ആറു വർഷത്തിലൊരിക്കൽ നടത്തുന്ന മുറജപം; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ തുടങ്ങി
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
രാജ്യ ഭരണത്തിൽ നീതി നടപ്പാക്കുമ്പോഴും, യുദ്ധക്കളങ്ങളിലും, രാജ്യ വിസ്തീർണ്ണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂർവ്വമല്ലാതെ ഉണ്ടാകപ്പെടുന്ന പാപങ്ങളുടെ പരിഹാര ക്രിയയെന്ന നിലയിലാണ് മുറജപം നടത്തിയിരുന്നത്.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിലൊരിക്കൽ നടന്നുവരുന്ന ഒരു യാഗമാണ് മുറജപം. 2025 നവംബർ മാസത്തിലാണ് ഇക്കുറി മുറജപം നടക്കുന്നത്. ആറു വർഷങ്ങൾക്കു ശേഷം ഉള്ള മുറജപത്തിൻ്റെ വിളംബര ചടങ്ങ് ചലച്ചിത്രതാരം മോഹൻലാൽ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇത്രയേറെ പ്രാധാന്യമുള്ള മുറജപം എന്താണെന്നറിയാമോ?
മുറ എന്നാൽ ആദ്യം മുതൽ അവസാനം വരെയുള്ള വേദം എന്നാണിവിടെ അർത്ഥമാക്കേണ്ടത്. വേദങ്ങൾ ആദ്യം മുതൽ അവസാനം വരെ തുടർച്ചയായി ജപിക്കുകയാണ് മുറജപം എന്ന വാക്കിൻ്റെ അർത്ഥം. ഋഗ്വേദം, സാമവേദം, യജുർവേദം എന്നിവയാണ് മുറജപത്തിൽ ഉരുവിടുന്നത്. 56 ദിവസം നീളുന്ന ഈ യജ്ഞത്തെ 7 ആയി ഭാഗിച്ചിരിക്കുന്നു. അതിൽ ഒന്നാണ് ഒരു മുറ.
പുരാതന തിരുവിതാംകൂർ രാജ്യത്തിൽ ആറു വർഷത്തിൽ ഒരിക്കൽ ശ്രീ പത്മനാഭ സ്വാമിയുടെ പ്രീതിക്കായി നടത്തിവന്നിരുന്ന ഒരു യാഗമാണ് മുറജപം. ഇതിൻ്റെ ആരംഭം കുറിച്ചത് ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവാണ്. രാജ്യ ഭരണത്തിൽ നീതി നടപ്പാക്കുമ്പോഴും, യുദ്ധക്കളങ്ങളിലും, രാജ്യ വിസ്തീർണ്ണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂർവ്വമല്ലാതെ ഉണ്ടാകപ്പെടുന്ന പാപങ്ങളുടെ പരിഹാര ക്രിയയെന്ന നിലയിലാണ് മുറജപം നടത്തിയിരുന്നത്. അൻപത്തിയാറ് ദിവസം നീണ്ടു നിൽക്കുന്ന മുറജപം സഹസ്ര നാമങ്ങളും ജലജപങ്ങളും വേദ മന്ത്രങ്ങളും കൊണ്ട് മുഖരിതമായിരിക്കും. വടക്കൻ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിൽ നിന്നും ധാരാളം വേദപണ്ഡിതന്മാർ ജപം വീക്ഷിക്കുന്നതിനും പങ്കെടുക്കുന്നതിനും വേണ്ടി എത്താറുണ്ട്. കൂട്ടത്തിൽ ആഴ്‌വാഞ്ചേരിത്തമ്പ്രാക്കൾ പോലുമുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. മുറജപ പര്യവാസനഘട്ടത്തിൽ തിരുവിതാംകൂർ മഹാരാജാവ് എഴുന്നള്ളി ശ്രീ പത്മനാഭ സ്വാമിക്ക് ഒരു ആനയെ നടക്കിരുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 25, 2025 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആറു വർഷത്തിലൊരിക്കൽ നടത്തുന്ന മുറജപം; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ തുടങ്ങി