• HOME
 • »
 • NEWS
 • »
 • opinion
 • »
 • 'അഞ്ചുമാസക്കാലം പഠനം നടത്തി തയ്യാറാക്കിയെന്ന് പറയുന്ന മാപ്പ് ഒരാഴ്ച ഒരു കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് തയ്യാറാക്കാവുന്നതേയുള്ളൂ'

'അഞ്ചുമാസക്കാലം പഠനം നടത്തി തയ്യാറാക്കിയെന്ന് പറയുന്ന മാപ്പ് ഒരാഴ്ച ഒരു കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് തയ്യാറാക്കാവുന്നതേയുള്ളൂ'

ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി കേരള ഇന്‍ഡിപെന്‍ഡന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ ( കിഫ)

 • Share this:

  ബഹു. കേരള മുഖ്യമന്ത്രി,

  കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വായുദൂരം പശ്ചാത്തല വികസനവും, വാണിജ്യവും, വ്യവസായവും, കാർഷികവൃത്തിയും ഉൾപ്പെടെ തടയുന്ന അതിതീവ്ര നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിയ പരിസ്ഥിതി സംവേദക മേഖല ( ബഫർ സോൺ ) ആയി പ്രഖ്യാപിച്ചു കൊണ്ടുള്ള 2022 ജൂൺമാസം 3-)0 തീയതി പുറപ്പെടുവിച്ച സുപ്രീംകോടതി വിധി താങ്കൾക്ക് അറിവുള്ളതാണല്ലോ. കേരളത്തിലെ പരിസ്ഥിതി തീവ്രവാദികളുടെയും മലയോരമേഖലയെ കുടിയൊഴിപ്പിച്ചു വനവൽക്കരണം നടത്തണമെന്ന് ചിന്തിക്കുന്ന വനം വകുപ്പിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും ഗൂഡ പദ്ധതിക്ക്, മാറിമാറി വന്ന സർക്കാരുകൾ മൗനസമ്മതം നൽകി കേരളത്തിന്റെ മലയോര മേഖലയിലെ ജനങ്ങളുടെ മുകളിൽ അടിച്ചേൽപ്പിച്ചതാണ് ഈ വിധി എന്ന് സുപ്രീംകോടതി വിധിയുടെ നാൾവഴികൾ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. 2050 ഓടുകൂടി കേരളത്തെ കാർബൺ ന്യൂട്രൽ ആക്കും എന്ന് പ്രഖ്യാപിക്കുന്ന താങ്കൾ മനസ്സിലാക്കേണ്ടത് 29.65% വനവും 5 9% വൃക്ഷാവരണവും ഉള്ള കേരളം ഇപ്പോൾതന്നെ കാർബൺ ന്യൂട്രൽ ആണെന്ന വസ്തുതയാണ്.

  ബഫർ സോണിൽ ഉൾപ്പെട്ട് വരുന്ന ജനവാസ മേഖലയെയും ഗൃഹ, വ്യാവസായിക ആവശ്യങ്ങൾക്കായുള്ള നിർമിതികളെയും സർക്കാർ സ്ഥാപനങ്ങളെയും പൊതു സ്ഥാപനങ്ങളെയും സംബന്ധിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് സെൻട്രൽ എംപവേർഡ് കമ്മിറ്റിക്ക് നൽകുന്നതിനായി 2022 ജൂലൈ മാസത്തിൽ ചുമതല ഏൽപ്പിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ കമ്മീഷന്റെ 13-12-2022 തീയതിയിൽ പുറത്തുവിട്ട ബഫർസോൺ മാപ്പും 23-12-2022 തീയതിക്ക് മുമ്പായി പരാതികൾ ഉണ്ടെങ്കിൽ അറിയിക്കണം എന്ന പൊതുനിർദ്ദേശവും ആണ് ഈ കത്തിന് ആധാരം.

  ടി പൊതുജനങ്ങൾക്കായുള്ള നിർദ്ദേശത്തിൽ പറഞ്ഞിരിക്കുന്നത് മാപ്പ് പരിശോധന നടത്തി തങ്ങളുടെ ഉടമസ്ഥതയിലും കൈവശത്തിലും ഉള്ള നിർമിതികൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അറിയിക്കണം എന്നാണ്. മാപ്പുകൾ പരിശോധന നടത്തി നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് അടിസ്ഥാനപരമായ സാങ്കേതിക ജ്ഞാനം ഇല്ലാത്ത, സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ നിർദ്ദേശം. നിർദ്ദേശപ്രകാരം പ്രവർത്തിക്കുവാൻ ജനങ്ങൾക്ക് സാധിക്കുകയില്ല എന്ന് ഉറപ്പോടുകൂടി ‘ ജനങ്ങളെ കേൾക്കുവാൻ സമയം നൽകി’ എന്ന് ഭാവിയിൽ നടത്താൻ ഉദ്ദേശിക്കുന്ന വിശദീകരണത്തിന് മുൻകൂട്ടിയെടുക്കുന്ന കരുതൽ ‘പ്രശംസനീയം’ ആണെന്ന് പറയാതെ വയ്യ.

