കുപ്പി, മണല്‍, വെള്ളാരംകല്ല്, പിസ്തയുടെ തൊലി; പാഴ് വസ്തുക്കൾ എന്തുമാകട്ടെ മാളിക്കടവിലെ കുട്ടികളത് മാണിക്യമാക്കും
- Published by:Anuraj GR
- news18-malayalam
Last Updated:
പറമ്പിലോ റോഡിലോ വലിച്ചെറിയുന്ന വസ്തുക്കള്‍ ഈ പെണ്‍കുട്ടികളുടെ കൈകളിലേക്ക് എത്തുമ്പോള്‍ അതിന് പത്തരമാറ്റായി മാറുകയാണ്. കണ്ണിനും മനസിലും സന്തോഷം പകരുന്ന മനോഹരമായ അലങ്കാരവസ്തുക്കളായി അതു മാറുകയാണ്
കോഴിക്കോട്: വല്ലഭന് പുല്ലും ആയുധമെന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കുകയാണ് മാളിക്കടവ് വനിതാ ഐടിഐയിലെ ഒരു സംഘം വിദ്യാര്‍ഥിനികള്‍. അവരുടെ നിഘണ്ടുവില്‍ പാഴ് വസ്തുക്കള്‍ എന്ന വാക്കില്ല. മറ്റുള്ളവര്‍ ഉപയോഗശൂന്യമെന്നു കരുതുന്നതെല്ലാം അവര്‍ക്ക് വിലയേറിയതാണ്. പറമ്പിലോ റോഡിലോ വലിച്ചെറിയുന്ന വസ്തുക്കള്‍ ഈ പെണ്‍കുട്ടികളുടെ കൈകളിലേക്ക് എത്തുമ്പോള്‍ അതിന് പത്തരമാറ്റായി മാറുകയാണ്. കണ്ണിനും മനസിലും സന്തോഷം പകരുന്ന മനോഹരമായ അലങ്കാരവസ്തുക്കളായി അതു മാറുകയാണ്. ഇതുവഴി പരിസരശുചിത്വത്തിന്റെ മഹത്തായ പാഠങ്ങള്‍കൂടി സമൂഹത്തിന് പകര്‍ന്നു നല്‍കുകയാണ് ഈ വിദ്യാര്‍ഥിനികള്‍. സ്വപ്നനഗരിയില്‍ നടക്കുന്ന ഇന്ത്യാ സ്‌കില്‍സ് കേരള 2020 നൈപുണ്യ മേളയിലാണ് ഐടിഐ വിദ്യാര്‍ഥിനികള്‍ പാഴ് വസ്തുക്കളില്‍നിന്ന് നിര്‍മിച്ച മനോഹരമായ വസ്തുക്കളുമായി എത്തിയിരിക്കുന്നത്.
ഐസ്‌ക്രീം സ്റ്റിക്കുകള്‍, തയ്യല്‍ക്കടകളില്‍ നിന്ന് ഒഴിവാക്കുന്ന തുണിക്കഷണങ്ങള്‍, പഴയ സിഡികള്‍, കുപ്പികള്‍, പൊട്ടിയ ഓട്ടുകല്ല്, മാലമുത്ത് തുടങ്ങിയവയില്‍ നിന്നൊക്കെ പുതിയ സൃഷ്ടികള്‍ അവര്‍ മെനഞ്ഞെടുക്കും. പാള, മണല്‍, വെള്ളാരംകല്ല്, കളിമണ്ണ്, മെഴുക്, പിസ്തയുടെ തൊലി തുടങ്ങിയവയൊക്കെ മനോഹരമായി ചായം പൂശി പുതുമോടിയുള്ള ഉപകരണങ്ങളാക്കി മാറ്റും.
കര്‍ട്ടന്‍, തലയിണ, ഡ്രീംകാച്ചര്‍ തുടങ്ങി മറ്റു വിവിധ വസ്തുക്കളും വിദ്യാര്‍ഥിനികള്‍ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. മാളിക്കടവ് വനിതാ ഐടിഐ വിദ്യാര്‍ഥിനികളായ സാനിയ മെഹറിന്‍, അനുശ്രീ, ഷഹാന കെ. പി, ഷഹാന ഷെറിന്‍, ഉമ്മു സല്‍മ, ഫര്‍സാന എന്നിവരാണ് ടീമിലുള്ളത്.ഇതോടൊപ്പം പരിസരശുചിത്വത്തിന്റെ മഹത്തായ സന്ദേശവുമായി ശുചിത്വ മിഷന്റെ സ്റ്റാളും സ്വപ്നനഗരിയിലുണ്ട്. റിങ് കമ്പോസ്റ്റ്, തുമ്പൂര്‍മുഴി മോഡല്‍, ബയോബിന്‍, ബയോ കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, ബയോ ഡൈജസ്റ്റര്‍ പോട്ട് തുടങ്ങിയവ സ്റ്റാളില്‍ പരിചയപ്പെടുത്തുന്നു. നഗരണങ്ങളിലും ഗ്രാമത്തിലുമുള്ള ഗാര്‍ഹിക കമ്പോസ്റ്റ് പദ്ധതികള്‍ ഇവര്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തുന്നു. ത്രിദിന ഇന്ത്യ സ്‌കില്‍സ് കേരള 2020 തിങ്കളാഴ്ച സമാപിക്കും.Location :
First Published :
February 23, 2020 8:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കുപ്പി, മണല്‍, വെള്ളാരംകല്ല്, പിസ്തയുടെ തൊലി; പാഴ് വസ്തുക്കൾ എന്തുമാകട്ടെ മാളിക്കടവിലെ കുട്ടികളത് മാണിക്യമാക്കും


