• HOME
  • »
  • NEWS
  • »
  • opinion
  • »
  • പോപ്പുലര്‍ ഫ്രണ്ട് നിരോധനം രാഷ്ട്രീയ കേരളത്തോട് വിളിച്ചു പറയുന്നത്

പോപ്പുലര്‍ ഫ്രണ്ട് നിരോധനം രാഷ്ട്രീയ കേരളത്തോട് വിളിച്ചു പറയുന്നത്

'ഇനി മറ്റേതെങ്കിലും സംഘടന ഏതെങ്കിലും തരത്തിൽ പിഎഫ്ഐയെ സാമ്പത്തികമായി സഹായിക്കാൻ ശ്രമിച്ചാൽ കേന്ദ്ര ഏജൻസികളുടെ പിടിവീഴുമെന്ന് ഉറപ്പ്'

PFI

PFI

  • Share this:
#ശ്രീജിത് പണിക്കർ

നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (പി എഫ് ഐ Popular Front Of India) രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഓഫീസുകളുണ്ടെങ്കിലും കാര്യമായി പ്രവർത്തിച്ചിരുന്നത് കേരളം കേന്ദ്രീകരിച്ചാണ്. നിരോധനത്തിന് മുമ്പ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ എൻഐയുടെയും ഇഡിയുടെയും നേതൃത്വത്തിൽ ഏറ്റവും ശക്തമായ റെയ്ഡ് നടന്നത് കേരളത്തിലാണ്. മാത്രമല്ല, സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കൾ അറസ്റ്റിലായിട്ടുള്ളതും കേരളത്തിൽ നിന്ന് തന്നെയാണ്. സാമൂഹിക സംഘടനയെന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച പിഎഫ്ഐ ചുരുങ്ങിയ കാലം കൊണ്ടാണ് രാജ്യത്തെ ഒരു തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായി പരിണമിച്ചത്. കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളും വലതുപക്ഷ വിരുദ്ധ രാഷ്ട്രീയ അടിത്തറയെയും ചൂഷണം ചെയ്ത് കൊണ്ടാണ് അവർ വളർന്നത്. വർഗീയതയെ ചെറുക്കാൻ ഇച്ഛാശക്തിയില്ലാത്ത കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയക്കാരാണ് പിഎഫ്ഐയെ വളർത്തിയതെന്ന് മറ്റൊരർഥത്തിൽ പറയാം.

തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു

വരുന്ന രണ്ട് പതിറ്റാണ്ടിനുള്ളിൽ കേരളത്തെ മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റാനാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ലക്ഷ്യമെന്ന് 2010 ജൂലൈയിൽ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ പറഞ്ഞിരുന്നു. പിഎഫ്ഐ തുടങ്ങി നാലു വർഷത്തിനുള്ളിലാണ് ഈ പ്രസ്താവന വന്നത്. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ മിക്ക വിഷയങ്ങളിലും വിഎസുമായി വിയോജിപ്പിലായിരുന്നു എങ്കിലും ഇക്കാര്യത്തിൽ അദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു. 2012ൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പിഎഫ്ഐ വർഗീയ സംഘടനയാണെന്ന് വ്യക്തമാക്കുന്ന രേഖകളുമായി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ നടന്ന സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.

പ്രീണനമില്ലെങ്കിൽ വിജയമില്ല

കഴിഞ്ഞ പത്ത് വർഷത്തിനിടയിലാണ് കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വലിയ തോതിൽ വളർന്നത്. അതിൻെറ രാഷ്ട്രീയ സംഘടനയായ സോഷ്യൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (SDPI) ഈ വളർച്ചയിൽ വലിയ പങ്കുണ്ട്. പിഎഫ്ഐയുടെ അപ്രതീക്ഷിതമായ വളർച്ച കാരണം സിപിഐഎമ്മിനും കോൺഗ്രസിനും അവരെ ആശ്രയിക്കേണ്ടതായി വന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ എസ്ഡിപിഐ നിർണായകശക്തിയായി മാറി. പ്രാദേശിക ഘടകങ്ങൾ പരിഗണിച്ച് ഇരുപാർട്ടികൾക്കും എസ്ഡിപിഐ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

അവർക്ക് പലയിടങ്ങളിലും ഭരിക്കുന്ന പാർട്ടിയെ സമ്മർദ്ദത്തിലാക്കാൻ സാധിച്ചു. വിശ്വാസ വോട്ടെടുപ്പിൽ നിർണായക സ്വാധീനമായി ഇരുപാർട്ടികൾക്കും സഹായം നൽകി. പകരം അവർക്ക് അധികാരവും സ്ഥാനമാനങ്ങളും ലഭിച്ചു. പ്രാദേശിക തലത്തിൽ എസ്ഡിപിഐയോടുള്ള മൃദുസമീപനം കാരണം കോൺഗ്രസിനെതിരെയും സിപിഎമ്മിനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് വരെ ഈ രഹസ്യ ബന്ധം ഇരുപാർട്ടികളും പരസ്യമായി സമ്മതിച്ചിട്ടില്ല.

തിരുവനന്തപുരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ സിപിഐഎമ്മിനെയും കോൺഗ്രസിനെയും പിന്തുണച്ചിരുന്നതായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ഒരു എസ്ഡിപിഐ നേതാവ് വെളിപ്പെടുത്തിയിരുന്നു. ബിജെപി ശക്തമായ ഇടങ്ങളിൽ അവരുടെ സ്ഥാനാർഥിക്കെതിരായ വോട്ട് ഭിന്നിച്ച് പോകാതിരിക്കാൻ വേണ്ടിയാണ് തങ്ങൾ ഇത് ചെയ്തത് എന്നായിരുന്നു വിശദീകരണം. ഇതിൽ സിപിഎം മത്സരിച്ച ഇടത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഈ പ്രസ്താവന വന്നിരുന്നു. എന്നാൽ പത്ത് വർഷം മുമ്പ് വർഗീയ സംഘടനയെന്ന തരത്തിൽ പിണറായി വിജയനും പരാമർശിച്ച ആ കൂട്ടരുടെ വോട്ട് വേണ്ടെന്ന് സിപിഎം ഇക്കുറി പറഞ്ഞില്ല.

എസ്ഡിപിഐ നേരിടുന്ന കുരുക്ക്

പിഎഫ്ഐയുമായി ഏറ്റവും അടുപ്പമുള്ള പ്രസ്ഥാനമാണ് എസ്ഡിപിഐ. എന്നാൽ രജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയ പാർട്ടിയായതിനാൽ എസ്ഡിപിഐയെ നിരോധിക്കാൻ കേന്ദ്രത്തിന് സാധിക്കില്ല. നിരോധിക്കപ്പെട്ടില്ലെങ്കിലും എസ്ഡിപിഐ മറ്റ് പാർട്ടികളുമായി പ്രാദേശിക തലത്തിലെ ധാരണ ഇനി വലിയ ചർച്ചകൾക്ക് വഴിതെളിക്കും. ഇത് ആ പാർട്ടികളുടെ നേതാക്കൾക്ക് വലിയ തലവേദനയാവും. അതിനാൽ പലയിടങ്ങളിലും രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിയാനും സാധ്യതയുണ്ട്. എസ്ഡിപിഐ ബന്ധത്തിന്റെ ഗുണഭോക്താക്കൾ പ്രധാനമായും സിപിഎമ്മും കോൺഗ്രസും ആയതിനാൽ അവർ ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയണം. ഇനി എസ്ഡിപിഐയെ നിരോധിച്ചാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവും.

പിഎഫ്ഐ പുതിയ അവതാരമെടുത്താൽ

നിലവിൽ പിഎഫ്ഐയുടെ പ്രധാനസംഘാടകരും ധനസമാഹരണത്തിന് നേതൃത്വം നൽകിയവരും ചിന്തകരും അഴിക്കുള്ളിലാണ്. സംഘടനയ്ക്ക് അവരുടെ ആസ്തികൾ നഷ്ടമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അവരുടെ സാമ്പത്തിക അടിത്തറ ഏകദേശം പൂർണമായും തകർന്ന് കഴിഞ്ഞു. ഇനിയൊരു തിരിച്ചുവരവ് അസാധ്യമല്ലെങ്കിലും അസംഭവ്യമാണ്. നിരോധനവുമായി ബന്ധപ്പെട്ട കേസുകൾ നടത്താനും സെപ്തംബർ 23 ഹർത്താലുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളുടെ നഷ്ടപരിഹാരം അടയ്ക്കുന്നതിനുമായിതന്നെ സംഘടന വലിയ തുക കണ്ടെത്തേണ്ടതുണ്ട്.

