ഡോ.എസ്.എസ്.ലാൽ
പഠനകാലത്ത് തിരുവനന്തപുരത്ത് രണ്ട് കോളേജുകളിൽ വിദ്യാത്ഥി യൂണിയൻ ചെയർമാൻ ആയിരുന്നു ഞാൻ. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയിരുന്നു. കെ.എസ്.യു സംസ്ഥാനക്കമ്മിറ്റിയിൽ ഉണ്ടായിരുന്നു. മെഡിക്കോസ് അസോസിയേഷന്റെ മുതൽ ഐ.എം.എയുടെ വരെ സംസ്ഥാന ഭാരവാഹിയായിരുന്നു.
പി.എസ്.സി പരീക്ഷകളുടെ കാലതാമസം കാരണം എം.ബി.ബി.എസ്. പഠനം കഴിഞ്ഞ് ആറ് വർഷത്തിന് ശേഷമാണ് സർക്കാർ സർവീസിൽ ജോലി കിട്ടിയത്. അതുവരെ സർക്കാരിതര സന്നദ്ധ സംഘടനകളിലും മറ്റും പ്രവർത്തിച്ചു. സ്വകാര്യമേഖലയിൽ ജോലി ചെയ്ത് ജീവിക്കാനുള്ള രീതികൾ അറിയാത്തതിനാൽ അക്കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. പണത്തിന് ബുദ്ധിമുട്ട് വരുമ്പോൾ ടെലിവിഷൻ പരിപാടികൾ പോലുള്ള അധിക ജോലികൾ ചെയ്തു. വിവാഹ ശേഷം സന്ധ്യയുടെ ശമ്പളമുണ്ടായിരുന്നു. ശമ്പളം മാത്രം. അന്ന് സർക്കാർ ശമ്പളം കുറവായിരുന്നു.
ചെലവിന് പണം തികയാത്തപ്പോൾ കടമെടുക്കുമായിരുന്നു. ഈ സമയങ്ങളിൽ കോൺഗ്രസുകാരായ മുഖ്യമന്ത്രിമാരുടെ സ്വകാര്യ ഡോക്ടറായിരുന്നു, അല്ലെങ്കിൽ അവരുമായി അടുത്ത സൗഹൃദത്തിലായിരുന്നു. എന്നാൽ പാർട്ടി വഴി ഒരു നിയമനത്തിനും ശ്രമിച്ചിട്ടില്ല. സർക്കാർ വഴിയുള്ള ഒരു സൗജന്യവും സ്വീകരിച്ചിട്ടില്ല. വന്നവ സ്നേഹത്തോടെ നിരസിക്കുകയായിരുന്നു. സൗജന്യമായി അനുഭവിക്കുന്ന പല സർക്കാർ സൗകര്യങ്ങളും ജനങ്ങളുടെ നികുതി ചൂഷണം ചെയ്യലാണെന്ന് അറിയാമായിരുന്നു. കുടുംബത്തിൽ ധാരാളം പണമുണ്ടായിട്ടല്ല ഇങ്ങനെ ചെയ്തത്. കൈക്കൂലി വാങ്ങാത്ത അച്ഛന്റെയും അമ്മയുടെയും മകനായിരുന്നതുകൊണ്ടായിരുന്നു. 29 വയസിൽ വിവാഹം കഴിഞ്ഞ് സന്ധ്യയെ കൊണ്ടുവന്നത് വാടകവീട്ടിലായിരുന്നു. മുപ്പതിലധികം വർഷം സർക്കാർ ജോലി ചെയ്ത അച്ഛനും അമ്മയ്ക്കും സ്വന്തമായി ഒരു വീടുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല
ഇത്രയും പറയാൻ കാരണമുണ്ട്. ഇന്നത്ത രീതികൾ കാണുമ്പോൾ വലിയ മനോവേദനയുണ്ട്. രാഷ്ട്രീയക്കാരുടെ തട്ടിപ്പുകൾ സാർവത്രികമായിരിക്കുന്നു. സകല സ്ഥലത്തും അഴിമതി. കൈക്കൂലി.
വെള്ളാന കമ്മിഷനുകളുടെ തലപ്പത്തിരിക്കാനാണ് ചെറുപ്പക്കാരായ രാഷ്ട്രീയക്കാർക്ക് പോലും താല്പര്യം. നേതാക്കളെ തീറ്റിപ്പോറ്റാനാണ് അധികാര സ്ഥാനങ്ങൾ ഉണ്ടാക്കുന്നത്. മേലനങ്ങാതെ പലർക്കും സർക്കാർ ശമ്പളം വാങ്ങണം. കാറ് വേണം. സർക്കാർ ചെലവിൽ വീട് വേണം. അഴിമതിക്കും കൈക്കൂലിക്കും സൗകര്യങ്ങൾ വേണം.
പുതിയ തലമുറയിലെ ചില ഡോക്ടർമാർ ഉൾപ്പെടെ കൈക്കൂലിക്ക് പിടിക്കപ്പെടുന്നത് കാണുമ്പോൾ വേദനയും ലജ്ജയും. എനിക്ക് വീടും കാറും ഉണ്ട്. ജോലി ചെയ്ത് വാങ്ങിയത്. ഞാൻ ഇപ്പോഴും ജോലി ചെയ്യുകയാണ്. പല ജോലികൾ. അദ്ധ്വാനം കൊണ്ട് നടത്തുന്ന വീടും ഓടിക്കുന്ന കാറുമാണ് എനിക്കുള്ളത്. ഇലക്ഷന്റെ ഒരു മാസം മാത്രമാണ് ഞാൻ ജോലി ചെയ്യാതിരുന്നത്.
ഒരു തൊഴിലുമെടുക്കാതെ മനുഷ്യർക്ക് എങ്ങനെ രാഷ്ടീയ പ്രവർത്തനം നടത്താൻ കഴിയും എന്ന് എനിക്കിനിയും മനസിലായിട്ടില്ല. നിലവിലുള്ള ജനപ്രതിനിധികളെ ഇതിൽ നിന്ന് ഒഴിവാക്കാം.
ജോലി ചെയ്ത് ജീവിക്കുന്നതുകൊണ്ടാണ് ഇതെഴുതാൻ കഴിയുന്നത്. ജോലി ചെയ്യുമ്പോൾ രാഷ്ട്രീയ പ്രവർത്തനത്തിന് സമയം കുറയില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പൊതുജനാരോഗ്യ രംഗത്ത് ജോലി ചെയ്യുന്നതിലും വലിയ രാഷ്ട്രീയം ഇല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
നമ്മുടെ നാട്ടിലെ ഭൂരിഭാഗം മനുഷ്യരും വളരെ അദ്ധ്വാനിച്ചാണ് ജീവിക്കുന്നത്. എന്നിട്ടും ജീവിക്കാൻ ഒരുപാട് പേർ പാടുപെടുകയാണ്. പഠിക്കാൻ കഴിയാത്തവരും നന്നായി പഠിച്ചിട്ട് ജോലി കിട്ടാത്തവരും ലക്ഷക്കണക്കിനാണ്. അവരുടെ കൂടി നികുതിയുടെ പണമെടുത്താണ് അധികാരത്തിന്റെ അർമാദിക്കലുകൾ.
(ആരോഗ്യ വിദഗ്ധനു൦ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാണ് ലേഖകൻ)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.