'ഫെഡറലിസത്തെ ദുര്ബലപ്പെടുത്താനും ഭരണഘടനാ മൂല്യങ്ങളെ അപ്രസക്തമാക്കാനുമുള്ള ശ്രമങ്ങളെ പ്രതിരോധിക്കും'
- Published by:Anuraj GR
- news18-malayalam
Last Updated:
കേരള നിയമസഭാ സമുച്ചയത്തില് ഇന്നു മുതല് ജനുവരി 15 വരെ സംഘടിുപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തെക്കുറിച്ച് സ്പീക്കർ എ എൻ ഷംസീർ എഴുതുന്നു
എ.എന്. ഷംസീർ
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില് 100ഓളം പ്രസാധകരുടെ 200ല്പ്പരം ബുക്സ്റ്റാളുകളാണ് ഒരുക്കുന്നത്. പുസ്തക പ്രകാശനങ്ങള്, എഴുത്തുകാരുമായുള്ള സംവാദങ്ങള്, പാനല് ചര്ച്ചകള്, വിഷന് ടോക്കുകള് തുടങ്ങി നിരവധി അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ നിയമസഭാ ലൈബ്രറികളേക്കാള് ഏറെ മികവുകള് പുലര്ത്തുന്നതാണ് കേരള നിയമസഭാ ലൈബ്രറി. ഗ്രന്ഥ ശേഖരണത്തിന്റേയും ഇന്ഫര്മേഷന് സര്വീസിന്റേയും കാര്യത്തില് മുന്നിരയിലുള്ള നമ്മുടെ നിയമസഭാ ലൈബ്രറിയില്, സഭാ രേഖകളും ചരിത്ര രേഖകളും പൊതുവിജ്ഞാനവും സര്ഗാത്മക രചനകളും തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ആധികാരിക ഗ്രന്ഥങ്ങള് ഉള്പ്പെടെ 1,15,000 പുസ്തകങ്ങളുണ്ട്.
advertisement
1921ല് ട്രാവന്കൂര് ലെജിസ്ലേറ്റീവ് ലൈബ്രറി എന്ന പേരിലാണ് നമ്മുടെ ലൈബ്രറി പ്രവര്ത്തനം ആരംഭിച്ചത്. 1949ല് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചപ്പോള് ട്രാവന്കൂര് കൊച്ചി അസംബ്ലി ലൈബ്രറിയായും 1956ല് ഐക്യ കേരള പിറവിയോടെ കേരള നിയമസഭാ ലൈബ്രറിയെന്ന പേരിലും പ്രവര്ത്തിച്ചുവരുന്നു. സമാനതകളില്ലാത്ത നിരവധി നിയമനിര്മാണങ്ങള്ക്ക് സാക്ഷ്യം വഹിച്ച കേരള നിയമസഭയ്ക്കു കരുത്തുപകര്ന്ന ചരിത്രമാണ് നിയമസഭാ ലൈബ്രറിയ്ക്കുള്ളത്. പ്രവര്ത്തന മികവിന്റെ 100 വര്ഷങ്ങള് താണ്ടിയ വേളയില് കേരള നിയമസഭയുടെ ആഭിമുഖ്യത്തില് ശതാബ്ദി ആഘോഷങ്ങള് സമുചിതമായി നടന്നുവരികയാണ്.
advertisement
കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവവും സാംസ്കാരിക സായാഹ്നങ്ങളും ഒട്ടേറെ പ്രത്യേകതകള് കൊണ്ട് സമ്പന്നമാണ്. മറ്റൊരു നിയമസഭയും ഇത്തരത്തിലുള്ള ഒരു അക്ഷര- സാഹിത്യ- സാംസ്കാരിക വിനിമയത്തിന് വേദിയൊരുക്കിയിട്ടില്ല. നിയമസഭാ സമുച്ചയത്തില് ഇന്നു മുതല് 15 വരെയാണ് അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. പൊതുജനങ്ങള്ക്ക് ഈ ദിവസങ്ങളില് സഭാ സമുച്ചയത്തില് പ്രവേശനം നല്കും.
