ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: 80:20 അനുപാതം പുനഃക്രമീകരിക്കുമെന്ന് സർക്കാർ
- Published by:Anuraj GR
- news18-malayalam
Last Updated:
ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളർഷിപ്പ് അനുവദിക്കും
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള 80:20 അനുപാതം പുനഃക്രമീകരിക്കാന്‍ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു.
ധനസഹായം
തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത തടവുകാരന്‍ സജിത്തിന്‍റെ കുടുംബത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന വ്യവസ്ഥയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്ന ഉത്തരവില്‍ ഭേദഗതി
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് മാറ്റിവെച്ച വിഹിതം തിരികെ നല്‍കി പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തും. ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ വരുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തിരികെ നല്‍കുന്ന മാറ്റിവെച്ച ശമ്പളത്തില്‍ നിന്ന് ജീവനക്കാരന്‍റെ ദേശീയ പെന്‍ഷന്‍ പദ്ധതി വിഹിതം കുറവു ചെയ്യേണ്ടതില്ല എന്ന് ഫെബ്രുവരി 26 ലെ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിഷ്കര്‍ഷിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും.
advertisement
പോലീസ് മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ 49 തസ്തികകള്‍
കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഓഫീസുകളുടെയും വനിതാ ബറ്റാലിയന്‍റെയും സുഗമമായ പ്രവര്‍ത്തനത്തിന് സംസ്ഥാന പോലീസിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ 49 തസ്തികകള്‍ സൃഷ്ടിക്കും. ക്രൈംബ്രാഞ്ചില്‍ നിലവിലുള്ള അഞ്ച് ജൂനിയര്‍ സൂപ്രണ്ട് തസ്തികകള്‍ സീനിയര്‍ സൂപ്രണ്ട് തസ്തികകളായി ഉയര്‍ത്തും.
നിയമസഭാ സമ്മേളനം ജൂലൈ 22 മുതല്‍
15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 21 മുതല്‍ ചേരാനിരുന്ന സഭാ സമ്മേളനം ബക്രീദ് പ്രമാണിച്ച് മാറ്റുകയായിരുന്നു.
advertisement
അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള മാര്‍ഗരേഖ അംഗീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട അതി ദരിദ്രരെ കണ്ടെത്തുന്നതിന് തയ്യാറാക്കിയ മാര്‍ഗരേഖ അംഗീകരിച്ചു. നാലര മാസത്തിനുള്ളില്‍ ഇതിന്റെ സര്‍വ്വേ പൂര്‍ത്തീകരിക്കും. പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഗ്രാമവികസന കമ്മീഷണറേറ്റിലെ അഡീഷണല്‍ ഡവലപ്പ്മെന്‍റ് കമ്മീഷണര്‍ സന്തോഷ് കുമാറിനെ സംസ്ഥാനതല നോഡല്‍ ഓഫീസറായി നിശ്ചയിച്ചു.
ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും വിട്ടുപോയതുമായ പരമദരിദ്രരെ കണ്ടെത്തി അവര്‍ക്ക് വരുമാനം ആര്‍ജിക്കാനുള്ള പദ്ധതികളും അത് പറ്റാത്തവര്‍ക്ക് ഇന്‍കം ട്രാന്‍സ്ഫര്‍ പദ്ധതികളും മൈക്രോ പ്ലാനുകളിലൂടെ ആവിഷ്ക്കരിച്ചു നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2021 4:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: 80:20 അനുപാതം പുനഃക്രമീകരിക്കുമെന്ന് സർക്കാർ