ഇനി മറ്റേതെങ്കിലും സംഘടന ഏതെങ്കിലും തരത്തിൽ പിഎഫ്ഐയെ സാമ്പത്തികമായി സഹായിക്കാൻ ശ്രമിച്ചാൽ കേന്ദ്രഏജൻസികളുടെ പിടിവീഴുമെന്ന് ഉറപ്പാണ്. മറ്റ് സംസ്ഥാനങ്ങളിൽ പിഎഫ്ഐയുടെ ഓഫീസുകൾ അടച്ച് പൂട്ടിക്കൊണ്ടിരിക്കുമ്പോൾ അവരുടെ ശക്തികേന്ദ്രമായ കേരളത്തിൽ ഹർത്താലിൻെറ നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

സംഘപരിവാർ എന്ന പൊതുശത്രു

കോൺഗ്രസിനെയും സിപിഎമ്മിനെയും പോലെത്തന്നെ പിഎഫ്ഐയും തങ്ങളുടെ രാഷ്ട്രീയ ശത്രുവാണ് സംഘപരിവാർ എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. പിഎഫ്ഐയെ നിരോധിക്കാൻ കേരളത്തിൽ നിന്ന് ശുപാർശ ഉണ്ടായെന്ന് 2018ൽ കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു. എന്നാൽ അത് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സംഘടനകളെ നിരോധിക്കുന്നത് തങ്ങളുടെ നയമല്ലെന്നും വ്യക്തമാക്കി. അഥവാ ഏതെങ്കിലും സംഘടന നിരോധിക്കപ്പെടണമെങ്കിൽ ആദ്യത്തേത് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ആണെന്ന് അദ്ദേഹം റിജിജുവിന് മറുപടി നൽകുകയും ചെയ്തു.

ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റാലിയിൽ ഒരു ചെറിയ കുട്ടി ഒരു പ്രവർത്തകൻെറ തോളിൽ കയറിയിരുന്ന് ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും എതിരെ വിദ്വേഷ മുദ്രാവാക്യം വിളിക്കുന്നത് കേരളം ഞെട്ടലോടെയാണ് കണ്ടത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വർഗീയ അജണ്ട എത്ര ആഴത്തിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ സംഭവം. എന്നാൽ ആ സമയത്ത് പോലും കേരളത്തിലെ പ്രധാന പാർട്ടികളായ സിപിഎമ്മും കോൺഗ്രസും പിഎഫ്ഐയെ നിരോധിക്കണമെന്ന് ആവശ്യമുന്നയിച്ചില്ല.

ഒടുവിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സർക്കാർ നിരോധിച്ചതോടെ ആലപ്പുഴയിൽ കേട്ടത് പോലുള്ള വർഗീയ വിദ്വേഷ മുദ്രാവാക്യങ്ങൾ സമീപ ഭാവിയിലെങ്കിലും കേൾക്കേണ്ടി വരില്ലെന്ന് നമുക്ക് കരുതാം. എന്നാൽ രാഷ്ട്രീയ അഭയം തേടാൻ ഒരുങ്ങുന്ന നിരോധിക്കപ്പെട്ട വർഗീയ സംഘടനയുടെ രക്ഷകർതൃത്വത്തിന് സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചാൽ അത് അങ്ങേയറ്റം ആപൽകരമാകും.

എല്ലാത്തിനും ഒടുവിൽ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുകയാണ്. ആലപ്പുഴയിൽ കേട്ടത് പോലുള്ള വർഗീയ വിദ്വേഷ മുദ്രാവാക്യങ്ങൾ ഇനി കേരളം കേൾക്കേണ്ടി വരില്ലെന്ന് നമുക്ക് കരുതാം. എന്നാൽ സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നിരോധിക്കപ്പെട്ട സംഘടനയുടെ രക്ഷകർതൃത്വം വഹിക്കാനാണ് കേരളത്തിലെ പ്രധാനപ്പെട്ട മുഖ്യധാരാ പാർട്ടികൾ ശ്രമിച്ചാൽ അപകടകരമായ കാര്യമാണ്. രാഷ്ട്രീയ അഭയം തേടാനാണ് പിഎഫ്ഐ നിലവിൽ ശ്രമിക്കുന്നത്.

(രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകൻ. മണികൺട്രോളിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ. അഭിപ്രായം വ്യക്തിപരം. സ്ഥാപനത്തിന്റെ നിലപാടല്ല)
Published by:user_57
First published: