Health Tips | പാർക്കിൻസൺസ് രോഗം ചികിത്സിച്ച് ഭേദമാക്കാനാകുമോ? അറിയേണ്ടതെല്ലാം
- Published by:Sarika KP
- news18-malayalam
Last Updated:
രോഗത്തിന്റെ കാഠിന്യമനുസരിച്ച് ചികിത്സാരീതികൾ വ്യത്യസ്‍തമായിരിക്കും.
എന്താണ് പാർക്കിൻസൺസ് രോഗം ?
“പാർക്കിൻസൺസ് രോഗം” എന്നത് നമ്മൾ എല്ലാവരും കേട്ടിട്ടുള്ളതാണ്. എന്നാൽ “പാർക്കിൻസൺസ് രോഗത്തിന് ചികിത്സയുണ്ടോ എന്നത് പലർക്കും സംശയമാണ്. കഴിഞ്ഞ 60 വർഷം കൊണ്ട് പാർക്കിൻസൺസ് രോഗത്തിന്റെ ചികിത്സ രീതികൾ അസാധാരണമാംവിധം മാറിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് ആളുകളുടെ ജീവിത പുരോഗതിയെ ആധുനിക ചികിത്സാ രീതികൾ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. മരുന്നുകൾ, കുത്തിവയ്പ്പ്, ശസ്ത്രക്രിയ എന്നിവയിൽ നിന്നും ഇലക്ട്രിസിറ്റി ഉപയോഗിച്ചുള്ള ചികിത്സാരീതികൾ വരെ ഇപ്പോൾ ലഭ്യമാണ്. രോഗത്തിന്റെ കാഠിന്യമനുസരിച്ച് ചികിത്സാരീതികൾ വ്യത്യസ്‍തമായിരിക്കും.
പാർക്കിൻസൺസ് രോഗത്തിന് പ്രതിവിധിയുണ്ടോ?
വിവിധ ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒരു ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡറാണ് പാർക്കിൻസൺസ് രോഗം . ഇതിന്റെ ഏറ്റവും സാധാരണവും കൂടുതൽ പേർക്ക് അറിയാവുന്നതുമായ ലക്ഷണം “വിറയൽ” ആണ്. അതേസമയം പാർക്കിൻസൺസ് രോഗത്തിന് സാധാരണ ശരീരത്തിന്റെ ചലനങ്ങളെ ബാധിക്കുന്ന വിവിധ “മോട്ടോർ ലക്ഷണങ്ങളും” മറ്റ് ശരീരാവയവങ്ങളെ ബാധിക്കുന്ന “മോട്ടോർ അല്ലാത്ത ലക്ഷണങ്ങളും” ഉണ്ട്.
advertisement
ആളുകൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ലക്ഷണങ്ങൾ വിറയൽ, പേശികൾ കാഠിനമാവുക, ദൈനംദിന പ്രവർത്തനങ്ങളിൽ മന്ദത അനുഭവപ്പെടുക, നടത്തത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ്.
മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഗന്ധം നഷ്ടപ്പെടൽ, ഉറക്ക പ്രശ്നങ്ങൾ (സ്വപ്നങ്ങൾ, അസ്വസ്ഥമായ ഉറക്കം), മലബന്ധം, ലൈംഗിക അപര്യാപ്തത തുടങ്ങിയവ നോൺ-മോട്ടോർ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു, സാധാരണയായി ആളുകൾക്ക് ഈ ലക്ഷണങ്ങളെക്കുറിച്ചെല്ലാം അവബോധം സൃഷ്ടിക്കാൻ വർഷം തോറും നിരന്തരമായ ശ്രമങ്ങൾ വേണ്ടി വരുന്നു.
advertisement
പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ കുറയ്ക്കുക. പാർക്കിൻസൺസ് രോഗത്തെക്കുറിച്ച് ആളുകൾക്ക് അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഡോ. ജെയിംസ് പാർക്കിൻസൺന്റെ ജന്മദിനമായ ഏപ്രിൽ 11 “ലോക പാർക്കിൻസൺസ് രോഗ ബോധവൽക്കരണ ദിനം” ആയി ആചരിക്കുന്നു. 1817-ൽ ജെയിംസ് പാർക്കിൻസൺ ആണ് ഈ രോഗത്തെക്കുറിച്ച് വിശദമായ പഠനം നടത്തി അതിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്. അങ്ങനെ ഇത് “പാർക്കിൻസൺസ് രോഗം” എന്ന് അറിയപ്പെടാൻ തുടങ്ങി.
