Lulu IPO| ലുലു ഐപിഒയ്ക്ക് തുടക്കമായി; ഓഹരി ഒറ്റമണിക്കൂറിൽ വിറ്റുതീർന്നു; വില 2.04 ദിർഹം വരെ
- Published by:Rajesh V
- news18-malayalam
Last Updated:
യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡാണ് ലുലു സ്വന്തമാക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ റീറ്റെയിലർ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നിങ്ങനെ റെക്കോർഡുകളും ലുലുവിന് സ്വന്തമാകും.
അബുദാബി: ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയിലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കം. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഓഹരികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തു. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഇഷ്യൂവില ( 44.40 രൂപ മുതൽ 46.69 രൂപവരെ). ഐപിഒയിലൂടെ സമാഹരിക്കാൻ കമ്പനി ലക്ഷ്യമിടുന്നത് 136 കോടി ഡോളർ മുതൽ 143 കോടി ഡോളർ (11,424 കോടി രൂപ മുതൽ 12,012 കോടി രൂപവരെ) വരെയാണ്.
യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡാണ് ലുലു സ്വന്തമാക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ റീറ്റെയിലർ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നിങ്ങനെ റെക്കോർഡുകളും ലുലുവിന് സ്വന്തമാകും.
ഓഗസ്റ്റിൽ എൻഎംഡിസി നടത്തിയ 87.7 കോടി ഡോളറിന്റേതാണ് നിലവിൽ ഈ വർഷത്തെ റെക്കോർഡ്. ആലെഫ് എഡ്യുക്കേഷൻ (മേയ്, 51.5 കോടി ഡോളർ), പാർക്കിൻ കോ (ഫെബ്രുവരി, 42.9 കോടി ഡോളർ), സ്പിന്നീസ് (ഏപ്രിൽ, 37.5 കോടി ഡോളർ), എഡിഎൻഎച്ച് കാറ്ററിങ് (ഒക്ടോബർ, 23.5 കോടി ഡോളർ) എന്നിവയായിരുന്നു ഈ വർഷത്തെ മറ്റ് വലിയ ഐപിഒകൾ.
advertisement
ലുലു റീറ്റെയ്ൽ ഐപിഒയ്ക്ക് വിൽപനയ്ക്കുവച്ച ഓഹരികളേക്കാൾ പതിന്മടങ്ങ് അപേക്ഷകൾ ഉണ്ടാകുമെന്ന് നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ഐപിഒ ആരംഭിച്ച് സെക്കൻഡുകൾക്കകം തന്നെ ഓഹരികൾ പൂർണമായും ഓവർസബ്സ്ക്രൈബ്ഡ് ആകാനുള്ള സാധ്യതയും നിരീക്ഷകർ പ്രവചിച്ചിരുന്നു.
ഐപിഒയിലെ പ്രൈസ് ബാൻഡ് പരിഗണിച്ചാൽ 2004 കോടി മുതൽ 2107 കോടി ദിർഹം വരെയാണ് ലുലു റീറ്റെയിലിന് വിപണിമൂല്യം വിലയിരുത്തുന്നത്. അതായത് 48,231 കോടി രൂപവരെ. ഇന്നുമുതൽ നവംബർ 5 വരെ നീളുന്ന മൂന്നുഘട്ട ഐപിഒയിലൂടെ 25% ഓഹരികളാണ് (258.2 കോടി ഓഹരികൾ) ലുലു വിറ്റഴിക്കുന്നത്. ഇതിൽ 89% ഓഹരികളും യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കുള്ളതാണ് (ക്യുഐബി). 10% ഓഹരികൾ ചെറുകിട (റീറ്റെയ്ൽ) നിക്ഷേപകർക്കായും ഒരു ശതമാനം ഓഹരികൾ യോഗ്യരായ ജീവനക്കാർക്കായും നീക്കിവച്ചിരിക്കുന്നു.
advertisement
അബുദാബി പെൻഷൻ ഫണ്ട്, ബഹ്റൈൻ മംമ്തലാകത് ഹോൾഡിങ് കമ്പനി, എമിറേറ്റ്സ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി എന്നിവ ഇതിനകം ലുലു റീറ്റെയ്ൽ ഓഹരിക്കായി അപേക്ഷിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇവർ വാങ്ങുന്ന ഓഹരികൾക്ക് 180-ദിവസ ലോക്ക്-ഇൻ കാലാവധി ഉണ്ടായിരിക്കും. 180 ദിവസത്തിന് ശേഷമേ ഓഹരി വിൽക്കാനാകൂ. റീറ്റെയിലർമാർക്കുള്ള ഐപിഒ വിഹിതം കൂട്ടണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തിൽ ലുലു വൈകാതെ തീരുമാനമെടുത്തേക്കാം.
അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇടപാട് നടത്താനാവശ്യമായ എൻഐഎൻ ഉണ്ടെങ്കിൽ ലുലു റീറ്റെയിൽ ഓഹരി ഇന്ത്യയിൽ നിന്നും വാങ്ങാനാകും. പുറമേ യുഎഇയിൽ ബാങ്ക് അക്കൗണ്ടും വേണം അല്ലെങ്കിൽ ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഇന്ത്യയിലെ നിയമങ്ങൾക്ക് കൂടി വിധേയമായാകും ഓഹരിക്കായി അപേക്ഷിക്കാനാകുക. ഓഹരികൾ വാങ്ങാൻ താൽപര്യമുള്ളവർ ഐപിഒയുടെ റിസീവിങ് ബാങ്കുകളിലൊന്നിനെ സമീപിച്ച് അപേക്ഷിക്കാം. ബാങ്കുകൾക്ക് ഇതിനായി ഓൺലൈനിലും ശാഖകളിലും സൗകര്യമുണ്ടാകും. മൊബൈൽ ബാങ്കിങ് വഴിയും വാങ്ങാം. ഫസ്റ്റ് അബുദാബി ബാങ്ക്, എഡിസിബി, ദുബൈയ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, എമിറേറ്റ്സ് എൻബിഡി, മാഷ്റെക്ക് എന്നിവയാണ് റിസീവിങ് ബാങ്കുകൾ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 28, 2024 4:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Lulu IPO| ലുലു ഐപിഒയ്ക്ക് തുടക്കമായി; ഓഹരി ഒറ്റമണിക്കൂറിൽ വിറ്റുതീർന്നു; വില 2.04 ദിർഹം വരെ