• HOME
 • »
 • NEWS
 • »
 • opinion
 • »
 • മുഖ്യമന്ത്രി-ഗവ‍ർണർ പോര്: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവിയെ ഓർഡിനൻസ് എങ്ങനെ സ്വാധീനിക്കും?

മുഖ്യമന്ത്രി-ഗവ‍ർണർ പോര്: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവിയെ ഓർഡിനൻസ് എങ്ങനെ സ്വാധീനിക്കും?

ഓർഡിനൻസ് നടപ്പിലായാൽ സംസ്ഥാനത്ത് ഒരു ചാൻസിലറുടെ സ്ഥാനത്ത് ഒന്നിലധികം ചാൻസിലർമാരുണ്ടാവും. ഓർഡിനൻസിന്റെ അനൗചിത്യത്തെക്കുറിച്ചും അതീവ പ്രാധാന്യമുള്ള സ്ഥാപനങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി നിർവീര്യമാക്കുന്നതിനെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്

Photo- (Twitter/@KeralaGovernor/File)

Photo- (Twitter/@KeralaGovernor/File)

 • Last Updated :
 • Share this:
  ശ്രീജിത് പണിക്കർ

  പുഞ്ചി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശയുടെ സാധ്യതകൾ പരിഗണിച്ച് സംസ്ഥാന ഗവർണറെ സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് ഓർഡിനൻസ് വഴി നീക്കാൻ ഒരുങ്ങുകയാണ് കേരള സർക്കാർ. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയമിച്ച വിദഗ്ധരുടെ ഒരു പാനൽ സംസ്ഥാനത്തെ സർവകലാശാലകൾക്ക് വ്യത്യസ്ത ചാൻസിലർമാരെ നിയമിക്കാമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും താൻ ഉൾപ്പെടുന്ന വിഷയമായതിനാൽ ഈ ഓർഡിനൻസ് ഇന്ത്യൻ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് വിടാനായിരിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിക്കുക. ഓർഡിനൻസ് നടപ്പിലായാൽ സംസ്ഥാനത്ത് ഒരു ചാൻസിലറുടെ സ്ഥാനത്ത് ഒന്നിലധികം ചാൻസിലർമാരുണ്ടാവും. ഓർഡിനൻസിന്റെ അനൗചിത്യത്തെക്കുറിച്ചും അതീവ പ്രാധാന്യമുള്ള സ്ഥാപനങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി നിർവീര്യമാക്കുന്നതിനെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

  പെട്ടെന്നുള്ള അയോഗ്യത

  ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാൻ മാത്രമല്ല, ഓർഡിനൻസ് ലക്ഷ്യമിടുന്നത്. ഇനി വരുന്ന ഗവർണർമാർ ആരും തന്നെ ഈ ഓർഡിനൻസ് പ്രകാരം ഇനി ചാൻസിലർ സ്ഥാനത്ത് വരില്ല. ഗവർണറുടെ പെട്ടെന്നുള്ള അയോഗ്യതയെക്കുറിച്ചോ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കേണ്ടതിന്റെ നിലവിലുള്ള ആവശ്യകതയെക്കുറിച്ചോ ഇടതുപക്ഷ സർക്കാർ വ്യക്തമായ ഒരു വിശദീകരണവും നൽകുന്നില്ല. എന്നാൽ മറ്റൊരു തരത്തിൽ കാരണം വ്യക്തമാണ്. സർക്കാരിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെയും (മാർക്സിസ്റ്റ്) അപ്രീതി പിടിച്ച് പറ്റുന്ന തരത്തിലുള്ള രണ്ട് ഇടപെടലുകൾ ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയായ കെ കെ രാഗേഷിൻെറ ഭാര്യ പ്രിയ വർഗീസിന്റെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമനം ബന്ധുത്വ നിയമനമാണെന്ന് ഓഗസ്റ്റ് 18ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചിരുന്നു.

  Also Read-'എന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ വിധികർത്താവാകില്ല'; ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍

  യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ എം എസ് രാജശ്രീയുടെ നിയമനം അസാധുവാക്കിയ സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ച് മറ്റ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തെയും ഗവർണർ ചോദ്യം ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാതെ ഒരാളുടെ പേര് മാത്രം നിർദ്ദേശിക്കപ്പെട്ടതോ നോൺ-അക്കാദമിക് അംഗമുള്ള ഒരു കമ്മിറ്റി മുഖേന നിയമിക്കപ്പെട്ടതോ ആയ വൈസ് ചാൻസിലർമാർ രാജി വെക്കണമെന്നും അതിനു തയ്യാറായില്ലെങ്കിൽ തക്കതായ കാരണം ബോധിപ്പിക്കണമെന്നും അദ്ദേഹം ഒക്ടോബർ 23ന് ആവശ്യപ്പെട്ടു. തങ്ങളുടെ പരിധിയിൽ വരുന്ന വിഷയം അല്ലാതിരുന്നിട്ടും രണ്ട് വിഷയത്തിലും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആരോപണവിധേയരുടെ ഒപ്പം ചേർന്ന് നിൽക്കുകയാണ് ചെയ്തത്.

  അപകടകരമായ ബദൽ

  പുതിയ ചാൻസിലർമാരായി വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ നിയമിക്കണമെന്ന ശുപാർശ പ്രത്യക്ഷത്തിൽ നിരുപദ്രവകരമെന്ന് തോന്നിയേക്കാം. എന്നാൽ നമ്മുടെ അനുഭവങ്ങൾ പരിഗണിക്കുമ്പോൾ തികച്ചും വിപരീത ഫലമാണ് ഈ തീരുമാനം കൊണ്ട് ഉണ്ടാവുക എന്നത് ഉറപ്പാണ്. സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസിലർമാരുടെയും പ്രൊഫസർമാരുടെയും നിയമനത്തിന് കൃത്യമായ മാർഗ്ഗരേഖയും മാനദണ്ഡങ്ങളും ഉണ്ടായിട്ടും നിയമനങ്ങളിൽ എത്രത്തോളം സർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ പ്രതിഫലിക്കുന്നുണ്ടെന്ന് നമുക്ക് നേരിട്ട് ബോധ്യമുള്ള കാര്യമാണ്.

  വൈസ് ചാൻസിലർമാരുടെയും അസോസിയേറ്റ് പ്രൊഫസർമാരുടെയും നിയമനത്തിൽ ഈ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. വൈസ് ചാൻസിലർമാരെ നിയമിക്കുന്ന സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് മേഖലയിലെ വിദഗ്ധർ മാത്രമേ പാടുള്ളൂവെന്ന് മാനദണ്ഡം ഉണ്ടായിട്ടും ഈ കമ്മിറ്റിയിൽ ഏതാണ്ട് എല്ലായ്പ്പോഴും  ചീഫ് സെക്രട്ടറി സ്ഥാനം പിടിച്ചിട്ടുണ്ട്. അക്കാദമിക് വൈദഗ്ധ്യം ഇല്ലാത്തവരെ അക്കാദമിക് വിദഗ്ധരായി പരിഗണിച്ച സർക്കാർ, യോഗ്യതയില്ലാത്ത പാർട്ടി അനുഭാവികളെ ചാൻസലർമാരായി നിയമിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്തേക്കാം.

  ലോകായുക്തയുടെ വഴി

  ഭരണഘടനാപരമായതും സ്വയംഭരണാധികാരമുള്ളതുമായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്നതിനോ അവയുടെ അധികാര പരിധിയെ കവർന്നെടുക്കുന്നതിനോ ഉള്ള ബോധപൂർവമായ ഏതൊരു ശ്രമത്തിനും ജനാധിപത്യ വ്യവസ്ഥയിൽ സ്ഥാനമുണ്ടാവില്ല. ലോകായുക്തയിൽ നിന്നുള്ള ശക്തമായ നടപടികളും പരാമർശങ്ങളും കാരണം ജനപ്രതിനിധികൾക്ക് സ്വന്തം സ്ഥാനം രാജിവെക്കേണ്ടി വരുന്ന അവസ്ഥയെ ഭയന്ന് ലോകായുക്ത തീരുമാനങ്ങളിൽ സർക്കാരിന് മേൽനോട്ട അധികാരം നൽകുന്ന കേരള ലോകായുക്ത (ഭേദഗതി) ബിൽ ഓഗസ്റ്റ് 30 ന് ഇടതുപക്ഷ സർക്കാർ പാസ്സാക്കിയിട്ടുണ്ട്. ഏതൊക്കെ തത്വങ്ങളുടെ പേരിലാണോ ആ സംവിധാനം നിലവിൽ വന്നത്, അവയെത്തന്നെ അട്ടിമറിക്കുന്ന തീരുമാനം.

  Also Read- നിയമനം UGC ചട്ടപ്രകാരമല്ല; കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി

  സമാനമായ രീതിയിൽ വൈസ് ചാൻസിലർമാരെ നാമനിർദ്ദേശം ചെയ്യുന്നതിനായുള്ള മൂന്നംഗ സെർച്ച് കമ്മിറ്റിയെ വിപുലീകരിക്കുന്നതിനും അതുവഴി കമ്മിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുമായി യൂണിവേഴ്സിറ്റി നിയമ (ഭേദഗതി) ബില്ലും ഇടതുപക്ഷ സർക്കാർ സെപ്തംബർ 1ന് പാസ്സാക്കിയിട്ടുണ്ട്. ഗവർണർ ഈ രണ്ട് ബില്ലുകളിൽ ഒപ്പുവെച്ചാൽ പിന്നീട് ലോകായുക്തയും സെർച്ച് കമ്മിറ്റിയും സംസ്ഥാന സർക്കാരിന്റെ കാരുണ്യത്തിലായിരിക്കും പ്രവർത്തിക്കുക.

  സംസ്ഥാന സർവകലാശാലാ നിയമങ്ങളേക്കാൾ പ്രാധാന്യം യുജിസി നിയമത്തിനാണെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സർവകലാശാലാ നിയമ (ഭേദഗതി) ബിൽ വിഭാവനം ചെയ്യുന്ന സെർച്ച് കമ്മിറ്റി പുനഃസംഘടന സംസ്ഥാന സർക്കാരിന് ഗുണം ചെയ്യില്ല. എന്നാൽ നിലവിലെ ഓർഡിനൻസിന് അംഗീകാരം ലഭിച്ചാൽ, തങ്ങൾക്കിഷ്ടമുള്ള ചാൻസിലറെ നിയമിക്കുക വഴി യുജിസി മാനദണ്ഡപ്രകാരം തന്നെ സർക്കാരിന് മൂന്നംഗ സെർച്ച് കമ്മിറ്റിയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയും.

  മറ്റൊരു കാര്യം ചാൻസിലറുടെ സ്ഥാനമാണ്. മന്ത്രിസഭയോ മുഖ്യമന്ത്രിയോ നിശ്ചയിക്കുന്ന ചാൻസലറുടെ സ്ഥാനം മന്ത്രിസഭയുടേയോ മുഖ്യമന്ത്രിയുടേയോ മുകളിലാകാൻ പറ്റില്ല. മുകളിൽ അല്ല എങ്കിൽ അത്തരമൊരു പദവി കൊണ്ട് എന്തെങ്കിലും ഗുണവും ഇല്ല. ഇക്കാര്യത്തിൽ പിന്നീട് വ്യക്തത വരുത്താമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

  ഉന്നത വിദ്യാഭ്യാസമേഖല കടുത്ത പ്രതിസന്ധിയിൽ

  ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കിയാൽ സർക്കാരിന് യാതൊരു എതിർപ്പുമില്ലാതെ രാഷ്ട്രീയ നിയമനങ്ങൾ നടത്താൻ സാധിക്കും. ചാൻസിലർ ഓഫീസിലൂടെ പിൻവാതിൽ നിയമനം ലക്ഷ്യമിട്ട് പാർട്ടി പ്രവർത്തകരും രംഗത്തിറങ്ങാൻ സാധ്യതയുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആർഎസ്എസ്) ഉപകരണമായാണ് പ്രവർത്തിക്കുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചിരുന്നു. എന്നാൽ അത് തെളിയിക്കണമെന്നാണ് ഗവർണർ തിരിച്ചടിച്ചത്. തെളിയിക്കപ്പെട്ടാൽ താൻ സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്നും വെല്ലുവിളിച്ചിരുന്നു. എന്നാൽ രസകരമായ കാര്യം എന്തെന്ന് വെച്ചാൽ ഇതുമായി ബന്ധപ്പെട്ട് പിന്നീട് സംസാരിക്കാൻ പിണറായി വിജയന് ആത്മവിശ്വാസം ഉണ്ടായിട്ടില്ല എന്നതാണ്.

  ഗവർണർ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിക്കുന്നവർ മൊത്തം സംവിധാനത്തെയും ചുവപ്പിൽ പുതപ്പിക്കുകയാണ്. ഇതുവരെ രഹസ്യസ്വഭാവത്തോടെ നടത്തിയ കാര്യങ്ങൾ ഇനിമുതൽ നിർലജ്ജം നടത്താൻ പുതിയ ഓർഡിനൻസ് വഴിയൊരുക്കും. ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ ഭാവി സർവകലാശാലകളുടെ കാഴ്ച്ചപ്പാടിനെ ആശ്രയിച്ചിരിക്കുന്നു. ഓർഡിനൻസിൽ ഗവർണർ ഒപ്പിടാതിരിക്കുന്നത് കേരളത്തിൽ ഉന്നതവിദ്യാഭ്യാസം നടത്തണമെന്ന് ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർഥികളോടുള്ള ഒരു മഹത്തായ സേവനമാകും.

  (രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകൻ. മണികൺട്രോളിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ. അഭിപ്രായം വ്യക്തിപരം. സ്ഥാപനത്തിന്റെ നിലപാടല്ല)

  മണികൺട്രോള്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനം വായിക്കാം 
  Published by:Rajesh V
  First published: