കോട്ടയം: തമ്പലക്കാട് എന്‍.എസ്.എസ്.യു.പി.സ്‌കൂളിലെ അധ്യാപകന്‍ അഖില്‍ എസ്.നായരുടെ ജീവിതത്തിലെ നല്ല കാര്യങ്ങളെല്ലാം സംഭവിച്ചത് പൊന്‍കുന്നം (Ponkunnam) കെഎസ്ആര്‍ടിസി (KSRTC) ഡിപ്പോയിലെ ആര്‍.എന്‍.സി.816 ബസിലെ യാത്രയ്ക്കിടെയാണ്.. അതുകൊണ്ടാണ് ജീവിതത്തിലേക്ക് പുതിയൊരാള്‍ കടന്നുവരുമ്പോള്‍ കൂട്ടിന് അതെ ആര്‍.എന്‍.സി.816 ബസിനെ തന്നെ ഒപ്പം കൂട്ടാന്‍ അഖില്‍ തീരുമാനിച്ചത്.
മെയ് 2ന് നടക്കുന്ന വിവാഹത്തിന് തന്‍റെ പ്രിയപ്പെട്ട ആര്‍.എന്‍.സി.816 ബസിലാണ് അഖില്‍ വിവാഹപ്പന്തലില്‍ എത്തുക. ഇതൊടൊപ്പം മറ്റ് 3 കെഎസ്ആര്‍ടിസി ബസുകളും വിവാഹയാത്രയ്ക്കായി അഖില്‍ ഏര്‍പ്പാടാക്കി കഴിഞ്ഞു.അന്തീനാട് പൊട്ടനാനിക്കല്‍ സുദര്‍ശനന്‍ നായരുടെയും രമാദേവിയുടെയും മകള്‍ സുചിത്രയുമായി മേയ് രണ്ടിന് അന്തീനാട് ക്ഷേത്രത്തിലാണ് വിവാഹം.
വിവാഹശേഷം അഖിലിന് ഏറ്റവും പ്രിയപ്പെട്ട ആര്‍.എന്‍.സി.816 ബസിലാവും വധൂവരന്മാര്‍ ചിറക്കടവിലെ ചിറയ്ക്കല്‍പുതുവയല്‍ വീട്ടിലേക്ക് എത്തുന്നത്. അഖിലിന്റെ തീരുമാനത്തിന് അച്ഛന്‍ ശിവദാസന്‍ നായരും അമ്മ മായാദേവിയും പൂര്‍ണ സമ്മതം നല്‍കി. വധുവിന്റെ അച്ഛനമ്മമാര്‍ക്കും അഖിലിന്റെ തീരുമാനത്തില്‍ സന്തോഷം. 9600 രൂപയാണ് ഓരോ ബസിനും കെഎസ്ആര്‍ടിസിയില്‍ അടച്ച് ബുക്കുചെയ്തത്.
മുന്‍പ് കളിയിക്കാവിള റൂട്ടിലും ആലപ്പുഴ റൂട്ടിലും സര്‍വീസ് നടത്തിയിരുന്ന ഈ ബസിലായിരുന്നു പഠനകാലത്ത് അഖിലിന്റെ യാത്ര. അന്നുമുതല്‍ തുടങ്ങിയ പ്രണയമാണ് 816 നമ്പര്‍ ബസിനോടും ആനവണ്ടിയോടും. ചെങ്ങന്നൂര്‍ തന്ത്രവിദ്യാപീഠത്തിലെ അധ്യയന കാലയളവില്‍ പൊന്‍കുന്നത്തുനിന്ന് ഈ ബസിലായിരുന്നു പതിവുയാത്ര. തമ്പലക്കാട് സ്‌കൂളില്‍ നിയമനം കിട്ടിയതും ഈ ബസിലെ യാത്രാകാലയളവില്‍. ആദ്യശമ്പളം അക്കൗണ്ടില്‍ എത്തിയതിന്റെ സന്ദേശം ലഭിച്ചതും ബസ് യാത്രയ്ക്കിടെ ആയിരുന്നു.
പാലാ ശ്രീരാമകൃഷ്ണ ആദര്‍ശ സംസ്‌കൃത കോളേജില്‍നിന്ന് ടി.ടി.സി.യും തിരുപ്പതി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദവും നേടിയതിന് ശേഷം ചിറക്കടവ് യു.പി.സ്‌കൂള്‍, പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. പിന്നീടാണ് തമ്പലക്കാട് സ്‌കൂളില്‍ സ്ഥിരനിയമനം ലഭിച്ചത്.
ജീവിതത്തില്‍ സുരക്ഷിതമായ ഇടങ്ങളെല്ലാം സമ്മാനിച്ചത് വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തിയ ഈ ബസിലെ പതിവുയാത്രകളിലെ ഊര്‍ജവും ബന്ധങ്ങളുമാണെന്നാണ് അഖില്‍ പറയുന്നത്. കേരള ഹിന്ദുമത പാഠശാല അധ്യാപക പരിഷത് സംസ്ഥാനസമിതിയംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വേദാന്ത പാഠശാല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗം, മുണ്ടക്കയം ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ അക്കാദമിക് സംസ്‌കൃത കൗണ്‍സില്‍ സെക്രട്ടറി എന്നീ ചുമതലകളും വഹിക്കുന്നുണ്ട് അഖില്‍.
ബസ്, ഓട്ടോ-ടാക്സി നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പുതിയ നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ (Bus Auto Taxi Fare Hike) വർധിപ്പിച്ചത് പ്രാബല്യത്തിൽ വന്നു. ഇന്നു മുതൽ ബസ്, ഓട്ടോ-ടാക്സി മിനിമം നിരക്കിൽ മാറ്റമുണ്ട്. ബസുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. നിരക്ക് വർധന സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങിയതോടെയാണ് ഇത് പ്രാബല്യത്തിൽ വന്നത്. കെ എസ് ആർ ടി സി യാത്രാനിരക്കും പരിഷ്ക്കരിച്ചിട്ടുണ്ട്.
ഓട്ടോ മിനിമം ചാർജ് 25 രൂപയിൽ നിന്നും 30 ആക്കി. ടാക്സി (5 KM) മിനിമം ചാർജ് ഇരുന്നൂറാക്കി. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30 ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വർദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിഷു, ഈസ്റ്റർ അടക്കമുള്ള ആഘോഷങ്ങൾ കഴിഞ്ഞതിന് പിന്നാലെ ഏപ്രിൽ 20ന് ചേർന്ന മന്ത്രിസഭായോഗം നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.