• HOME
  • »
  • NEWS
  • »
  • opinion
  • »
  • സൗത്തിന് മുന്നിൽ മൂക്കുകുത്തുന്ന ബോളിവുഡ്; ഇന്ത്യൻ സിനിമ മാറുന്നു

സൗത്തിന് മുന്നിൽ മൂക്കുകുത്തുന്ന ബോളിവുഡ്; ഇന്ത്യൻ സിനിമ മാറുന്നു

കോവിഡിന് ശേഷം പഴയ പ്രതാപത്തിലേക്ക് കരകയറാനാകാത്ത ഹിന്ദി സിനിമക്ക് ചുവടുപിഴക്കുമ്പോൾ തെലുങ്കും തമിഴും കന്നഡയും പാൻ ഇന്ത്യൻ സിനിമാ ബോക്സഫോസില്‍ വിജയ കൊടികുത്തുകയാണ്

  • Last Updated :
  • Share this:
അപർണ കുറുപ്പ്

ഇന്ത്യയെന്നാൽ ഹിന്ദിസിനിമ എന്ന് കൂടിയാണെന്ന് ലോകത്തിന് മുന്നിൽ പ്രോജക്ട് ചെയ്യപ്പെട്ടിരുന്ന ഒരു കാലം അന്യമാകുകയാണോ? കോവിഡിന് ശേഷമുള്ള നീണ്ട ഫ്ലോപ്പുകളുടെ നിര ഇപ്പോഴും തീരാതെ തുടരുന്നു. രക്ഷാബന്ധനും ലാൽ സിങ് ഛദ്ദയും വരെ എട്ടുനിലയിൽ പൊട്ടി നിൽക്കുന്നു. 2019 വരെയുള്ള വിജയ കണക്കുകളിൽ നിന്ന് ബോളിവുഡ് തിരിച്ചുനടക്കുന്നത് ദക്ഷിണേന്ത്യൻ സിനിമക്ക് മുന്നില് മൂക്കുകുത്തിവീണുകൊണ്ട്. കോവിഡിന് ശേഷം പഴയ പ്രതാപത്തിലേക്ക് കരകയറാനാകാത്ത ഹിന്ദി സിനിമക്ക് ചുവടുപിഴക്കുമ്പോൾ തെലുങ്കും തമിഴും കന്നഡയും പാൻ ഇന്ത്യൻ സിനിമാ ബോക്സഫോസില്‍
വിജയ കൊടികുത്തുകയാണ്. അതിനിടയിൽ ബോളിവുഡ് എന്നന്നേക്കുമായി ബഹിഷ്‌കരിക്കുക എന്ന ഹാഷ്ടാഗ് തരംഗവുമായി മാറുന്നു.

ബോളിവുഡ് വ്യവസായം തകരുന്നത് പരസ്യമേഖലയെയടക്കം ബാധിക്കുമ്പോൾ സിനിമക്കപ്പുറത്തേക്ക്, വാണിജ്യവും രാഷട്രീയവും കലയും ഭാഷാവിവാദവുമെല്ലാം ഒരുമിച്ച് വിഷയമാകുന്നുമുണ്ട്. ആ കാരണങ്ങളാണ് പരിശോധിക്കുന്നത്.

പരാജയത്തിന്റെ നീണ്ട കണക്കുകൾ

നാല് മെഗാഹിറ്റുകളാണ് 2019ൽ അക്ഷയ് കുമാറിനുണ്ടായിരുന്നത്. ഷാഹിദ് കപൂറും രൺവീർ സിങും നേടിയ സൂപ്പർ ഹിറ്റുകളുടേയും തിളക്കത്തിൽ ബോക്സോഫീസ് പ്രതാപത്തിൽ നിന്ന ബോളിവുഡ്. മൂന്ന് വർഷം. കോവിഡിന്റെ വിവിധ വകഭേദങ്ങൾ, ഒടിടി പ്ലാറ്റ്ഫോമുകളുടെ കുത്തൊഴുക്ക്, തകർത്തുവാരുന്ന ബിഗ് ബജറ്റ് ദക്ഷിണേന്ത്യൻ ചിത്രങ്ങൾ. പഴയ കഥ തീർത്തും മാറിയിരിക്കുന്നു. അതേ അക്ഷയ്കുമാറിന് കയ്യിൽ ഒറ്റയടിക്ക് ഇപ്പോൾ മൂന്ന് ഫ്ലോപ്പുകളാണ്. ബച്ചൻ പാണ്ഡേ, സമ്രാട്ട് പൃഥ്വിരാജ് പിന്ന രക്ഷാബന്ധൻ ഒന്നും സൂപ്പർ താരത്തെയോ ചിത്രങ്ങളേയോ രക്ഷിച്ചില്ല. ആഘോഷിച്ചുവന്ന ആമിർഖാന്റെ ലാൽ സിങ് ഛദ്ദയും പൊളിഞ്ഞു. ചിത്രം 12 കോടി രൂപയുടെ ഓപ്പണിംഗ് കളക്ഷനാണ് നേടിയത്. അതായത് കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ആമിര്‍ ഖാന്റെ ഏറ്റവും മോശം ഓപ്പണിംഗ് കളക്ഷന്‍ നേടുന്ന ചിത്രം. വർഷങ്ങളായി ഷാരുഖ് ഖാന്‌‍റെ ഒരു സിനിമ പുറത്തുവന്നിട്ട്. സൽമാൻഖാന്റെ ചിത്രങ്ങൾക്കും പഴയ ജനപ്രീതിയുടെ പകുതി പോലുമില്ല. ബോളിവുഡിന് 2022 തുടങ്ങി 8 മാസം കഴിയുമ്പോൾ ബോക്‌സ് ഓഫീസിൽ ആകെയുള്ളത് ഒരേ ഒരു സിനിമ. 'ദി കശ്മീർ ഫയൽസ്'. 300 കോടിയിലധികം നേടിയ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ ചിത്രം. കാർത്തിക് ആര്യന്റെ 'ഭൂൽ ഭുലയ്യ 2' ലോകമെമ്പാടും നിന്ന് 250 കോടിയോളം കളക്ഷൻ നേടുകയും ചെയ്തിട്ടുണ്ട്. 173 കോടി നേടിയ ആലിയ ഭട്ടിന്റെ 'ഗംഗുഭായ് കത്യവാഡി'യും കഴിഞ്ഞാൽ പിന്നെ വർഷത്തിൻരെ രണ്ടാം പാദത്തിലെ പ്രതീക്ഷകളെല്ലാം തകർന്നു. ലാൽ സിങ് ഛദ്ദ അന്താരാഷ്ട്ര മാർക്കറ്റിൽ വലിയ നേട്ടമുണ്ടാക്കിയിട്ടും ആഭ്യന്തര മാർക്കറ്റിൽ നിരാശ മാത്രം ബാക്കിയാക്കി.

ദക്ഷിണേന്ത്യൻ വെന്നിക്കൊടി

ബോളിവുഡിനെക്കാൾ ഒന്നും രണ്ടുമല്ല ഒരുപാട് പടികൾ മുന്നിലാണ് ഇപ്പോൾ ദക്ഷിണേന്ത്യ, 2022 ലെ ബോക്‌സ് ഓഫീസ് കണക്കുകൾ മാത്രം മതി അവകാശവാദങ്ങൾ ശരിയാണെന്ന് സമർത്ഥിക്കാൻ. ഈ സിനിമകളുടെ ഏഴയലത്ത് എത്താൻ ബോളിവുഡ് സിനിമകൾക്ക് കഴിയുന്നുമില്ല. തമിഴ് ചിത്രം 'വിക്രം' 400 കോടിയാണ് കളക്ഷൻ നേടിയത്. അല്ലു അർജുൻരെ പുഷ്പ ആദ്യമെത്തി. മാസ്റ്റർ ഫിലിം മേക്കർ എന്ന് വിളിക്കപ്പെടുന്ന എസ് എസ് രാജമൗലിയുടെ ചിത്രം ആർ ആർആർ മാർച്ച് 24 തൊട്ട് ബോക്‌സ് ഓഫീസ് ഇളക്കിമറിക്കുന്നു. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരോടൊപ്പമുള്ള ചിത്രം 'ആർആർആർ' 1150 കോടിയോളം കളക്ഷൻ നേടി ഞെട്ടിച്ചു. അതുകഴിഞ്ഞ് വന്ന 'കെജിഎഫ്' രണ്ടാം ഭാഗം അതുക്കും മേലെയായി. റോക്കിംഗ് സ്റ്റാർ യഷിന്റെ ഈ ചിത്രത്തിന്റെ കളക്ഷൻ 1200 കോടിയൊക്കെ കടന്നിട്ട് നാളുകളായി. ഇതിന് ശേഷമാണ് മലയാളി താരങ്ങളായ ഫഹദ് ഫാസിലും നരേനും പിന്നെ തമിഴിൽ നിന്ന് വിജയ് സേതുപതിയും സൂര്യയും സർവോപരി കമൽഹാസനും അണിനിരന്ന വിക്രവും ഈ മെഗാക്കോടി ക്ലബിൽ കയറിപറ്റുന്നത്.