  24 വന്യജീവി സങ്കേതങ്ങളിൽ ഒന്നുമാത്രമായ എറണാകുളം നഗര ഹൃദയത്തിൽ നിൽക്കുന്ന മംഗളവനത്തിന്റെ ബഫർ സോണിൽ ഉൾപ്പെട്ടു വരുന്ന എല്ലാ നിർമിതികളും കൃത്യമായിട്ട് ഉൾക്കൊള്ളിച്ച് മാപ്പ് തയ്യാറാക്കുന്നതിന് കാണിച്ച ശുഷ്കാന്തി സാധാരണ ജനങ്ങൾ താമസിച്ചുവരുന്ന ബാക്കി 23 വന്യജീവി സങ്കേതങ്ങളുടെ ബഫർ സോണിൽ ഉൾപ്പെട്ട് വരുന്ന നിർമ്മിതികൾ കൃത്യമായി അടയാളപ്പെടുത്തുന്നതിന് കാണിച്ചിട്ടില്ല എന്നുള്ളത് കേരളത്തിലെ സാധാരണക്കാരനോട് ഭരണവർഗ്ഗം കാണിക്കുന്ന വിവേചനവും അവഗണനയും വെളിവാക്കുന്നതാണ്.

  ഏതാനും ചില വ്യക്തികളുടെ ജോലി സുരക്ഷയെ മാത്രം ബാധിക്കുന്ന വിഷയത്തിൽ എത്രത്തോളം ചർച്ചകളും പഠനങ്ങളും നിയമനിർമ്മാണ ശ്രമങ്ങളും താങ്കളുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനം കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നടത്തി എന്നുള്ളത് കേരളം കണ്ടതാണ്. അങ്ങനെയുള്ള വിഷയങ്ങളിൽ സമരങ്ങൾ നടത്തുന്നതിന് പ്രതിപക്ഷം കാണിച്ച ശുഷ്കാന്തിയുടെ ഒരംശം പോലും ബഫർ സോൺ വിഷയത്തിൽ പ്രതിപക്ഷം കാണിക്കുന്നില്ല എന്നുള്ളതും വനവൽക്കരണത്തിന്റെ ഗൂഡ പദ്ധതിയിൽ സർക്കാരിന്റെ വഴികൾ ആയാസ രഹിതം ആക്കുന്നു എന്നത് പ്രത്യേകം പരാമർശനീയമാണ്.

  നിലവിൽ പുറത്തുവിട്ടിരിക്കുന്ന മാപ്പും നിർദ്ദേശങ്ങൾ അടങ്ങിയ കത്തും അടിസ്ഥാനപരമായ യാതൊരുവിധ പഠനങ്ങളും നടത്താതെ ‘ബഫർ സോൺ വിഷയത്തിൽ സർക്കാർ ക്രിയാത്മകമായി ഇടപെടുന്നുണ്ട്’ എന്ന പ്രഹസനം കാണിക്കുന്നതിന് വേണ്ടി മാത്രം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് എന്ന് തുറന്ന് ആരോപിക്കാൻ കിഫ നിർബന്ധിതമാവുകയാണ്.

  ബഹു സുപ്രീംകോടതിയുടെ വിധി ന്യായത്തിൽ ബഫർ സോൺ പ്രഖ്യാപിക്കുന്നതിന് കാരണമായി പറഞ്ഞിരിക്കുന്ന വനത്തിനുള്ളിൽ നടക്കുന്ന ഖനനം, വന്യജീവികളുടെ എണ്ണത്തിൽ കുറവ്, വനത്തിന്റെ ശോഷണം എന്നീ മൂന്നു കാര്യങ്ങളും കേരളത്തിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതങ്ങൾക്ക് ഉണ്ടാകുന്നില്ല എന്ന വ്യക്തമായ കാരണം കാണിച്ച്, ഇപ്രകാരം ഒരു വിധി വരുന്നതിനെ ഒഴിവാക്കുന്നതിന് ശ്രമിക്കേണ്ടിയിരുന്ന സർക്കാർ ഇപ്പോഴും യഥാർത്ഥ വസ്തുതകൾ ബോധ്യപ്പെടുത്തി ഈ സാഹചര്യത്തെ മറികടക്കുന്നതിന് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല.

  പകരം മാനിന്റെ കാവൽ പുലിയെ ഏൽപ്പിക്കുന്നത് പോലെ വനവൽക്കരണത്തിന്റെ അപ്പസ്തോലന്മാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ക്രമീകരിച്ചിരിക്കുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ കമ്മീഷൻ അഞ്ചുമാസക്കാലം പഠനം നടത്തി തയ്യാറാക്കിയതായി പറയുന്ന മാപ്പ്, സാങ്കേതിക പരിജ്ഞാനം ഉള്ള ഒരു വ്യക്തിക്ക് കേവലം ഒരാഴ്ച ഒരു മുറിക്കുള്ളിലെ കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് തയ്യാറാക്കാവുന്നതേയുള്ളൂ എന്ന് അറിയിക്കേണ്ടി വരുന്നതിൽ ഖേദമുണ്ട്. മലയോര മേഖലയിലെ ജനങ്ങളുടെ സാധാരണ ജീവിതം അസാധ്യമാക്കുന്ന ബഫർസോൺ പ്രതിസന്ധിയിൽ ഉൾപെട്ടു പോകാൻ സാധ്യതയുള്ളത് ഏകദേശം രണ്ട് ലക്ഷത്തിൽപരം നിർമിതികൾ ആണ് എന്ന് താങ്കളെ ഓർമ്മപ്പെടുത്തുന്നു. ഈ വിഷയത്തിൽ ജനപക്ഷ നിലപാട് സ്വീകരിക്കണമെന്ന് താങ്കൾ താല്പര്യപ്പെടുന്നുണ്ടെങ്കിൽ താഴെപ്പറയുന്ന നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് കേരളത്തിലെ സാധാരണ ജനങ്ങൾക്ക് വേണ്ടി കിഫ ആവശ്യപ്പെടുന്നു.

  • നിർദ്ദേശങ്ങൾ
  1.  സാധാരണ ജനങ്ങൾക്ക് ആക്ഷേപം അറിയിക്കുന്നതിന് വേണ്ടി നൽകിയിരിക്കുന്ന 23-12-2022 എന്ന സമയം അപര്യാപ്തമാകയാൽ കുറഞ്ഞത് 31-01-2023 തീയതി വരെ നീട്ടി നൽകുക.
  2.  ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ കമ്മീഷന്റെ കൈവശമുള്ള KML മാപ്പ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ പുറത്തുവിടുക.
  3. ബഫർ സോണിൽ ഉൾപ്പെട്ടുവരുന്ന സ്ഥലങ്ങളിൽ അതിർത്തി ലക്ഷ്യങ്ങൾ കുറഞ്ഞത് ഒരു കിലോമീറ്റർ ദൂരത്തിൽ ഇടവിട്ട് ഗ്രൗണ്ടിൽ അടയാളപ്പെടുത്തുക. അപ്രകാരമുള്ള അതിരടയാളങ്ങളുടെ ജിയോ കോർഡിനേറ്റുകൾ പ്രസിദ്ധീകരിക്കുക.
  4.  ഈ വിഷയങ്ങളിൽ മതിയായ പഠനങ്ങൾ നടത്തുന്നതിന് സമയം ദീർഘിപ്പിച്ച് ലഭിക്കുന്നതിനുവേണ്ടി സെൻട്രൽ എംപവേർഡ് കമ്മിറ്റിക്കും സുപ്രീംകോടതിക്കും അപേക്ഷ നൽകുക.
  5.  റവന്യൂ ഭൂമിയുടെ അധികാരം ഭരണഘടനയിൽ ഇപ്പോഴും സംസ്ഥാന വിഷയമാണ് എന്നും വനം വകുപ്പിന് റവന്യൂ ഭൂമിയുടെ മുകളിൽ അധികാരമില്ല എന്നും വനേതര ഭൂമിയിലേക്ക് വന നിയമങ്ങൾ ഇറക്കി കൊണ്ടുവരുന്നതിനെ തടയേണ്ടത് ആവശ്യമാണ് എന്നും ബോധ്യപ്പെട്ട് ഈ വിഷയത്തിൽ പഠനം നടത്തുന്നതിന് കൃഷിവകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും , വ്യവസായ വകുപ്പിന്റെയും, സ്വതന്ത്ര കർഷക സംഘടനകളുടെയും പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ട് സുതാര്യമായ സംവിധാനത്തെ രൂപീകരിക്കുക. ഈ ആവശ്യങ്ങളിൽ ജനപക്ഷ നിലപാടുകൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  അലക്സ് ഒഴുകയിൽ

  (കേരള ഇന്‍ഡിപെന്‍ഡന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (കിഫ) ചെയര്‍മാനാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

  Published by:Arun krishna
  First published: