എല്ലാ വർഷവും ജനുവരി 22 സ്ത്രീകളുടെ ഹെൽത്തി വെയ്റ്റ് ഡേ ആയി ആചരിക്കുകയാണ്. ആരോഗ്യകരമായ ഭാരം നിലനിർത്താൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനും അനാരോഗ്യകരമായ ഭാര നിയന്ത്രണ രീതികളോടുള്ള അവരുടെ അമിതമായ താത്പര്യത്തെ നിരുത്സാഹപ്പെടുത്തുന്നതിനും കൂടി വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. ഈ ദിവസം ആരോഗ്യകരമായ ജീവിതശൈലിയുടെ ആവശ്യകതയും പ്രത്യേകം ഊന്നിപ്പറയുന്നു.
സോഷ്യൽ മീഡിയയുടെ വരവോടെയാണ് സെലിബ്രിറ്റി-സ്റ്റൈൽ ശരീരം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവണതയും വർദ്ധിച്ചത്. ഫാഡ് ഡയറ്റുകൾ, അനാരോഗ്യകരമായ ഭക്ഷണരീതികൾ, സ്വയം-ശൈലിയിലുള്ള വർക്കൗട്ടുകൾ എന്നിവ പിന്തുടരാൻ ശ്രമിക്കുന്ന ആളുകളിൽ വലിയ വർദ്ധന ഉണ്ടായിട്ടുണ്ട്. അത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. മെലിഞ്ഞ ശരീരം ഉണ്ടാക്കുക എന്നതു മാത്രം ആയിരിക്കരുത് ഒരാളുടെ ലക്ഷ്യം, നിർഭാഗ്യവശാൽ, പല സ്ത്രീകളും ഇപ്പോൾ ശരീരഭാരം കുറയ്ക്കുന്നതിനെ ഫിറ്റ്നസുമായാണ് ബന്ധപ്പെടുത്തുന്നത്.
ദമ്പതികൾക്കിടയിലെ വന്ധ്യതാ പ്രശ്‌നങ്ങൾക്ക് കാരണമായി ഭൂരിഭാഗം പേരും അവരുടെ ശരീരഭാരത്തെയാണ് കുറ്റപ്പെടുത്തുന്നത്. ഇത് അവരെ മാനസികമായി അസ്വസ്ഥരാക്കുകയും ശരീര ഭാരത്തെക്കുറിച്ചോർത്ത് പലരും വളരെയധികം ദു:ഖിക്കുകയും ചെയ്യുന്നു. എന്നാൽ സ്ത്രീകൾ ഓരോരുത്തരും അവരുടേതായ രീതിയിൽ വ്യത്യസ്തർ ആണെന്നോർക്കണം. ശരീരഭാരം കുറച്ചാൽ മാത്രം ആരോഗ്യം ഉണ്ടാകില്ല. ഭാരം എന്നത് ഒരു സംഖ്യ മാത്രമാണ്. നിങ്ങളുടെ ശരീരഘടന അറിഞ്ഞിരിക്കുക എന്നതാണ് അതിലേറെ പ്രധാനപ്പെട്ട കാര്യം. ഇത് നിങ്ങളുടെ പേശികളുടെ ദൃഢതയും ശരീരത്തിലെ കൊഴുപ്പിന്റെ അളിവിനെയും മെറ്റബോളിസത്തെയും ഒക്കെ ആശ്രയിച്ചിരിക്കുന്നു.
നിങ്ങളുടെ ശരീര ഭാരം കുറക്കുന്നതിനും പകരം, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്ന കാര്യത്തിനാണ് ഊന്നൽ കൊടുക്കേണ്ടത്. നിങ്ങളുടെ സമീപനം തന്നെ പാടേ മാറ്റേണ്ടതുണ്ട്. അതിനു സഹായിക്കുന്ന ചില നല്ല ശീലങ്ങളാണ് ഇനി പറയാൻ പോകുന്നത്.
ഒരു ഗ്ലാസ് ചെറു ചൂടുള്ള വെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക. ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതും പ്രധാനമാണ്. വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുമ്പോൾ നിങ്ങൾക്ക് ഓക്കാനം തോന്നുന്നുണ്ടെങ്കിൽ അതിലേക്ക് അൽപം നാരങ്ങാ നീര് ചേർക്കാം. അല്ലെങ്കിൽ തലേ ദിവസം വെള്ളത്തിൽ ഗാർഡൻ ക്രസ് വിത്തുകളോ ചീയ വിത്തുകളോ മുക്കിവയ്ക്കുക. പിറ്റേന്ന് ഇത് കുടിച്ചാൽ മികച്ച ആരോഗ്യ ഗുണങ്ങൾ ലഭിക്കും.
നിങ്ങളുടെ പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത് എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. സമീപകാലത്തു പുറത്തു വന്ന ഗവേഷണങ്ങളിലെ കണ്ടെത്തൽ അനുസരിച്ച്, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം അല്ലെങ്കിൽ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇത് ഹൃദ്രോഗ സാധ്യതയും പെട്ടെന്നുള്ള മരണ സാധ്യതയും വർദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന് ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്താൻ കഴിയും. നിങ്ങളുടെ ദൈനംദിന പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിന് അത് അത്യന്താപേക്ഷിതമാണ്. പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. കാരണം നിങ്ങളുടെ രാത്രി മുഴുവനുമുള്ള ഉപവാസം അവസാനിപ്പിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു എന്നു തന്നെ പറയാം.
നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ കാൽസ്യം കഴിക്കുന്നത് ഉറപ്പാക്കുക എന്നതാണ് എടുത്തു പറയാനുള്ള മറ്റൊരു കാര്യം. പ്രായമാകുമ്പോൾ, നിങ്ങളുടെ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കുറയുന്നു. ആർത്തവവിരാമം വരെ സ്ത്രീകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു ഹോർമോണാണ് ഇത്. അസ്ഥികളുടെ ആരോഗ്യം നിലനിർത്താനും കാൽസ്യം അത്യന്താപേക്ഷിതമാണ്. അതിനാൽ, ബലമുള്ള അസ്ഥികൾ വേണമെന്നുണ്ടേങ്കിൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ മതിയായ അളവിൽ കഴിക്കുന്നു എന്നുറപ്പാക്കേണ്ടതും പ്രധാനമാണ്. തൈര്, ബദാം പാൽ, സോയ, പാലുൽപ്പന്നങ്ങൾ, ഇലക്കറികൾ, എല്ലുകളുള്ള മത്സ്യം, ആപ്രിക്കോട്ട്, എള്ള് മുതലായവ എല്ലാം കാൽസ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്.
സ്ത്രീകളുടെ പ്രത്യുത്പാദന കാലഘട്ടത്തിൽ ഇരുമ്പ്, മഗ്നീഷ്യം, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവ പോലുള്ള പ്രധാന പോഷകങ്ങൾ ആവശ്യമായ അളവിൽ ലഭിക്കുന്നതിന് സമീകൃതാഹാരം കഴിക്കേണ്ടതുണ്ട്. പ്രോട്ടീൻ, ഫൈബർ, കാർബോഹൈഡ്രേറ്റ്, തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യമായ അളവിലുള്ള കൊഴുപ്പുകൾ ആരോഗ്യത്തോടെയിരിക്കാൻ നിങ്ങളെ സഹായിക്കും. സമീകൃതാഹാരം കഴിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ജങ്ക് ഫുഡ്, സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര എന്നിവ നിയന്ത്രിക്കണം. കാരണം ഇവ ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ അപകടസാധ്യതകൾ വർദ്ധിപ്പിക്കും. പുകവലി ഒഴിവാക്കുക. മദ്യപാനം കുറയ്ക്കുക. പുകവലിയും മദ്യവും നിങ്ങളുടെ ഹോർമോണുകളെ ഉത്പാദനത്തെ തടസപ്പെടുത്തുകയും നിങ്ങളുടെ ആരോഗ്യവും ശരീരഘടനയും നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും.
Also Read-Health | ചെറുപ്പക്കാരിൽ സ്ട്രോക്ക് വര്ധിക്കുന്നത് എന്തുകൊണ്ട്? കാരണങ്ങളറിയാം
വ്യായാമം ചെയ്യുക: നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തേണ്ടതിന് വ്യായാമം ചെയ്യുക എന്ന കാര്യവും ഏറെ പ്രധാനപ്പെട്ടതാണ്. നടത്തം, ജോഗിംഗ്, ഓട്ടം, ജിം വർക്കൗട്ട്, അല്ലെങ്കിൽ ആഴ്ചയിൽ അഞ്ച് ദിവസം ദിവസവും 30 മിനിറ്റ് വെച്ച് യോഗ ചെയ്യൽ എന്നിവയുൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമം ചെയ്യുന്നത് ശരീരഭാരം വേണ്ട അളവിൽ നിലനിർത്താനും നിങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം വർദ്ധിപ്പിക്കാനും സഹായിക്കും.
പതിവ് ആരോഗ്യ പരിശോധനകൾ നടത്തുക: പ്രസവം മുതൽ ആർത്തവവിരാമം വരെ, ഒരു സ്ത്രീയുടെ ശരീരം നിരവധി ഹോർമോൺ മാറ്റങ്ങൾക്ക് വിധേയമാകുന്നു. അതിനാൽ, 35 വയസിന് മുകളിലുള്ള സ്ത്രീകൾ പിന്നീട് അവരെ ബാധിച്ചേക്കാവുന്ന ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്നതിന് പതിവായി സ്ക്രീനിംഗ് ടെസ്റ്റുകൾക്ക് വിധേയരാകണം എന്നാണ് ഞാൻ ശുപാർശ ചെയ്യുന്നത്. നിങ്ങളുടെ പ്രായത്തിനനുസരിച്ച് ചെയ്യേണ്ട പരിശോധനകൾ ഏതൊക്കെയാണെന്ന് മനസിലാക്കുന്നതിനും പോഷകാഹാരത്തിൽ അധിഷ്ഠിതമായ ഭക്ഷണരീതി പിന്തുടരുന്നതിനും ഇടക്കിടെ ഡോക്ടറെ സന്ദർശിക്കുക. ഒരു അംഗീകൃത ക്ലിനിക്കൽ ഡയറ്റീഷ്യന്റെ സഹായവും ഇക്കാര്യത്തിൽ നിങ്ങൾക്ക് തേടാവുന്നതാണ്.
ഒരു സ്ത്രീയെന്ന നിലയിൽ, നിങ്ങൾ നിങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുകയും നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം ഉറപ്പാക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ സ്വയം എടുക്കുകയും വേണം. ആരോഗ്യകരമായ രീതിയിൽ ശരീരഭാരം നിലനിർത്തുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്യുക.
എഡ്വിന രാജ്, ഹെഡ്, ക്ലിനിക്കൽ ന്യൂട്രീഷൻ ഡയറ്റിക്സ്, ആസ്റ്റർ സിഎംഐ ഹോസ്പിറ്റൽ, ബെംഗളൂരു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.