കൈവിടുന്ന പരസ്യലോകവും

ബോളിവുഡ് തകരുകയും സൗത്ത് ഇന്ത്യൻ സിനിമകൾ വമ്പൻ ഹിറ്റാകുകയും ചെയ്യുമ്പോൾ മാർക്കറ്റിങിലെ മാറ്റങ്ങൾ വളരെ പെട്ടെന്ന് പ്രത്യക്ഷവുമായിതുടങ്ങി. പല വലിയ ബ്രാൻഡുകളുടേയും അംബാസിഡർമാരായിരുന്ന ബോളിവുഡ് താരങ്ങളെ ഒറ്റയടിക്ക് മാറ്റി ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങളെ ആ സ്ഥാനത്തേക്ക് പ്രതിഷ്ഠിച്ചു കമ്പനിക്കാർ. പുഷ്പ ഇറങ്ങിയതിനുശേഷം റെഡ് ബസിന്റെ ബ്രാൻഡ് അംബാസഡർ അല്ലു അർജുനായി, ഗ്ലോബൽ ഹിറ്റായ RRRനുശേഷം ഫ്രൂട്ടിയുടേത് രാംചരൺ ആയി, വിജയ് ദേവരകൊണ്ട നേരത്തെ തന്നെ ഒന്നിലധികം ബ്രാൻഡുകളുടെ അംബാസഡറാണ്.

ബോളിവുഡിന്റെ കാലിനടിയിലെ മണ്ണൊലിച്ച് പോകാൻ കാരണം ഒന്നല്ല, പലതാണ്.? ഒന്നാമത്തേത് കഥ ആവശ്യപ്പെടാത്ത ഉയർന്ന ബജറ്റ്, കുത്തനെ കൂടുക മാത്രം ചെയ്യുന്ന താരങ്ങളുടെ പ്രത്യേകിച്ച് നായകന്മാരുടെ പ്രതിഫലത്തുക, സിനിമകളെ രാഷ്ട്രീയവത്കണത്തിന് വിധേയരാക്കുന്നുവെന്ന ആരോപണം , ഉത്തരേന്ത്യൻ പ്രേക്ഷകർക്കപ്പുറത്തേക്ക് വളരുന്ന പാൻ ഇന്ത്യൻ ഓഡിയൻസിനെ തെല്ലും മനസിലാക്കാത്ത ഔട്ട ഡേറ്റഡായ കഥാഘടനയും കഥാപാത്ര സൃഷ്ടിയും. ബോളിവുഡ് ബോയ്കോട്ട് ആഹ്വാനം നടത്തുന്നവർ മാത്രമല്ല സിനിമയെ നന്നായി മനസിലാക്കുന്ന പ്രേക്ഷരും തമ്പ് ഡൗൺ പറയുന്നത് ഈ കാരണങ്ങൾ എടുത്തുപറ‍ഞ്ഞാണ്.

ഉയരുന്ന പ്രതിഫലം

ഉയർന്ന പ്രതിഫലം വാങ്ങുന്ന നായകന്മാരുടെ ചിത്രങ്ങളുടെ ബജറ്റിൻറെ പകുതിയോളം വരുന്നത് ആ പ്രതിഫലത്തിന് തന്നെയാണ്. അക്ഷയ് കുമാര്‍ നായകനായെത്തിയ 'സാമ്രാട്ട് പൃഥ്വിരാജും രക്ഷാബന്ധനും പ്രേക്ഷകര്‍ കൈവിട്ടപ്പോൾ നഷ്ടമായത് കോടികളാണ്. 100 കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന അക്ഷയ് കുമാര്‍ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് വിതരണക്കാര്‍ രംഗത്തെത്തുകയും ചെയ്തതാണ്. ഇതിന് ബോളിവുഡ് ഇൻഡസ്ട്രി ചൂണ്ടിക്കാണിക്കുന്നത് സമാന അനുഭവങ്ങളിൽ എന്ത് ചെയ്യുന്നു ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങൾ എന്ന് ചോദിച്ചുകൊണ്ട് കൂടിയാണ്. തെലുങ്കില്‍ ആചാര്യ എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ ചിരഞ്ജീവി വിതരണക്കാരുടെ നഷ്ടം നികത്തിയത് എടുത്തുപറയുന്നുമുണ്ട്. ഒരു സിനിമ വൻ പരാജയമായാല്‍ തെലുങ്കിൽ മാത്രമല്ല തമിഴിലും വിതരണക്കാരുടെയും നഷ്ടം നികത്താന്‍ താരങ്ങള്‍ മുന്‍കൈ എടുക്കുന്നത് ബോളിവുഡ് ഹീറോകൾ കണ്ടുപഠിക്കണമെന്ന് കൂടി പറ‍ഞ്ഞാണ് ബോയ്കോട്ട് ആഹ്വാനവും.

ഒടിടി എന്ന വില്ലൻ

ഒടിടിയാണോ ബോളിവുഡിനെ തച്ചുടക്കുന്ന അടുത്ത വില്ലൻ ? ആണെന്നും അല്ലെന്നും പറയാൻ വയ്യ.
കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളില്ലായിരുന്നെങ്കിൽ തിയറ്ററുകളിലെത്താതെ കോടികളും ലക്ഷങ്ങളും ചെലവിട്ട് നിർമ്മിച്ച പടം പെട്ടിയിലിരുന്ന് കടംകയറി കുത്തുപാളയെടുത്ത് എത്ര പ്രൊഡ്യൂസർമാർ ആത്മഹത്യചെയ്യുമായിരുന്നു. കഷ്ടി രക്ഷപ്പെട്ടത് റിസ്ക് ടേക്കേഴ്സ് ആയ ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്സും ഹോട്ട്സ്റ്റാറും പോലുള്ള സ്ട്രീമിങ് പ്ലാറ്റ് ഫോമുകൾ ഉള്ളതുകൊണ്ടാണ്. പിൻബഞ്ചിലിരിക്കേണ്ട പൊളിറ്റിക്കൽ ത്രില്ലറുകൾക്ക് പോലും ഒടിടിയിൽ കാണികളുണ്ടായി. ഫലത്തിൽ ഗുണം ചെയ്തില്ലേ ഒടിടി, ഹിന്ദിസിനിമക്ക് എന്ന് ചോദിക്കാം. അപ്പോഴാണ് മറ്റൊരു വശം കൂടി അഭിസംബോധന ചെയ്യപ്പെടുന്നത്. വേണ്ടത് പുതുമയുള്ള കഥയാണ്. പ്രേക്ഷകർ ലോകമെമ്പാടും പരന്നു കിടക്കുന്നതുകൊണ്ട് കണ്ടന്റിൽ കൂടുതൽ നവീകരണം സിനിമ ആവശ്യപ്പെട്ടുതുടങ്ങിയെന്ന് കൂടി പറയണം. ഉത്തരേന്ത്യൻ പ്രേക്ഷകരെ മാത്രം അഭിസംബോധന ചെയ്യാതെ കൂടുതൽ ലോക അപ്പീലീങ് ഉള്ള സിനിമകൾ ഡിമാൻഡ് ചെയ്തുതുടങ്ങി ഒടിടി കാണികൾ. സ്ഥിരം മസാല കഥകളും, വില്ലൻ നായകൻ നായിക ത്രയ കഥാപാത്ര ഘടനയും ക്ലീഷേയായ പ്രണയകഥാമോഡുമെല്ലാം ഈ പ്ലാറ്റ്ഫോമുകളിൽ തിരസ്കരിക്കപ്പെട്ടുതുടങ്ങി. പുതുമ നിർബന്ധമായി തുടങ്ങി. കഥയുടെ പ്രത്യേകതയായി ഹിറ്റ് സിനിമയുടെ ആദ്യ ചേരുവ. സൂപ്പർ താരത്തിന്റെ ഗിമ്മിക്കും ആക്ഷനും നെടുങ്കൻ ഡയലോഗുകളും കൊണ്ട് പടമോടില്ല എന്ന സ്ഥിതിയായി. അവിടെയും പകച്ചുപോയ ബോളിവുഡിന് വലിയ വില കൊടുക്കേണ്ടിവന്നു.