മറ്റ് പല മെഡിക്കൽ ഡിസോർഡറുകളിൽ നിന്നും വ്യത്യസ്തമായി പാർക്കിൻസൺസ് രോഗത്തിന് മികച്ച ചികിത്സാ രീതികൾ ഉണ്ട്. വ്യായാമങ്ങളും സന്തോഷകരമായ ജീവിതശൈലിയും പാർക്കിൻസൺസ് രോഗത്തിന്റെ ചികിത്സയിൽ നിർണായകമാണ്. ചികിത്സയുടെ പ്രാരംഭ ഘട്ടത്തിൽ നല്ല വ്യായാമങ്ങളും ലെവോഡോപ്പ, ഡോപാമൈൻ അഗോണിസ്റ്റുകൾ തുടങ്ങിയ ചില വായ്ക്കകത്ത് വച്ച് അലിയിച്ച് കഴിയ്ക്കാവുന്ന മരുന്നുകളും മതിയാകും. കാലക്രമേണ കൂടുതൽ സ്ഥിരതയുള്ള ചികിത്സകൾ ആവശ്യമാണ്. ആ ഘട്ടത്തിൽ തുടർച്ചയായ ഡോപാമിനേർജിക് ഉത്തേജന ചികിത്സകളാണ് പ്രധാനമായി നടത്തുക. ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡിബിഎസ്) തെറാപ്പി, അപ്പോമോർഫിൻ പമ്പ് തെറാപ്പി, ലെവോഡോപ്പ കാർബിഡോപ്പ ഇൻറ്റസ്റ്റൈനൽ ജെൽ ഇൻഫ്യൂഷൻ തെറാപ്പി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ചികിത്സകളിൽ ഭൂരിഭാഗവും ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്.
advertisement
പാർക്കിൻസൺസ് രോഗത്തിനുള്ള ചികിത്സ കൂടുതൽ ശാസ്ത്രീയമായ മാറ്റങ്ങളിലേയ്ക്ക് പോകാൻ തയ്യാറെടുക്കുകയാണ്. നിലവിലെ രീതിയനുസരിച്ച് രോഗബാധിതർക്കെല്ലാം വിവിധ ഘട്ടങ്ങളിൽ ഒരേ തരത്തിലുള്ള ചികിത്സയാണ് നൽകാറുള്ളത്. എന്നാൽ ആ രീതി പതിയെ മാറുകയാണ്. ജനിതകശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങൾ കൂടി ഉപയോഗപ്പെടുത്തി ഓരോരുത്തർക്കും അവരുടെ ജനിതകശ്രേണിക്ക് അനുയോജ്യമായ ചികിത്സ നല്കാനാകുമോ എന്നാണ് ഇപ്പോൾ ശാസ്ത്രലോകത്തിന്റെ പരീക്ഷണം. ചില ആളുകൾ മറ്റുള്ളവരെ അപേക്ഷിച്ച് വ്യത്യസ്തമായി പ്രതികരിക്കുന്നത് എന്തുകൊണ്ടാണെന്നും, മറ്റു ചില ആളുകളിൽ മന്ദഗതിയിലുള്ള രോഗലക്ഷണങ്ങളുടെ ദ്രുതഗതിയിലുള്ള പുരോഗതി എന്തുകൊണ്ടാണെന്നും എല്ലാം ഈ പഠനത്തിലൂടെ മനസിലാക്കാൻ ശാസ്ത്രജ്ഞർക്ക് കഴിയും. ഓരോ ആളുകൾക്കും അവരുടെ രോഗാവസ്ഥയുടെ ജനിതകമായ കാരണങ്ങൾക്ക് അനുസൃതമായി ശരിയായ മരുന്നുകൾ നിശ്ചയിക്കാൻ ഇത് സഹായകമാകും.
advertisement
കൂടാതെ വരുന്ന ദശകങ്ങളിൽ രോഗലക്ഷണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചികിത്സകളിൽ നിന്ന് മാറി രോഗം പൂർണ്ണമായി ഭേദമാക്കാൻ സാധിക്കുന്ന തരത്തിലുള്ള ചികിത്സ കളിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക പാർക്കിൻസൺസ് രോഗ ദിനാചരണത്തിന്റെ ഈ അവസരത്തിൽ ഈ രോഗാവസ്ഥയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയും പാർക്കിൻസൺസ് രോഗമുള്ള ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യാം. www.movementdisordersclinic.com വഴി രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഒരു കൂട്ടം വിദഗ്ധർ ഒത്തുചേർന്നിട്ടുണ്ട്. വിവിധ ചലന വൈകല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭ്യമാണ്. ആവശ്യമുള്ള രോഗികൾക്ക് ഏറ്റവും മികച്ച വിദഗ്ധരിൽ നിന്ന് ആവശ്യമായ സഹായവും ലഭിക്കും.
advertisement
(ഡോ. പ്രശാന്ത്, പാർക്കിൻസൺസ് ഡിസീസ് ആൻഡ് മൂവ്മെന്റ് ഡിസോർഡേഴ്സ് ക്ലിനിക്ക്, മണിപ്പാൽ ഹോസ്പിറ്റൽ, മില്ലേഴ്സ് റോഡ്, ബാംഗ്ലൂർ)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 14, 2023 8:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | പാർക്കിൻസൺസ് രോഗം ചികിത്സിച്ച് ഭേദമാക്കാനാകുമോ? അറിയേണ്ടതെല്ലാം