മാർക്സിസം, യുക്തിരഹിതമായ രാഷ്ട്രീയ വിശ്വാസം

Last Updated:

#പ്രൊഫസർ മൈക്കിൾ ഹ്യൂമെർ ( യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയിൽ ഫിലോസഫി വിഭാഗം പ്രൊഫസർ. കാൽനൂറ്റാണ്ടിനിടെ എപിസ്റ്റമോളജിയിലും ഫിലോസഫി ഓഫ് മെമ്മറിയിലും ഉണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ പ്രബന്ധങ്ങളിൽ ചിലത് ഹ്യൂമെർ എഴുതിയതാണ്. എപിസ്റ്റമോളജിയും പൊളിറ്റിക്കൽ ഫിലോസഫിയും ഹ്യൂമെറിന്റെ ഇഷ്ട മേഖലകൾ)

യുക്തിരഹിതമായ രാഷ്ട്രീയവിശ്വാസത്തിന് ഉദാഹരണമായി ഞാൻ മാർക്സിസത്തെ ചൂണ്ടിക്കാണിക്കാറുണ്ടെന്നത് പലർക്കുമറിയുന്ന കാര്യമാണ്. ബൗദ്ധിക വൃത്തങ്ങളിൽ ഇതു വിവാദാത്മകമാണ് (തീർച്ചയായും ചിലർക്ക് ഈ കുറിപ്പ് കടുത്ത കോപമുണ്ടാക്കിയേക്കാം). അതിനർത്ഥം ആ പറഞ്ഞത് സത്യമല്ല എന്നല്ല; ചില യുക്തിരാഹിത്യങ്ങൾക്കു ബൗദ്ധികവൃത്തങ്ങളിൽ പ്രചാരമുണ്ടെന്നു മാത്രമാണ്. വസ്തുത പറഞ്ഞാൽ, യുക്തിരഹിതമായ രാഷ്ട്രീയവിശ്വാസത്തിന്റെ മകുടോദാഹരണമായാണു ഞാൻ മാർക്സിസത്തെ കാണുന്നത്. മാർക്സിസം യുക്തിരഹിതമല്ലെങ്കിൽ മറ്റൊന്നും യുക്തിരഹിതമല്ല. ഒരു സാമൂഹ്യസിദ്ധാന്തം എത്രത്തോളം ദൃഢതയോടെ ഖണ്ഡിക്കപ്പെടാമോ അത്രത്തോളം ദൃഢതയോടെ ഖണ്ഡിക്കപ്പെട്ടിട്ടുള്ളതാണു മാർക്സിസം. ചിലപ്പോൾ ആളുകളെന്നോട് എന്തുകൊണ്ട് ഞാനിതു പറയുന്നുവെന്നു വിശദീകരിക്കാൻ ആവശ്യപ്പെടാറുണ്ട്.
ദൃഢതയോടെ ഖണ്ഡിക്കപ്പെട്ടതാണു മാർക്സിസം എന്നു ഞാൻ പറയുന്നതെന്തു കൊണ്ടാണ് എന്നിടത്തു നിന്നു തുടങ്ങാം.
 സൈദ്ധാന്തികമായ വികാസങ്ങൾ:
മാർക്സിന്റെ കൃതി പൂർത്തിയായതിനു ശേഷം വൈകാതെ തന്നെ അതിൽ അന്തർലീനമായ സാമ്പത്തികസിദ്ധാന്തം ആ മേഖല ഒന്നാകെ തള്ളിക്കളയുകയും ആ സാമ്പത്തികസിദ്ധാന്തത്തെ അസാധുവാക്കിക്കൊണ്ട് അതിനെക്കാൾ മികച്ച മറ്റൊരു സിദ്ധാന്തം വരികയും ചെയ്തു. അക്ഷരാർത്ഥത്തിൽ തന്നെ (മാർക്സിസ്റ്റ് മർദ്ദകഭരണകൂടങ്ങൾക്കു പുറത്ത്) വിഷയത്തെ പഠിക്കുന്നവരാരും അദ്ധ്വാനമൂല്യ സിദ്ധാന്തത്തിൽ (Labour Theory of Value) വിശ്വസിക്കുന്നില്ല. അദ്ധ്വാനമൂല്യ സിദ്ധാന്തമില്ലാതെ മിച്ച മൂല്യസിദ്ധാന്തമുണ്ടാവില്ല (Theory of Surplus Value), ചൂഷക സിദ്ധാന്തവുമുണ്ടാവില്ല (Theory of Exploitation). ആത്യന്തികമായി മുതലാളിത്തത്തിനെതിരായ വിമർശനം പരാജയപ്പെടുകയും ചെയ്യും. ഞാൻ പറയുന്നതു മനസ്സിലാവുന്നില്ലെങ്കിൽ, നിങ്ങൾക്കു വിലസിദ്ധാന്തത്തെക്കുറിച്ചുള്ള (price theory) ഏതെങ്കിലുമൊരു അംഗീകൃത പുസ്തകം വായിച്ചു നോക്കാം. മോഡേൺ പ്രൈസ് തിയറിയെക്കുറിച്ചു പഠിച്ചാൽ, നിങ്ങൾ അത് അംഗീകരിക്കുമെന്നു മാത്രമല്ല അദ്ധ്വാനമൂല്യ സിദ്ധാന്തത്തെ തള്ളിക്കളയുകയും ചെയ്യും. അത്രയ്ക്കു വ്യക്തമാണത്.
advertisement
ചരിത്രപരമായ വികാസങ്ങൾ:
മാർക്സിസം പലതവണ പരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ആസ്ത്രേലിയയും അന്റാർട്ടിക്കയുമൊഴികെ, വ്യത്യസ്തങ്ങളായ സംസ്കാരങ്ങൾ നിലവിലുള്ള പല രാജ്യങ്ങളിൽ അതു പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്തരായ വ്യക്തികളാൽ, സിദ്ധാന്തത്തിന്റെ വ്യത്യസ്തഭാഷ്യങ്ങളാൽ, വ്യത്യസ്തകാലഘട്ടങ്ങളിൽ, അതു പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഓരോ തവണയും ഭീകരമായ വിധത്തിൽ അതിനു പിഴവു പറ്റി. ഒരു തവണയോ രണ്ടു തവണയോ അല്ല, പറ്റിയ പിഴവുകൾ ചെറുതുമായിരുന്നില്ല. ഏറ്റവും മെച്ചപ്പെട്ട പരീക്ഷണങ്ങളിൽ അതു കടുത്ത ദാരിദ്ര്യവും അധികാരദുർവിനിയോഗവും ഉണ്ടാക്കി. ഏറ്റവും മോശപ്പെട്ട പരീക്ഷണങ്ങളിൽ, ചരിത്രത്തിലെ ഏറ്റവും നിഷ്ഠുരമായ മനുഷ്യക്കെടുതികളുണ്ടാക്കി. ഇരുപതാം നൂറ്റാണ്ടിലെ മാർക്സിസ്റ്റ് ഭരണകൂടങ്ങൾ അതാതു രാജ്യങ്ങളിൽ കൊന്നു കളഞ്ഞിട്ടുള്ള ജനങ്ങളുടെ എണ്ണം പത്തു കോടിക്കും പതിനഞ്ചു കോടിക്കുമിടയ്ക്കാണ്. ഞാൻ മനസ്സിലാക്കിയേടത്തോളം മാർക്സിസ്റ്റാവുക എന്നാൽ, ഇതെല്ലാം അറിഞ്ഞുകൊണ്ടു തന്നെ, അതു വീണ്ടും പരീക്ഷിക്കണം എന്ന വിശ്വാസം വെച്ചുപുലർത്തലാണ്.
advertisement
പ്രവചനാത്മകത
ഇതൊന്നും മാർക്സിനു പ്രതീക്ഷിക്കാനാവില്ലായിരുന്നല്ലോ എന്നാണു നിങ്ങൾ പറയാൻ തുടങ്ങുന്നതെങ്കിൽ - അദ്ദേഹത്തിനിതെല്ലാം പ്രതീക്ഷിക്കാമായിരുന്നു. ഭരണകൂടത്തിനു സർവ്വാധികാരങ്ങളും കൊടുത്താൽ അതു പ്രശ്നങ്ങളുണ്ടാക്കുമെന്നു മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഇരുപതാം നൂറ്റാണ്ടു വരെ ഗവണ്മെന്റുകളുടെ ചരിത്രം ശുദ്ധശൂന്യമായിരുന്നെന്നും, പെട്ടെന്ന്, ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തിയ ആളുകൾ അധികാരത്തെ ദുർവ്വിനിയോഗം ചെയ്യുകയായിരുന്നുവെന്നും പറയാനാവില്ലല്ലോ! ഇതു വലതുപക്ഷസൈദ്ധാന്തികതയുടെ വാദവുമല്ല. മിഖായേൽ ബക്കൂനിൻ മാർക്സിന്റെ സമകാലികനായിരുന്ന ഒരു സോഷ്യലിസ്റ്റ് അനാർക്കിസ്റ്റ് ആയിരുന്നു. തീവ്ര-ഇടതുപക്ഷവാദി. മാർക്സിസ്റ്റ്സ് അധികാരത്തിലെത്തിയാൽ എന്താണു സംഭവിക്കാൻ പോവുന്നതെന്ന് അദ്ദേഹം മാർക്സിനു മുന്നറിയിപ്പു കൊടുത്തു – തൊഴിലാളിവർഗ്ഗത്തിന്റെ സർവ്വാധിപത്യം പുതിയ ചൂഷകരുടെയും മർദ്ദകരുടെയും വർഗ്ഗത്തെ സൃഷ്ടിക്കുമെന്ന്. മാർക്സിന്റെ നിരീക്ഷണങ്ങളെ കുറിച്ചു കേൾക്കുന്ന നിമിഷം മനുഷ്യവർഗ്ഗത്തെ പരിചയമുള്ള ആരും തീർച്ചയായും ഉന്നയിക്കുന്ന എതിർപ്പായിരിക്കും ഇത്.
advertisement
ബക്കൂനിന്റെ മുന്നറിയിപ്പുകളെ മാർക്സ് തള്ളിക്കളഞ്ഞത് തുടർച്ചയായ വ്യക്ത്യധിക്ഷേപങ്ങളിലൂടെയും സ്വമതാന്ധ്യം നിറഞ്ഞ പ്രസ്താവനകളിലൂടെയുമാണ്. ബക്കൂനിനുള്ള മാർക്സിന്റെ മറുപടിയിൽ നിന്ന്: “Schoolboy drivel!” “The ass! This is democratic nonsense, political windbaggery!” (The Marx-Engels Reader, 543-5). പക്ഷെ ബക്കൂനിൻ പ്രവചിച്ചതാണു പിന്നീടു കൃത്യമായി നടന്നത്. ഈ ഉദാഹരണം ഞാൻ പറഞ്ഞത്, ഒരു കടുത്ത ഇടതുപക്ഷവാദിക്കു പോലും ഈ വലിയ പ്രശ്നത്തെ, പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ, മുൻകൂട്ടി കാണാൻ സാധിച്ചു എന്നു പറയാനാണ്.
advertisement
കമ്മ്യൂണിസത്തിനെതിരെയുള്ള രണ്ടാമത്തെ വാദം, സമൂഹനന്മയ്ക്കു വേണ്ടി നിസ്സ്വാർത്ഥരായി ആളുകൾ ജോലി ചെയ്യില്ല എന്നതാണ്. അപ്രതീക്ഷിതമോ പുതിയതായി ഇരുപതാം നൂറ്റാണ്ടിൽ കണ്ടുപിടിക്കപ്പെട്ടതോ ഒന്നുമല്ല ഇത്. മുൻപു പറഞ്ഞതു പോലെ, മനുഷ്യവർഗ്ഗത്തെ പരിചയമുള്ള ആർക്കും എവിടെയാണു പിഴവു പറ്റുക എന്ന കാര്യം ആലോചിച്ചാൽ സ്വാഭാവികമായി എത്തിച്ചേരാവുന്ന തീർപ്പാണത്. സമൂഹത്തെ സമൂലം പരിഷ്കരിക്കണമെന്നാഗ്രഹിക്കുന്ന ഒരാൾ, എവിടെയാണു പിഴവു പറ്റുക എന്നതാലോചിക്കാൻ സമയം ചെലവിടുന്നില്ലെങ്കിൽ അയാൾ യുക്തിരാഹിത്യം കാണിക്കുന്നയാളാണ്.
ഒരു ഡെമൊക്രറ്റിക് സോഷ്യലിസ്റ്റ് ആയിരുന്ന ബർട്രൻഡ് റസലിനു മാർക്സിനെ കുറിച്ചു പറയാനുണ്ടായിരുന്നത് ഇതാണ്: “എനിക്കു മാർക്സിനോടുള്ള എതിർപ്പ് രണ്ടു തരത്തിലാണ്. ഒന്ന്, അയാൾ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നയാളാണ് എന്നത്; ഇനിയൊന്ന്, വെറുപ്പാണ് അയാളുടെ ചിന്തകൾക്കു മുഴുവനായും പ്രചോദനമായി വർത്തിച്ചിരുന്നത് എന്നതും.” 1920ൽ, ബോൾഷെവിക്കുകൾ അധികാരത്തിലെത്തി കുറച്ചു വർഷങ്ങൾക്കു ശേഷം, റസൽ റഷ്യ സന്ദർശിക്കുകയുണ്ടായി. അങ്ങനെയൊരു പ്രാരംഭഘട്ടത്തിൽ തന്നെ കമ്യൂണിസം ഒരു പരാജയമാണെന്ന തീർപ്പിൽ അദ്ദേഹം എത്തിച്ചേർന്നിരുന്നു. ഈ ഉദാഹരണം ഞാൻ പറയുന്നത്, വീണ്ടും, മാർക്സിസത്തിന്റെ പ്രശ്നങ്ങൾ തിരിച്ചറിയാൻ ഒരാൾക്കു വലതുപക്ഷത്തേക്കു പോവേണ്ട കാര്യമൊന്നുമില്ല എന്നു പറയാനാണ്.
advertisement
ഇതിനെല്ലാം ശേഷം, ആരെങ്കിലും ഇന്ന്, “നമ്മൾ മാർക്സിസത്തെ ഒരുതവണ കൂടി പരീക്ഷിക്കണം” എന്നു പറയുകയാണെന്നിരിക്കട്ടെ, തെളിവുകൾ വെച്ചു പരിശോധിച്ചാൽ അത് യുക്തിപൂർവ്വമായ പ്രതികരണമാവില്ല എന്നാണ് എന്റെ പക്ഷം. യുക്തിസഹമായി ഒരാൾക്ക് അങ്ങനെ പറയാനാവില്ല.
എന്നിരിക്കിലും ഞാൻ കഴിഞ്ഞുപോരുന്ന ലോകത്ത് (എക്കാഡമിക് ലോകത്ത്) മാർക്സിസ്റ്റ്സിനെ കണ്ടുമുട്ടാനാവും. അവർ പൊതുവിൽ സാധാരണയാളുകൾ തന്നെയാണ്, ചിലപ്പോൾ നല്ലയാളുകൾ പോലുമാണ്. ബുദ്ധിയുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണ്. മാർക്സിസ്റ്റ്സ് ആണ് എന്നതു മാത്രമായിരിക്കും ഒരു കുറവ്. എന്താണു സംഭവിക്കുന്നതെന്ന് എനിക്കും അറിയില്ല; രാഷ്ട്രീയം ആളുകളുടെ യുക്തിപരതയെ നിർജ്ജീവമാക്കുന്നു എന്നതൊഴികെ.
advertisement
ഒരു കാര്യം കൂടി. മാർക്സിന്റെ പ്രബലവും പരിശോധിക്കാവുന്നതുമായ പ്രവചനങ്ങൾക്ക് ഏറെക്കുറെ വിപരീതമായാണു പലതും നടന്നത്. ഉദാഹരണത്തിന്: മദ്ധ്യവർഗ്ഗം ശുഷ്കമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യും എന്നത്, അടിസ്ഥാനവർഗ്ഗം വികസിക്കും എന്നത്, എല്ലാവരും ദരിദ്രരാവുകയും, മുതലാളിത്തം അതിനകത്തെ വൈരുദ്ധ്യങ്ങൾ നിമിത്തം തകരുകയും ചെയ്യും എന്നത്. അതിനുപകരം മദ്ധ്യവർഗ്ഗം വികസിച്ചു, അടിസ്ഥാനവർഗ്ഗം ചുരുങ്ങി, എല്ലാവരും സമ്പന്നരായി, മുതലാളിത്തം വികസിച്ചു, കമ്മ്യൂണിസം തകർന്നു.
(വിവർത്തനം: പ്രജേഷ് പണിക്കർ)
[വിവർത്തകന്റെ കുറിപ്പ്: മുതലാളിത്തം അതിനകത്തെ വൈരുദ്ധ്യങ്ങൾ നിമിത്തം തകരും എന്നതോ, പല പ്രകാരങ്ങളിൽ മുതലാളിത്തം വേഷപ്രച്ഛന്നത കാണിച്ചുവരും എന്നതോ, മുതലാളിത്തത്തിന്റെ കാര്യത്തിലല്ല, മറിച്ച് കമ്മ്യൂണിസത്തിന്റെ കാര്യത്തിൽ തന്നെയാണു ശരിയായി വന്നത് എന്നൊരു നിരീക്ഷണം ആർച്ചി ബ്രൗണിന്റെ കമ്യൂണിസ്റ്റ് വിമർശനത്തിലുമുണ്ട്.]
മലയാളം വാർത്തകൾ/ വാർത്ത/Opinion/
മാർക്സിസം, യുക്തിരഹിതമായ രാഷ്ട്രീയ വിശ്വാസം
Next Article
advertisement
എറണാകുളത്ത് ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി
എറണാകുളത്ത് ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി
  • എറണാകുളം കളമശേരിയിൽ ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി ലഭിച്ചു.

  • അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

  • പീഡന പരാതിയിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു, പ്രതി ഒളിവിലാണെന്നാണ് വിവരം.

View All
advertisement