രാഷ്ട്രീയവിലക്കുകൾ

അനാവശ്യ രാഷട്രീയ സ്വാധീനവും രാഷട്രീയ ഐഡിയോളജികളോടുള്ള അനാവശ്യ വിധേയത്വവും ഹിന്ദിസിനിമക്ക് ദോഷം ചെയ്തുവെന്ന് വിലയിരുത്തപ്പെടുന്നു. പല ചരിത്രസിനിമകളും ബയോപിക്കുകളും വിലക്കുകളും നേരിട്ടത് രാജ്യം കണ്ടതാണ്, ഇപ്പോഴുള്ള ഈ ബോയ്കോട്ട് ആഹ്വാനവും ഇതിന്റെ പ്രതിഫലമല്ലാതെ മറ്റൊന്നല്ല. മതപരമായ വ്യക്തികളുടെയോ ചരിത്ര സംഭവങ്ങളുടെയോ ചിത്രീകരണം ഉണ്ടായാൽ അല്ലെങ്കിൽ, മുന്‍കാലങ്ങളില്‍ അഭിനേതാക്കള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ മുൻ നിർത്തി ഒക്കെയാണ് ഈ ബഹിഷ്കരണാഹ്വാനങ്ങൾ. അസഹിഷ്ണുതയെക്കുറിച്ചുള്ള മുന്‍ പരാമര്‍ശങ്ങളുടെ പേരില്‍ ആമിര്‍ ഖാനുംഷാരൂഖ് ഖാനും തപ്സിപന്നുവുമൊക്കെ നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ ചെറുതുമല്ല. ഇതെല്ലാം മറികടന്നുകൊണ്ടാണ് ലാൽ സിങ് ഛദ്ദ അന്താരാഷട്രബോക്സോഫീസ് പിടിച്ചടക്കിയത്.

പ്രതീക്ഷകൾ

ഇനി പ്രതീക്ഷിക്കാനുള്ളത് രണ്‍ബീർപൂറിന്റെ ബ്രഹമാസ്ത്ര, റിത്വിക് റോഷനും സെയ്ഫ് അലിഖാനും ഒരുമിക്കുന്ന വിക്രം വേദയുടെ റീമേക്ക്, രൺവീർ സിങിന്‍റെ സർക്കസ് ഒക്കെയാണ്. എന്നാൽ ഇവിടെയും കണ്ണടച്ച് പ്രതീക്ഷക്കാന് പറ്റില്ല. കാരണം രൺബീർ കപൂറിന്റെ 'ഷംഷേര' ഫ്ലോപ്പായത് ഒരു വശത്ത് ഉണ്ട്. മറുവശത്ത് ബോയ്കോട്ട് ബോളിവുഡ്, എന്ന ബഹിഷ്കരണാഹ്വാനവുമായി ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രെൻഡിങായി തുടരുന്നത്. ലാല്‍ സിംഗ് ഛദ്ദക്കെതിരെയും 'ലാല്‍ സിംഗ് ഛദ്ദ'യെ പിന്തുണച്ച് എത്തിയ ഹൃത്വിക് റോഷന്റെ പുതിയ ചിത്രമായ വിക്രം വേദയ്ക്ക് എതിരെയും ബഹിഷ്‌ക്കരണ ആഹ്വാനമുയർന്നത് സിനിമാലോകം കണ്ടതാണ്. അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധനെരെതിരെയും അതേരീതിയിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പറയുന്ന ആലിയ ഭട്ടിന്റെ 'ഡാര്‍ലിംഗ്‌സ് 'എന്ന സിനിമക്കെതിരെയും പ്രതിഷേധം ശക്തമായിരുന്നു. ഇതിനെല്ലാം പുറമെ, ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന പത്താനും ഈ ബോയ്കോട്ട് ആഹ്വാനത്തിൽ നിന്ന് രക്ഷപ്പെടാൻ സാധ്യത കുറവായിരിക്കും. ഇതിന്റെ എല്ലാമപ്പുറത്ത് 400 കോടി വരെയൊക്കെ സുഖമായി ബോക്സോഫീസ് കളക്ഷൻ നേടിയെടുക്കുന്ന ദക്ഷിണേന്ത്യൻ സിനിമകളുടെ പാൻ ഇന്ത്യൻ അപ്പീൽ കൂടി ശക്തമാകുമ്പോൾ ചെറിയ പ്രതിസന്ധിയിൽ അല്ല ഇന്ത്യൻ സിനിമ എന്ന് ഈയടുത്തകാലത്ത് വരെ അവകാശപ്പെട്ടിരുന്ന ഹിന്ദി സിനിമ ഇപ്പോൾ, നേരിടുന്നത്.
Published by:Anuraj GR
First published: