K Rail Protest | കോഴിക്കോടും പ്രതിഷേധം; കല്ലായിയിൽ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പൊലീസ് മര്‍ദനമേറ്റു
- Published by:Jayashankar Av
- news18-malayalam
Last Updated:
ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് പൊലീസും ഉദ്യോഗസ്ഥരും കല്ലിടലിനെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നിക്കിയാണ് കല്ലിടല്‍ നടത്തിയത്.
കോഴിക്കോട്: സില്‍വര്‍ലൈന്‍ (K Rail) കല്ലിടലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. കോഴിക്കോട് (Kozhikode) കല്ലായിയിൽ കല്ലിടല്‍ തടയാന്‍ എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസ് (Police) മര്‍ദനം. വനിതാ പൊലീസ് ഇല്ലാതെ പുരുഷ പൊലീസ് സ്ത്രീ ലാത്തികൊണ്ട് അടിച്ചതായി പരാതിയുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിയതായാണ് വിവരം.
ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് പൊലീസും ഉദ്യോഗസ്ഥരും കല്ലിടലിനെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നിക്കിയാണ് കല്ലിടല്‍ നടത്തിയത്. കല്ലിട്ടെങ്കിലും നിമിഷങ്ങള്‍ക്കകം പ്രദേശവാസികള്‍ പിഴുതെറിഞ്ഞതായാണ് വിവരം.
അതേ സമയംചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.യുഡിഎഫും ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമുതൽ മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പ്രതിഷേധമാണ് പൊലീസുകാരുമായുള്ള സംഘർഷത്തിലേക്ക് നയിച്ചത്. പ്രതിഷേധവുമായി മുന്നോട്ട് പോയ നാട്ടുകാർക്ക് നേരെ പൊലീസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് നടുറോഡിലൂടെ വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരെയാണ് തൃക്കൊടിത്താനം പൊലിസ് അറസ്റ്റ് ചെയ്തത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.
advertisement
കെറെയില്‍ കല്ലിടാനെത്തിയ സംഘത്തിന് നേരെ മനുഷ്യശൃംഖല തീർത്തായിരുന്നു രാവിലെ മുതൽ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. നാട്ടുകാർ റോഡ് ഉപരോധിച്ചു. കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയിൽ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. കല്ലുമായെത്തിയ വാഹനം തുടർന്ന് തിരികെപ്പോകേണ്ടതായി വന്നു. മനുഷ്യശൃംഖല തീർത്ത് നാട്ടുകാർ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമരക്കാർ പറഞ്ഞു. മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.
advertisement
പിന്നീട് കെ റെയിൽ അടയാള കല്ലുമായി വാഹനം തിരിച്ചെത്തി. കനത്ത പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. കെ റെയിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പൊലീസ് പ്രതിഷേധക്കാർക്ക് മുന്നറിപ്പ് നൽകി. എന്നാൽ, പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ നാട്ടുകാർ ഉദ്യോഗസ്ഥർക്ക് നേരെ ഗോ ബാക്ക് വിളികളുയർത്തി. തുടർന്നാണ് സമരക്കാരും പൊലീസും നേർക്കുനേർ വരുന്ന സ്ഥിതിയുണ്ടായത്. പൊലീസിന്റെ അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ സമരക്കാർ പൊലീസ് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബലപ്രയോഗം വേണ്ടിവന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 18, 2022 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Rail Protest | കോഴിക്കോടും പ്രതിഷേധം; കല്ലായിയിൽ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പൊലീസ് മര്‍ദനമേറ്റു