ജീവനൊടുക്കിയ കോൺഗ്രസ് നേതാവിന്റെ കുറിപ്പിൽ ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനുമെതിരെ ഗുരുതര പരാമർശം
- Published by:Rajesh V
- news18-malayalam
Last Updated:
എൻ എം വിജയന്റേതെന്ന് പറയുന്ന കത്തിലെ കൈയക്ഷരം പരിശോധിക്കണമെന്ന് ഐ സി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ജീവനൊടുക്കുന്നതിന് മുമ്പ് എഴുതിയ കത്തുകൾ പുറത്ത്. നാല് കത്തുകളാണ് കണ്ടെത്തിയത്. ഐ സി ബാലകൃഷ്ണൻ എംഎല്‍എയ്ക്കും വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനുമെതിരെ ഗുരുതര പരാമർശങ്ങളാണ് കത്തിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ളവർക്കാണ് കത്തെഴുതിയത്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് കത്തിലുള്ളത്. അരനൂറ്റാണ്ട് പാർട്ടിക്ക് വേണ്ടി ജീവിതം തുലച്ചെന്നും, പണം വാങ്ങാൻ കോൺഗ്രസ് എംഎൽഎ നിർദേശിച്ചെന്നും കത്തിൽ പറയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേതൃത്വത്തിന്റെ അറിവോടെയാണ് പണം വാങ്ങിയത്. എന്നാൽ പ്രശ്നമുണ്ടായപ്പോൾ നേതാക്കൾ കൈയൊഴിഞ്ഞുവെന്നും കത്തിലുണ്ട്. എന്ത് സംഭവിച്ചാലും പാർട്ടി നേതൃത്വത്തിനാണ് ഉത്തരവാദിത്തമെന്നും കത്തിലുണ്ട്.
അതേസമയം, എൻ എം വിജയന്റേതെന്ന് പറയുന്ന കത്തിലെ കൈയക്ഷരം പരിശോധിക്കണമെന്ന് ഐ സി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കത്തിൽ സംശയമുണ്ടെന്നും സി പി എം രാഷ്ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഐ സി ബാലകൃഷ്ണൻ സത്യസന്ധനായ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഡിസംബർ 24നാണ് വിജയനെയും മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജിജേഷിനെയും വീടിനുള്ളിൽ വിഷം ഉളളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. വീട്ടിലുളളവർ അമ്പലത്തിൽ പോയപ്പോഴായിരുന്നു കീടനാശിനി കഴിച്ചത്. ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. സാമ്പത്തിക ബാധ്യത മൂലമാണ് വിജയൻ ആത്മഹത്യ ചെയ്തതെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കത്ത് പുറത്തുവന്നിരിക്കുന്നത്.
രണ്ട് ബാങ്കുകളിലായി വിജയന് ഒരു കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ ബാധ്യത എങ്ങനെ ഉണ്ടായെന്ന് പരിശോധിക്കുകയാണ്. ഇതിനായി 14 ബാങ്കുകളിൽ നിന്ന് അന്വേഷണസംഘം വിവരം തേടി.
advertisement
വിജയനടക്കുമുളളവർക്കെതിരെ ബാങ്ക് നിയമനക്കോഴയിൽ അമ്പലവയൽ സ്വദേശി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ബത്തേരി കാർഷിക ഗ്രാമവികസന ബാങ്കിൽ ജോലി ലഭിക്കാൻ മുൻ പ്രസിഡന്റ് കെ കെ ഗോപിനാഥന് മൂന്ന് ലക്ഷം നൽകിയെന്നായിരുന്നു പരാതി. കോൺഗ്രസ് നേതാക്കളായ സി ടി ചന്ദ്രനും കെ എം വർഗീസും സാക്ഷികളായി ഒപ്പിട്ടുവെന്നും പരാതിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
January 06, 2025 5:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജീവനൊടുക്കിയ കോൺഗ്രസ് നേതാവിന്റെ കുറിപ്പിൽ ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനുമെതിരെ ഗുരുതര പരാമർശം