വർണാഭമായ കലാരൂപങ്ങളോടെ ഗദ്ദിക 2025 ആറാം ദിനം
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
ഗദ്ദികയുടെ ആറാം ദിവസത്തെ പ്രധാന ആകർഷണം പാരമ്പര്യ കലാമേളകളായിരുന്നു.
വർണ്ണാഭമായ കാഴ്ചകളും ആഹ്ലാദാരവങ്ങളും കൊണ്ട് ഉത്സവ പ്രതീതി ഉണർത്തി ഗദ്ദിക 2025 ൻ്റെ ആറാം ദിനം. കേരളത്തിൻ്റെ നാനാ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനസാഗരം ഗോത്രകലകളുടെയും പാരമ്പര്യത്തിൻ്റെയും ആഘോഷത്തിന് സാക്ഷ്യം വഹിച്ചു. മേളയിൽ ഒരുക്കിയ വിവിധ സ്റ്റാളുകൾ ജനങ്ങളെ ആകർഷിച്ചു. ഓരോ സ്റ്റാളും തനതായ ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും കൊണ്ട് സമ്പന്നമായിരുന്നു. ഗോത്ര ചികിത്സാരീതികൾ, പരമ്പരാഗത ഭക്ഷണങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, ഔഷധ സസ്യങ്ങൾ, മരുന്നുകൾ തുടങ്ങിയവയെല്ലാം ഈ സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്. ആളുകൾ സ്റ്റാളുകൾ സന്ദർശിക്കുകയും ഗോത്രവർഗ്ഗ ഉത്പന്നങ്ങൾ നേരിട്ട് കണ്ടറിയുകയും വാങ്ങുകയും ചെയ്തു. ഗദ്ദികയുടെ ആറാം ദിവസത്തെ പ്രധാന ആകർഷണം പാരമ്പര്യ കലാമേളകളായിരുന്നു. ഗദ്ദിക, പളിയനൃത്തം, കൊറഗ നൃത്തം, പാട്ടുവഴി, കാഞ്ഞൂർ നാട്ടുപൊലിമ തുടങ്ങിയ കലാരൂപങ്ങൾ വേദിയിൽ അരങ്ങേറി.
ഓരോ കലാരൂപവും ആദിവാസി സമൂഹങ്ങളുടെ ജീവിതരീതി, വിശ്വാസങ്ങൾ, ആചാരങ്ങൾ എന്നിവയുടെ പ്രതിഫലനമായിരുന്നു. ഗദ്ദികയുടെ വേദിയിൽ അടിസ്ഥാന ജനവിഭാഗങ്ങളും നിയമസംരക്ഷണവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഗവ. പ്ലീഡർ അഡ്വ. കെ. കെ. പ്രീത വിഷയാവതരണം നടത്തി. ഗദ്ദികയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കവി വിനോദ് വൈശാഖി വിശിഷ്ടാതിഥിയായി. കൊച്ചി കോർപ്പറേഷൻ കൗൺസിലർ വി. വി. പ്രവീൺ, അസിസ്റ്റൻ്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ. പി. ശെെലേഷ്, പിന്നാക്ക വിഭാഗം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷബ്നാ റാഫി, ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 06, 2025 3:49 PM IST