KNA Khader| 'ഗുരുവായൂരിൽ വിലക്കെന്ത്? മുസ്ലീം ലീഗ് നേതാവ് കെ.എൻ.എ ഖാദർ സംഘപരിവാർ സ്ഥാപന വേദിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുറത്ത് നിന്ന് കാണിക്ക അര്‍പ്പിക്കാനെ കഴിഞ്ഞുള്ളുവെന്നും അകത്ത് കയറാന്‍ സാധിച്ചിട്ടില്ല, എന്നാൽ വടക്കേയിന്ത്യയിൽ നിരവധി ക്ഷേത്രങ്ങളില്‍ പോകാന്‍ സാധിച്ചിട്ടുണ്ടെന്നും കെഎൻഎ ഖാദർ പറഞ്ഞു.
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എൻ.എ ഖാദർ സംഘപരിവാർ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിൽ. കോഴിക്കോട് ചാലപ്പുറത്ത് കേസരി മാധ്യമ പഠന കേന്ദ്ര ക്യാമ്പസില്‍ ധ്യാനബുദ്ധ പ്രതിമയുൾപ്പെടുന്ന സ്‌നേഹബോധി അങ്കണത്തിന്റെ അനാച്ഛാദന ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥിയായിരുന്ന ഗുരുവായൂരിലെ ക്ഷേത്രത്തിന്റെ പുറത്ത് നിന്ന് കാണിക്ക അര്‍പ്പിക്കാനെ തനിക്ക് കഴിഞ്ഞുള്ളുവെന്നും അകത്ത് കയറാന്‍ സാധിച്ചിട്ടില്ലെന്നും കെഎൻഎ ഖാദർ പറഞ്ഞു. വടക്കേയിന്ത്യയിൽ ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ തനിക്ക് പോകാന്‍ സാധിച്ചിട്ടുണ്ട്. ഇവിടെ പോകാന്‍ സാധിക്കില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ട്.
എന്തുകൊണ്ടാണ് തനിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാൻ കഴിയാത്തത് എന്ന് സംഘപരിവാർ സൈദ്ധാന്തികനും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാറിനോട് കെഎൻഎ ഖാദർ ചോദിച്ചു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നതാണ് രാജ്യത്തിന്റെ ആശയമെന്ന് നന്ദകുമാർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞിരുന്നു. ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ച് ജെ.നന്ദകുമാര്‍ നടത്തിയ പ്രസംഗത്തെ പരാമർശിച്ചായിരുന്നു ഖാദറിന്റെ പ്രസംഗം.
advertisement
ശ്രീബുദ്ധനെപ്പോലുള്ള മഹാത്മാക്കളെ സൃഷ്ടിക്കാൻ ഭാരതീയ സംസ്‌കാരത്തിനേ സാധിക്കൂ എന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രൺജി പണിക്കർ പറഞ്ഞു. സ്‌നേഹബോധിയുടെ അനാച്ഛാദനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീബുദ്ധൻ മാത്രമല്ല, സ്വാമി വിവേകാനന്ദനും മഹാത്മാഗാന്ധിയുമെല്ലാം ഭാരതസംസ്‌കാരത്തിൽ മാത്രം സൃഷ്ടിക്കപ്പെടുന്ന മഹത്തുക്കളാണ്. മനുഷ്യത്വത്തിന്റെ ഈശ്വരസാക്ഷാത്കാരങ്ങളാണ് ഇത്തരം വ്യക്തികളെന്നും രൺജി പണിക്കർ പറഞ്ഞു.
advertisement
ഭാരതീയദർശനത്തെ ബുദ്ധദർശനം നശിപ്പിച്ചു എന്നൊക്കെയുള്ള പ്രചാരണം തെറ്റാണെന്ന് ജെ. നന്ദകുമാർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. നിലവിലുള്ള ഭാരതീയ ദർശനത്തെ ബൗദ്ധദർശനം കൂടുതൽ ശരിയിലേക്ക് നയിക്കുകയാണുണ്ടായത്. ഭാരതീയ ദർശനങ്ങൾ ഒരിക്കലും ശരിയിൽ നിന്ന് തെറ്റിലേക്ക് സഞ്ചരിച്ചിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു.

സ്‌നേഹബോധിയുടെ പശ്ചാത്തലമായുളള ചുവർശിൽപത്തിന്റെ അനാച്ഛദനം കെ.എൻ.എ. ഖാദർ നിർവ്വഹിച്ചു.
ആർട്ടിസ്റ്റ് മദനൻ, ശിൽപി സുനിൽ തേഞ്ഞിപ്പലം എന്നിവർ സംസാരിച്ചു. ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാർ അധ്യക്ഷനായി. കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു സ്വാഗതവും ഡെപ്യൂട്ടി എഡിറ്റർ സി.എം. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
advertisement
മുസ്‌ലീം ലീഗ് ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എംഎല്‍എയുമായ കെ.എന്‍.എ ഖാദര്‍ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തത് ലീഗിനുള്ളിൽ കോളിളക്കം സൃഷ്ടിക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 21, 2022 10:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KNA Khader| 'ഗുരുവായൂരിൽ വിലക്കെന്ത്? മുസ്ലീം ലീഗ് നേതാവ് കെ.എൻ.എ ഖാദർ സംഘപരിവാർ സ്ഥാപന വേദിയിൽ







