ഡോ. ഷെർലി വാസു അന്തരിച്ചു; കോളിളക്കമുണ്ടാക്കിയ പല കേസുകൾക്കും തുമ്പുണ്ടാക്കിയ ഫോറൻസിക് സർജൻ
- Published by:Rajesh V
- news18-malayalam
Last Updated:
ഫോറന്‍സിക് മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന ഷെർലി വാസു ആയിരക്കണക്കിന് കേസുകളാണ് ഔദ്യോഗിക കാലയളവില്‍ പരിശോധിച്ചത്
കോഴിക്കോട്: പ്രമുഖ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷെർലി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. കോളിളക്കമുണ്ടാക്കിയ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ഫോറൻസിക് സർജനാണ് ഷെർലി വാസു. ഗോവിന്ദച്ചാമി കൊലചെയ്ത സൗമ്യയുടെ മൃതദേഹം പരിശോധിച്ചത് ഷെർലി വാസുവായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം വകുപ്പ് മേധാവിയായിരുന്നു. ഫോറന്‍സിക് മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന ഷെർലി വാസു ആയിരക്കണക്കിന് കേസുകളാണ് ഔദ്യോഗിക കാലയളവില്‍ പരിശോധിച്ചത്. നൂറുകണക്കിന് വിദ്യാർത്ഥികള്‍ക്ക് ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ അറിവ് പകര്‍ന്നു നല്‍കുകയും ചെയ്തു.
1982ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായാണ് ജോലിയില്‍ പ്രവേശിച്ചത്. 1984ല്‍ ഫോറന്‍സിക് മെഡിസിനില്‍ എം ഡി ബിരുദം നേടി. കോട്ടയം മെഡിക്കല്‍ കോളേജില്‍ അസി. പ്രൊഫസര്‍, അസോ. പ്രൊഫസര്‍ പദവികള്‍ വഹിച്ചു. 1997 മുതല്‍ 1999ല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഡെപ്യൂട്ടേഷനില്‍ പ്രൊഫസറായി. അസോ. പ്രൊഫസറായി വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി.
advertisement
2001 ജൂലൈയില്‍ പ്രൊഫസറായി ഇവിടെ സേവനം അനുഷ്ഠിക്കുമ്പോഴാണ് ഒട്ടേറെ വിവാദ കേസുകള്‍ക്കു തുമ്പുണ്ടാക്കാന്‍ സാധിച്ചത്. 2010ല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി. 2012 വരെ ഫോറന്‍സിക് വിഭാഗം മേധാവിയായി. 2014ല്‍ പ്രിന്‍സിപ്പലായി. 2017 ല്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്‌കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് ലഭിച്ചു. അനുഭവങ്ങൾ കോർത്തിണക്കി ‘പോസ്‌റ്റ്‌മോർട്ടം ടേബിൾ’ എന്ന പുസ്‌തകവും ഡോ. ഷെർലി രചിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 04, 2025 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡോ. ഷെർലി വാസു അന്തരിച്ചു; കോളിളക്കമുണ്ടാക്കിയ പല കേസുകൾക്കും തുമ്പുണ്ടാക്കിയ ഫോറൻസിക് സർജൻ