പുരുഷ ലൈംഗിക ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. പ്രോസ്റ്റേറ്റ്, വൃഷണം തുടങ്ങിയ പുരുഷ പ്രത്യുത്പാദന അവയവങ്ങളുടെ വികാസത്തിന് സഹായിക്കുന്നതിന് പുറമേ, പേശികളുടെ വളര്‍ച്ചയെയും അസ്ഥികളുടെ ബലത്തെയുമൊക്കെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സ്വാധീനിക്കുന്നു.
ടെസ്റ്റോസ്റ്റിറോൺ മതിയായ അളവിൽ നിലനിര്‍ത്തുക എന്നത് എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാര്‍ക്കും അത്യാവശ്യമാണ്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് ഏകാഗ്രത കുറയുന്നതിനും ദേഷ്യം, വിഷാദം, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങളിലേയ്ക്കും നയിച്ചേക്കാം. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ജീവിതശൈലി മാറ്റങ്ങളും വ്യായാമ മുറകളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം:
വ്യായാമം
റസിസ്റ്റന്‍സ് ട്രെയിനിംങ്: ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഹൈ-ഇന്‍ടെന്‍സിറ്റി ഇന്‍ട്രെവല്‍ ട്രെയിനിംങ് (HIIT): കഠിനമായ വ്യായാമവും കുറച്ച് സമയം മാത്രം വിശ്രമിക്കുകയും ചെയ്യുന്ന വ്യായാമ രീതി തിരഞ്ഞെടുക്കുക. ഇടയ്ക്കിടെ കാഠിന്യം കുറഞ്ഞ വ്യായാമങ്ങളും ചെയ്യാവുന്നതാണ്. ഭാരോദ്വഹനവും ഇതില്‍ ഉള്‍പ്പെടുന്നു, ഇത് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്‌ക്വാട്ട്, ഡെഡ് ലിഫ്റ്റ്, ബെഞ്ച് പ്രസ് തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നതും ടെസ്റ്റോസ്റ്റിറോണില്‍ അളവില്‍ മാറ്റമുണ്ടാക്കും.
സ്‌ട്രെസ് മാനേജ്‌മെന്റ്
ക്രോണിക് സ്‌ട്രെസ് എന്ന് വിളിക്കപ്പെടുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിരന്തരമായ സമ്മര്‍ദ്ദം, ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനത്തിന്റെ അളവ് കുറക്കാന്‍ ഒരു കാരണമാണെന്ന് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ പറയുന്നു. ഒരാളുടെ തൊഴില്‍, വ്യക്തിബന്ധങ്ങള്‍, ദൈനംദിന പ്രശ്നങ്ങള്‍ എന്നിവ കാരണം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാം. സമ്മര്‍ദ്ദം നന്നായി കൈകാര്യം ചെയ്യുന്നത് വഴി ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സാധിക്കും.
അമിതവണ്ണം
ഏഷ്യന്‍ ജേണല്‍ ഓഫ് ആന്‍ഡ്രോളജിയില്‍ 2014-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, അമിതവണ്ണം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതിന് ഒരു കാരണമാണെന്ന് പറയുന്നു. ഇന്‍സുലിന്‍ നിയന്ത്രണം മൂലവും ഹൈപ്പോതലാമിക്-പിറ്റിയൂട്ടറി-ടെസ്റ്റികുലാര്‍ ആക്‌സിസിന്റെ തകരാറുകള്‍ മൂലവും ഇത് സംഭവിക്കുന്നു. ഭക്ഷണക്രമം ക്രമീകരിക്കുകയും അമിതവണ്ണത്തെ നേരിടാന്‍ വ്യായാമ മുറകള്‍ പിന്തുടരുകയും ചെയ്യുന്നത് ഈ സാഹചര്യത്തെ മറികടക്കാന്‍ സഹായിക്കും. എന്നാല്‍ ഡോക്ടറിന്റെ നിര്‍ദേശപ്രകാരം മാത്രം ഡയറ്റുകൾ തിരഞ്ഞെടുക്കുക.
പ്രായം കൂടുന്നതിനനുസരിച്ച് ടെസ്റ്റോസ്റ്റിറോണ്‍ അളവ് ക്രമേണ കുറയാന്‍ തുടങ്ങുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ ടെസ്റ്റോസ്റ്റിറോൺ അളവിൽ കുറവുണ്ടായാൽഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമായചികിത്സ തേടേണ്ടതാണ്.
അതേസമയം, കോവിഡ് ബാധിച്ചവരിൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ കുറയുന്നതായി ചില പഠനം സൂചിപ്പിച്ചിരുന്നു. ടെസ്റ്റോസ്റ്റിറോൺ കുറയുന്നത് രോഗാവസ്ഥ ഗുരുതരമാക്കുമെന്നാണ് ഏജിങ് മെയിൽ എന്ന മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പറഞ്ഞിരുന്നു. കോവിഡ് 19 മൂലം മരിച്ചവരില്‍ ജീവിച്ചിരിക്കുന്നവരിലുള്ളതിനേക്കാള്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറവാണെന്നും പഠനം സംഘം വ്യക്തമാക്കുന്നു. 232 പുരുഷന്‍മാര്‍ ഉള്‍പ്പടെ 438 കോവിഡ് സ്ഥിരീകരിച്ച രോഗികളിലാണ് ഗവേഷകർ പഠനം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.