൽ ഖേദം പ്രകടിപ്പിച്ചത് ആത്മാർത്ഥമായാണ്.
advertisement
ഞാൻ മാസപ്പടി വാങ്ങിയെന്ന മട്ടിൽ അതിസമർത്ഥമായി പരോക്ഷ ആരോപണം ഉന്നയിച്ചത് കണ്ടു. വിജിലൻസ് പ്രത്യേക കോടതി ഒരു തെളിവും ഇല്ലെന്ന് കണ്ട് എന്നെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയ കേസ് തന്നെയാണ് അങ്ങ് കുബുദ്ധിയോടെ വീണ്ടും വലിച്ചിട്ടത്. ആ കേസിൽ ഞാൻ കുറ്റക്കാരൻ ആയിരുന്നെങ്കിൽ ഇന്ന് ജനങ്ങൾ നൽകിയ മന്ത്രി കസേരയിൽ എനിക്ക് ഇരിക്കാനാകുമായിരുന്നില്ല. ആ കേസിൽ ഞാൻ കുറ്റക്കാരനല്ലെന്ന് ജനകീയ കോടതിയും വിധിച്ചതാണ്. തെറ്റുകാർക്ക് എതിരെ പദവി നോക്കാതെ പാർട്ടി നടപടി എടുത്തിട്ടുണ്ട്. ആ വിഷയത്തിൽ എനിക്കൊരു പങ്കുമില്ല. പാർട്ടി നടത്തിയ അന്വേഷണത്തിലും എന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതാണ്. പാർട്ടി എന്നെ താക്കീത് ചെയ്യുക പോലും ചെയ്തിട്ടില്ലെന്നത് അറിയാതെയാകും പഴകി തേഞ്ഞ ആരോപണം ആക്ഷേപിക്കാൻ താങ്കൾ ഉപയോഗിച്ചത്. അത് പിൻവലിക്കാനുള്ള ധാർമ്മികത അങ്ങ് കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
advertisement
കുമ്മനം രാജശേഖരൻ പരാജയഭീതിയിൽ മത്സര രംഗത്ത് നിന്ന് പിന്മാറിയെന്ന് ഞാൻ ആരോപിച്ചിട്ടില്ല. താങ്കൾ മത്സരിച്ചിരുന്നെങ്കിലും പ്രശാന്തിനോട് പരാജയപ്പെടും എന്ന കാര്യത്തിൽ എനിക്ക്‌ സംശയമില്ല. പരാജയഭീതിയിൽ മത്സര രംഗത്ത് നിന്ന് പിന്മാറിയെന്ന കഥ പ്രചരിക്കുന്നതിനിടയിൽ എന്നാണ് ഞാൻ പറഞ്ഞത്. എല്ലാത്തിനും മറുപടി പറഞ്ഞപ്പോൾ താങ്കളെ സ്ഥാനാർഥി സ്ഥാനത്ത് നിന്നും വെട്ടിമാറ്റി എന്നതിനെ കുറിച്ച് മൗനം പാലിച്ചതെന്തേ?
ഗുരുവായൂരപ്പന്റെ സന്നിധിയിൽ മാത്രമല്ല, മറ്റുപല ക്ഷേത്രങ്ങളിലും പോവുകയും അവിടത്തെ മര്യാദകൾ പാലിച്ച് കൈ കൂപ്പുകയും ചെയ്യുന്നുണ്ട്. ഗുരുവായൂരിൽ കൈ കൂപ്പിയതിന്റെ പേരിൽ എന്നെ ആരും പാർട്ടിയിൽ വിലക്കിയിട്ടില്ല.
advertisement
നട്ടാൽ കുരുക്കാത്ത നുണകൾ പറഞ്ഞു പഴക്കം താങ്കൾക്കും താങ്കളുടെ പാർട്ടിക്കാർക്കും തന്നെയാണ്. സഹകരണ ബാങ്കിൽ എനിക്ക് കോടികളുടെ നിക്ഷേപം ഉണ്ടെന്നും അത് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നുമുള്ള ഉണ്ടായില്ലാ വെടി ഉന്നയിച്ചത് താങ്കളുടെ പാർട്ടിക്കാരൻ തന്നെയാണല്ലോ. അതിന്റെ സത്യാവസ്ഥ താങ്കൾക്കും താങ്കളുടെ പാർട്ടിക്കാർക്കും ബോധ്യപ്പെട്ടത്‌ കൊണ്ടാകാം ഇപ്പോഴത്‌ മിണ്ടാത്തത്?
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ കേസ് കൊടുത്തത് താങ്കളുടെ സംഘടനയിൽപെട്ട സ്ത്രീകൾ ആണെന്ന് ലോകം അറിഞ്ഞതാണ്. പ്രേരണാകുമാരി അടക്കമുള്ളവരുടെ ബിജെപി ബന്ധം തുറന്നുപറയാൻ ആർജവം ഇല്ലാത്തത് എന്തുകൊണ്ടാണ് ? ശബരിമല വിഷയത്തിൽ നിങ്ങളുടെ ആത്മാർത്ഥത കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു. സുപ്രീം കോടതി വിധി മറികടക്കുന്നതിന് നിയമനിർമ്മാണം നടത്തുമന്ന് പറഞ്ഞു വോട്ട് പിടിച്ച നിങ്ങൾ പിന്നീട് അതേകുറിച്ച് എന്തെങ്കിലും മിണ്ടിയിട്ടുണ്ടോ? നിയമനിർമാണത്തിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് ഞാൻ.
വട്ടിയൂർക്കാവിൽ പ്രശാന്ത് വിജയിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പ്രശാന്തിനെ മാറ്റി എന്റെ ബന്ധുവിനെ മേയറാക്കാൻ പോകുന്നു എന്നുള്ള വിലകുറഞ്ഞ ആരോപണം താങ്കൾ ഉപയോഗിച്ചു. വട്ടിയൂർക്കാവിൽ പ്രശാന്ത് ജയിക്കും. അപ്പോൾ പുതിയ മേയർ ഉണ്ടാവും. പുതിയ മേയറെ തീരുമാനിക്കുന്നത് ഞാനോ എന്റെ കുടുംബമോ അല്ല, ഞങ്ങളുടെ പാർട്ടിയാണ്. കഴക്കൂട്ടത്ത് മാത്രമല്ല കേരളത്തിലെ 140 സീറ്റുകളിൽ ഒന്നിൽ പോലും അവകാശവാദം ഉന്നയിക്കുന്നവരുടെ പാർട്ടിയല്ല ഞങ്ങളുടേത്.
എല്ലാക്കാലവും മന്ത്രിയും ജനപ്രതിനിധിയും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാൻ. പതിറ്റാണ്ടുകൾക്ക് മുമ്പ് എം എൽ എ ആയിരുന്നിട്ടും തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനിന്ന് ഏറെക്കാലം പാർട്ടിയെ നയിക്കുക എന്ന ഉത്തരവാദിത്തം ആണ് ഞാൻ കൂടുതൽ നിർവഹിച്ചിട്ടുള്ളത്.
വട്ടിയൂർക്കാവിൽ തന്നെ വെട്ടി സ്ഥാനാർഥി ആയ ബി ജെ പി ജില്ലാ പ്രസിഡന്റിനെ മൂന്നാം സ്ഥാനത്തെത്തിക്കാൻ യുഡിഎഫിന് വോട്ട് നൽകാൻ താങ്കൾ നീക്കം നടത്തുന്നു എന്ന് എന്നോട് പറഞ്ഞത് നിങ്ങളുടെ പാർട്ടിയിലെ പ്രമുഖനായ നേതാവാണ്. അത് എന്റെ ആരോപണമായി ഞാൻ ഉന്നയിക്കാത്തത് വഴിയിൽ കേൾക്കുന്നത് വിളിച്ചു പറയുന്ന ശീലം എനിക്കില്ലാത്തത് കൊണ്ടാണ്‌. തർക്കത്തിന് സമയക്കുറവുണ്ട്. വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് ഫലം അങ്ങയ്ക്കുള്ള നല്ല മറുപടിയാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പരമ സാത്വികൻ ചമയുന്ന കുമ്മനത്തിന്റെ പഴയകാലം കേരളം മറന്നുവെന്ന് കരുതരുത്; കടകംപള്ളി സുരേന്ദ്രൻ
Next Article
advertisement
'എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതെന്തിന്'; സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
'എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതെന്തിന്'; സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
  • ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു

  • ഉണ്ണികൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു

  • പ്രതികളുടെ ജാമ്യഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി വിമർശനം ഉന്നയിച്ചത്

View All
advertisement