• HOME
 • »
 • NEWS
 • »
 • opinion
 • »
 • ഒരു പ്രിന്റ് പോലും അവശേഷിക്കാതെ നിർമാതാവിന് രണ്ടു ലക്ഷം രൂപ നഷ്ടം വരുത്തിയ ചിത്രത്തിന് 75 വയസ്സ്

ഒരു പ്രിന്റ് പോലും അവശേഷിക്കാതെ നിർമാതാവിന് രണ്ടു ലക്ഷം രൂപ നഷ്ടം വരുത്തിയ ചിത്രത്തിന് 75 വയസ്സ്

നിര്‍മ്മല സിനിമയുടെ 75-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സാംസ്കാരിക മന്ത്രി വി.എന്‍. വാസവന്‍. നവംബർ 19ന് കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററിൽ നടത്തിയ പ്രസംഗം

 • Share this:
  'നിർമല' (Nirmala) സിനിമയുടെ 75 വര്‍ഷം എന്നത് സിനിമാചരിത്രത്തിന്റെ 75 വർഷം മാത്രമല്ല, കേരളത്തിന്റെ ഒരു നിശബ്ദ വിപ്‌ളവത്തിന്റെ തുടര്‍ച്ചയുടെ ജൂബിലി കൂടിയാണ്. കാരണം ഇത് ഒരു വ്യക്തി ലാഭേച്ഛയോടെ ചെയ്ത ഒരു വ്യവസായിക ഉദ്യമം ആയിരുന്നില്ല. മലയാളത്തില്‍ സിനിമ എന്ന മാധ്യമം വേണം എന്ന ഒരുകൂട്ടം ആളുകളുടെ ചിന്തയില്‍ നിന്ന് ജനിച്ച കുഞ്ഞായിരുന്നു.

  കേരളത്തില്‍ 1942 പുറത്തിറങ്ങിയ സിനിമയ്ക്ക് ശേഷം മലയാള ചിത്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ സമയത്ത് മലയാളത്തില്‍ മലയാളികളുടെ ചിത്രം എന്ന ചിന്തയ്ക്ക് തുടക്കമിടുന്നത് വള്ളത്തോളാണ്. ക്ഷേത്രമതിക്കെട്ടിനുള്ളില്‍ നിന്ന് കലകളെ ജനകീയമാക്കി മാറ്റിയ വള്ളത്തോളിന്റെ കലാവിപ്‌ളവത്തിന്റെ തുടര്‍ച്ചാണ് ഇത്. വള്ളത്തോള്‍ നാരായണമേനോന്റ പ്രേരണയിലാണ് അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തായിരുന്ന പി.ജെ. ചെറിയാന്‍ സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. നാടകകലാകാരനും ഫോട്ടോഗ്രാഫറും ചിത്രകാരനുമായിരുന്ന ചെറിയാന്‍ ഒരിക്കലും കലയില്‍ നിന്ന് വ്യവസായ നേട്ടം കണ്ടിരുന്നില്ല എന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള കുറിപ്പുകള്‍ വായിച്ചതില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുള്ളത്.

  മലയാള സംഗീതനാടകരംഗത്തെ അമരക്കാരിലൊരാളായിരുന്നു പി.ജെ. ചെറിയാനെന്ന് വിശേഷിപ്പിക്കാം. കേരള ടാക്കീസിന്റെ പ്രഥമ സംരംഭമായിരുന്നു ഈ ചിത്രം. വള്ളത്തോള്‍ തന്നെ മുന്നില്‍ നിന്നായിരുന്നു സിനിമയ്ക്കുവേണ്ടിയുള്ള ധനസമാഹരണം. കൊച്ചി രാജകുടുംബത്തില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി സാമ്പത്തിക സഹായം ലഭിച്ചു. ഒരു സഹകരണ സംരഭമായിരുന്നു എന്നു വേണമെങ്കിലും പറയാം.

  ചെറിയാന്റെ മകനായ ജോസഫ് ചെറിയാനായിരുന്നു ഈ ചിത്രത്തിലെ നായകന്‍. നായിക ജോസഫ് ചെറിയാന്റെ ഭാര്യ ബേബിയും. ഇവര്‍ക്കു പുറമേ പി.ജെ. ചെറിയാന്റെ മകള്‍ ഗ്രേസിയും മറ്റ് ചില ബന്ധുക്കളും അദ്ദേഹത്തിന്റെ നാടകസംഘാംഗങ്ങളും ഈ അഭിനയിച്ചു. മുടക്കുമുതല്‍ തിരിച്ചു പിടിക്കുന്നതില്‍ സിനിമ വിജയിച്ചില്ല. ചെറിയാന് 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. നിര്‍മാണവും സംവിധാനവും സംഗീതവും അടക്കം ഒരു സിനിമയുടെ എല്ലാ മേഖലയും മലയാളികള്‍ കൈകാര്യം ചെയ്ത ആദ്യ ചിത്രമായിരുന്നു നിര്‍മ്മല.

  നിര്‍മ്മലയ്ക്ക് 75 തികഞ്ഞപ്പോള്‍ മറ്റൊന്നു കൂടി അതിനൊപ്പം സംഭവിച്ചു മലയാള പിന്നണിഗാന ശാഖയ്ക്ക് 75 തികഞ്ഞു. അതിനു മുന്‍പ് ഇറങ്ങിയ ബാലന്‍, ജ്ഞാനാംബിക, പ്രഹ്ലാദ എന്നീ ചിത്രങ്ങളില്‍ പാട്ടുകളുണ്ടെങ്കിലും നടീനടന്‍മാര്‍ തന്നെ പാടുകയായിരുന്നു. അതിനാണ് നിര്‍മ്മല മാറ്റം വരുത്തിയത്. ഇതില്‍ പതിനഞ്ച് ഗാനങ്ങളാണ് ഉണ്ടായിരുന്നത്.

  സിനിമയില്‍ ഗാനങ്ങള്‍ എഴുതിയത് ജി. ശങ്കരകുറുപ്പുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മലയാള സിനിമാപിന്നണി ഗാനചരിത്രത്തിലെ ആദ്യഗാനം എഴുതിയത് മഹാകവി ജി. ശങ്കരക്കുറുപ്പാണ്. ഇ.ഐ. വാര്യര്‍ സംഗീതം നല്‍കിയ നിര്‍മ്മലയിലെ 'ഏട്ടന്‍ വരുന്ന ദിനമേ...' എന്ന ഗാനമാണ് അത്. വള്ളത്തോളാണ് ആ ഗാനം അദ്ദേഹത്തെക്കൊണ്ട് എഴുതിച്ചത്.

  ഈ ഗാനം പാടിയത്. വിമല ബി. വര്‍മ്മ എന്ന ആറാം ക്ളാസുകാരി. നിര്‍മലയില്‍ പി. ലീല പാടിയ ഗാനങ്ങള്‍ ഉണ്ടെങ്കിലും മലയാള സിനിമയില്‍ ആദ്യം റെക്കോഡ് ചെയ്തത് വിമല ബി. വര്‍മ്മയുടേതാണ്. സേലത്തെ മോഡേണ്‍ തീയറ്ററില്‍ വെച്ചായിരുന്നു ഗാനങ്ങളുടെ റെക്കോര്‍ഡിംഗ്. അതേ ചിത്രത്തില്‍ അഭിനയിക്കാനും അന്ന് അവര്‍ക്ക് അവസരം കൈവന്നു. ഇതിലൂടെ മറ്റൊരു റെക്കോഡും ഈ ഗായികയ്ക്ക് ഉണ്ട്. മലയാളത്തില്‍ ആദ്യ ഡബിള്‍ റോളുകാരി എന്ന ബഹുമതി. നിര്‍മ്മല എന്ന നായിക കഥാപാത്രത്തിന്റെ അനിയത്തിയായും ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ വരുന്ന ലളിത എന്ന കഥാപാത്രമായും അവര്‍ അഭിനയിച്ചു.

  1956ല്‍ ഓള്‍ ഇന്ത്യാ റേഡിയോ കോഴിക്കോട് നിലയത്തില്‍ ചേര്‍ന്ന അവര്‍ 1993ല്‍ സ്വയം വിരമിച്ചു. നിര്‍മ്മല റിലീസ് ആയതോടെ വിമലയും പ്രശസ്തയായി.

  സങ്കടകരമായ കാര്യം നിര്‍മ്മയുടെ ഒരു പ്രിന്റ് പോലും ലഭ്യമല്ല എന്നതാണ്. ആ സിനിമയുടെ കഥയും, ഗാനങ്ങളും എന്നും ചരിത്രത്തിന്റെ ഭാഗമായി ഉണ്ടാകും. അടുത്തിടെ ഏട്ടന്‍ വരുന്ന ദിനമേ. എന്ന പാട്ട് വാട്സാപ്പിലൂടെ വീണ്ടും കേള്‍ക്കാന്‍ ഇടയായിരുന്നു. ചടുല സംഗീതം ഇഷടപ്പെടുന്ന പുതു തലമുറ ആ പാട്ടിനെ ആഘോഷമാക്കുകയായിരുന്നു. എത്ര നാള്‍ കഴിഞ്ഞാലും മികവുറ്റ കലാസൃഷ്ടികള്‍ സ്വീകരിക്കപ്പെടും എന്നതിന്റെ തെളിവാണ്.

  (നിര്‍മ്മല സിനിമയുടെ 75-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സാംസ്കാരിക മന്ത്രി വി.എന്‍. വാസവന്‍. നവംബർ 19ന് കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററിൽ നടത്തിയ പ്രസംഗം)
  Published by:user_57
  First published: