Health Tips | ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്ത്?
- Published by:Naseeba TC
- news18-malayalam
Last Updated:
(തയ്യാറാക്കിയത്: ഡോ. രാജേഷ് ടി.ആര്‍, കണ്‍സള്‍ട്ടന്റ് കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജന്‍, കാവേരി ഹോസ്പിറ്റല്‍, ഇലക്ട്രോണിക് സിറ്റി, ബാംഗ്ലൂര്‍)
ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുന്നതാണ് കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം. ഇന്ന് ലോകത്തിലെ ഭൂരിഭാഗം പേരുടെയും മരണകാരണമായി ഇത് മാറിക്കഴിഞ്ഞു. ഹൃദ്രോഗവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ പകുതിയിലധികവും ഹൃദയസ്തംഭനം മൂലമാണ്. ഹൃദയസ്തംഭനത്തിന് ശേഷം ശരീരത്തിലെ രക്തചംക്രമണം നിലയ്ക്കുന്നു. നാലോ ആറോ മിനിറ്റിനുള്ളില്‍ മസ്തിഷ്‌ക മരണവും സംഭവിക്കുന്നു. ഓരോ മിനിറ്റിലും രോഗിയെ രക്ഷിക്കാനുള്ള സാധ്യത 7 മുതല്‍ പത്ത് ശതമാനം വരെ കുറയുന്നു.
അതേസമയം ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മില്‍ വ്യത്യാസമുണ്ട്. പലപ്പോഴും ഈ രണ്ട് വാക്കുകളും അര്‍ത്ഥമറിയാതെ പലരും സ്ഥിരമായി ഉപയോഗിക്കാറുണ്ട്.
എന്താണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് ?
ഓക്‌സിജന്‍ സമ്പുഷ്ടമായ രക്തം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. ഇത് ഹൃദയത്തിലേക്ക് എത്തിക്കുന്നത് കോറോണറി ധമനികള്‍ വഴിയാണ്. ഈ ധമനികളില്‍ ബ്ലോക്ക് ഉണ്ടാകുന്നതോ രക്തം ഹൃദയത്തിലേക്ക് എത്തിക്കാന്‍ കഴിയാതെ വരുമ്പോഴോ ആണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
advertisement
എന്താണ് കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം?
ഹൃദയമിടിപ്പ് നിലയ്ക്കുന്ന അവസ്ഥയാണിത്. തുടര്‍ന്ന് രക്തസമ്മര്‍ദ്ദം കുറയുകയും രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുന്നത് നിലയ്ക്കുകയും ചെയ്യും. മസ്തിഷ്‌കത്തിലേക്ക് രക്തം എത്താത്ത അവസ്ഥ വരും. മസ്തിഷ്‌കത്തിലേക്ക് രക്തം എത്താതാകുന്നതോടെ രോഗിയ്ക്ക് ബോധം നഷ്ടപ്പെടുകയും ചെയ്യും. ഉടനെ വൈദ്യസഹായം എത്തിച്ചില്ലെങ്കില്‍ മരണം സംഭവിക്കാവുന്നതാണ്.
കാര്‍ഡിയാക് അറസ്റ്റിന്റെ കാരണങ്ങള്‍?
ഹൃദയത്തിന്റെ അസാധാരണമായ മിടിപ്പ് ആണ് ഏറ്റവും സാധാരണമായ ഒരു കാരണം. വെന്‍ട്രിക്കുലാര്‍ ഫൈബ്രിലേഷന്‍ എന്നാണ് ഇതറിയപ്പെടുന്നത്. വെന്‍ട്രിക്കുലാര്‍ ഫൈബ്രിലേഷനില്‍ ഒന്നിലധികം ഇംപള്‍സുകള്‍ സൃഷ്ടിക്കപ്പെടുകയും ദ്രുതഗതിയിലും ക്രമരഹിതമായ നിലയിലും ഹൃദയത്തിലൂടെ കടന്ന് പോകുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ സങ്കോചത്തിന് കാരണമാകുന്നു. രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയാനും കാരണമാകുന്നു.
advertisement
കൊറോണറി ധമനിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാര്‍ഡിയാക് അറസ്റ്റിലേക്ക് നയിച്ചേക്കാം. ധമനിയുടെ പ്രോക്‌സിമെല്‍ സെഗ്മെന്റുകളില്‍ ബ്ലോക്കുകള്‍ വര്‍ധിക്കുകയാണെങ്കില്‍ കാര്‍ഡിയാക് അറസ്റ്റിന് സാധ്യതയുണ്ട്. ഹൃദയാഘാതവും ഹൃദയസ്തംഭനവും രണ്ടും രണ്ടാണെങ്കിലും അവ തമ്മില്‍ ഒരു ബന്ധമുണ്ട്. ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ച രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ചിലപ്പോൾ കാര്‍ഡിയാക് അറസ്റ്റും സംഭവിച്ചേക്കാം. അയോര്‍ട്ടിക് സ്റ്റെനോസിസ് പോലുള്ള ഹൃദ്രോഗം ബാധിച്ചവര്‍ക്കും കാര്‍ഡിയാക്ക് അറസ്റ്റ് സംഭവിച്ചേക്കാം.
advertisement
കാര്‍ഡിയാക് അറസ്റ്റും ഇന്ത്യാക്കാരും
ഇന്ത്യാക്കാരില്‍ ഹൃദ്രോഗ സാധ്യതകള്‍ ഏറുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ സെന്‍സസ് പ്രകാരം ഒരു ലക്ഷം ഇന്ത്യാക്കാരില്‍ ഏകദേശം 4280 പേര്‍ ഹൃദയാഘാതം മൂലം മരിക്കുന്നുവെന്നാണ് പറയുന്നത്.
കാര്‍ഡിയാക് അറസ്റ്റ് – അടിയന്തര ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങള്‍
പെട്ടെന്നുള്ള കാര്‍ഡിയാക് അറസ്റ്റുകള്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ കഴിയുന്ന രീതിയെപ്പറ്റി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ പശ്ചാത്തലമില്ലാത്തവര്‍ക്ക് പോലും വേഗത്തില്‍ പഠിക്കാന്‍ കഴിയുന്ന ഒന്നാണ് ഈ രീതി. ബേസിക് ലൈഫ് സപ്പോർട്ട് അഥവാ BLS എന്നാണ് ഇതറിയപ്പെടുന്നത്. ഇത് ചെയ്യാന്‍ എല്ലാവരും പരിശീലിച്ചിരിക്കണം. പെട്ടെന്ന് കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ച ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിച്ച് വേണ്ട വൈദ്യസഹായം ലഭ്യമാക്കാന്‍ ഇതിലുടെ കഴിയും.
advertisement
ബേസിക് ലൈഫ് സപ്പോർട്ടിൽ പാലിക്കേണ്ട കാര്യങ്ങള്‍
കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ച് ഒരാള്‍ ബോധരഹിതനായി വീണാല്‍ രോഗിയും ബിഎല്‍എസ് കൊടുക്കുന്നയാളും നില്‍ക്കുന്ന പരിസരം സുരക്ഷിതമാണോ എന്ന് പരിശോധിക്കുകയാണ് ആദ്യ പടി. രോഗിയെ സുരക്ഷതമായ ഇടത്തേക്ക് മാറ്റിക്കിടത്തണം. രോഗിയുടെ ശ്വാസോച്ഛോസം പരിശോധിക്കണം. നെഞ്ചിലെ ചലനങ്ങള്‍ പരിശോധിക്കണം. കഴുത്തിലെ ചലനം പരിശോധിക്കണം. ഇതിനെല്ലാം പത്ത് സെക്കന്റില്‍ കൂടുതല്‍ സമയം എടുക്കരുത്. ഇവിടെയൊന്നും അനക്കം ഇല്ലെങ്കിൽ ചെസ്റ്റ് കംപ്രഷന്‍ ആരംഭിക്കണം. ഹാന്‍ഡ്‌സ് ഒണ്‍ലി സിപിആറും കൊടുക്കാവുന്നതാണ്.
പെട്ടെന്നുള്ള ഹൃദയസ്തംഭനം ഒരു അടിയന്തരാവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമയബന്ധിതമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ രോഗിയുടെ നില അപകടത്തിലാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് പോലും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ബിഎല്‍എസ് രീതി എല്ലാവരും പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ ഓരോ ജീവനും രക്ഷിക്കാനാകും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 15, 2023 2:54 PM IST