140 നിയമസഭാ നിയോജക മണ്ഡലങ്ങളില് നിന്നും വിദ്യാർഥികളടക്കമുള്ളവര് നിയമസഭാ മന്ദിരത്തിലേക്ക് പുസ്തകോത്സവത്തില് പങ്കാളികളാകാനായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർഥികള്ക്ക് നിയമസഭയും ലൈബ്രറിയും നിയമസഭാ മ്യൂസിയവുമൊക്കെ കാണാനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള് പുസ്തകോത്സവത്തിന്റെ 7 രാവുകളില് കലാവിരുന്നൊരുക്കുന്നുമുണ്ട്. കുടുംബശ്രീ ഒരുക്കുന്ന രുചിക്കൂട്ടുകള് നുണയാന് ഭക്ഷണശാലകളും ഉണ്ടാവും. ഒരു ജനകീയോത്സവമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം മാറുകയാണ്.
advertisement
“”പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ പുത്തനൊരായുധമാണ് നിനക്കത് പുസ്തകം കൈയിലെടുത്തോളൂ…” വിഖ്യാത നാടകകൃത്തും കവിയുമായ ബ്രഹ്തോള്ഡ് ബ്രഹ്തിന്റെ ഈ വരികള് കാലാതിവര്ത്തിയാണ്. പുസ്തകത്തിന്റെ, അക്ഷരത്തിന്റെ അതിലൂടെ ആര്ജിക്കുന്ന അറിവിന്റെ പ്രാധാന്യത്തെയും ആവശ്യകതയേയും കുറിച്ചാണ് ബ്രഹ്ത് പറയുന്നത്.
പുസ്തകങ്ങളും അക്ഷരങ്ങളും ആയുധമാക്കേണ്ട ഒരു വര്ത്തമാനത്തിലാണ് നാം ജീവിക്കുന്നത്. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളിക്കപ്പെടുന്നു. ഫെഡറലിസത്തെ ദുര്ബലപ്പെടുത്താനും ഭരണഘടനാ മൂല്യങ്ങളെ അപ്രസക്തമാക്കാനും ശ്രമിക്കുന്നു. അത്തരമൊരു കാലത്ത് അറിവിന്റെ ലോകത്തെ കൂടുതല് പ്രകാശിപ്പിക്കുക എന്നത് ജനാധിപത്യത്തിനെതിരായ വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള പരിശ്രമമാണ്. കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തെ രാജ്യമെമ്പാടുമുള്ള ജനാധിപത്യവാദികള് സാകൂതം വീക്ഷിക്കുന്നത് അതിനാലാണ്.
advertisement
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില് 100ഓളം പ്രസാധകരുടെ 200ല്പ്പരം ബുക്സ്റ്റാളുകളാണ് ഒരുക്കുന്നത്. പുസ്തക പ്രകാശനങ്ങള്, എഴുത്തുകാരുമായുള്ള സംവാദങ്ങള്, പാനല് ചര്ച്ചകള്, വിഷന് ടോക്കുകള് തുടങ്ങി നിരവധി അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളും മുതിര്ന്നവരുമൊക്കെ അറിവിന്റെ, അക്ഷരത്തിന്റെ, പുസ്തകങ്ങളുടെ ഈ മഹോത്സവം ആസ്വദിക്കുമെന്നതുറപ്പാണ്. ജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിന്റെ കുതിപ്പിനെ കൂടുതല് ഊര്ജസ്വലമാക്കാന് നിയമസഭയിലെ ഈ മാനവികോത്സവം നിമിത്തമാകുമെന്നത് ഉറപ്പാണ്.
പുതുവിജ്ഞാനത്തിന്റെ സ്രോതസുകളായി നാടിനാകെ വെളിച്ചമേകാന് പാകത്തില് നിയമസഭാ ലൈബ്രറിയിലേക്കുള്ള പ്രവേശനം പൊതുജനങ്ങള്ക്ക് കൂടി ലഭ്യമാക്കുവാനും ഈ വേളയില് തീരുമാനിച്ചിട്ടുണ്ട്. അനൗപചാരിക സര്വകലാശാലകളാണ് ഗ്രന്ഥശാലകള്. അവയിലൂടെ നടക്കുന്ന സാംസ്കാരിക ഇടപെടല് ചെറുതല്ല. നവകേരളത്തിന്റെ നിര്മിതിയില് കൈകോര്ത്തുകൊണ്ട് നമുക്ക് അറിവിന്റെ ആകാശ നീലിമ സ്വന്തമാക്കാം.
advertisement
(കേരള നിയമസഭാ സ്പീക്കറാണ് ലേഖകൻ)
Location :
Thiruvananthapuram,Kerala
First Published :
January 09, 2023 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'ഫെഡറലിസത്തെ ദുര്ബലപ്പെടുത്താനും ഭരണഘടനാ മൂല്യങ്ങളെ അപ്രസക്തമാക്കാനുമുള്ള ശ്രമങ്ങളെ പ്രതിരോധിക്കും'