Exclusive | അഫ്​ഗാനിസ്ഥാന് ഇന്ത്യയുടെ പിന്തുണയും സ​ഹായവും വേണം: താലിബാൻ ആഭ്യന്തര മന്ത്രി

Last Updated:

'സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാൻ ഞങ്ങൾക്ക് ഇന്ത്യയുടെ സഹകരണം ആവശ്യമാണ്'- സിറാജുദ്ദീൻ ഹക്കാനി

2001 സെപ്തംബർ 11 ആക്രമണത്തിന്റെ സൂത്രധാരനും അൽ-ഖ്വയ്ദ തലവനുമായ അയ്മാൻ അൽ-സവാഹിരിയുടെ മരണത്തിന് രണ്ട് ദിവസം മുൻപ് ഹഖാനി നെറ്റ്‌വർക്ക് മേധാവിയും താലിബാന്റെ മുതിർന്ന നേതാവും അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രിയുമായ സിറാജുദ്ദീൻ ഹഖാനിയുമായി (Sirajuddin Haqqani) സിഎൻഎൻ-ന്യൂസ് 18 സംസാരിച്ചിരുന്നു. അഫ്ഗാനിസ്ഥാന് വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് ഇന്ത്യൻ സർക്കാരിന്റെ സഹായം ആവശ്യമാണെന്നും, ഇത് പ്രതിസന്ധിയിലായ രാജ്യത്തിന് വലിയ സഹായമാകുമെന്നുമെന്നുമാണ് സിറാജുദ്ദീൻ ഹഖാനി ഊന്നിപ്പറഞ്ഞത്.
''സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാൻ ഞങ്ങൾക്ക് ഇന്ത്യയുടെ സഹകരണം ആവശ്യമാണ്. ഞങ്ങൾക്ക് ലോജിസ്റ്റിക്കൽ പിന്തുണയും ആവശ്യമാണ്. പൂർത്തിയാകാത്ത പദ്ധതികൾ പൂർത്തീകരിക്കാൻ ഈ മേഖലയിൽ ഇന്ത്യയുടെ സഹായം ഞങ്ങൾ പ്രതീക്ഷിക്കുന്നു'', എന്നും ഹഖാനി ന്യൂസ് 18 ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു. കാബൂളിലെ ഇന്ത്യൻ എംബസി വീണ്ടും തുറക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ സ്വാഗതം ചെയ്ത ഹഖാനി, വ്യാപാര സ്ഥാപനങ്ങളും നയതന്ത്ര, ദേശീയ സ്ഥാപനങ്ങളും സുരക്ഷിതമാണെന്ന് അഫ്ഗാൻ സർക്കാർ ഉറപ്പു വരുത്തുമെന്നും പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന അൽ-ഖ്വയ്ദ, ലഷ്കർ-ഇ-തൊയ്ബ എന്നിവയെക്കുറിച്ചുള്ള ഇന്ത്യൻ സുരക്ഷാ സ്ഥാപനങ്ങളുടെ ആശങ്കകളെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു രാജ്യത്തിനുമെതിരായി അഫ്​ഗാനിസ്ഥാൻ പ്രവർത്തിക്കില്ല എന്നയിരുന്നു മന്ത്രിയുടെ മറുപടി. അഭിമുഖത്തിന്റെ പ്രസക്ത ഭാ​ഗങ്ങളാണ് ചുവടെ
advertisement
ഇതാദ്യമായാണ് നിങ്ങൾ ഒരു ഇന്ത്യൻ ടിവി ചാനലിനോട് സംസാരിക്കുന്നത്. ഇന്ത്യൻ പ്രേക്ഷകരോട് നിങ്ങളുടെ നിലപാട് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
ആദ്യം തന്നെ ഇത്തരമൊരു അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിന് നിങ്ങളുടെ രാജ്യത്തിനും രാജ്യത്തെ എല്ലാ ജനങ്ങൾക്കും നിങ്ങളുടെ ചാനലിനും ഞാൻ നന്ദി പറയുന്നു. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ നിലവിൽ വന്നതിനെക്കുറിച്ച് ഇന്ത്യയിലും ലോകമെമ്പാടും നിലനിൽക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 20 വർഷക്കാലം അഫ്ഗാനിസ്ഥാൻ പിടിച്ചടക്കാൻ സാമ്രാജ്യത്വ ശക്തികൾ ശ്രമം നടത്തിവരികയാണ്. ഞങ്ങളുടെ രാജ്യത്തെ സാമ്രാജ്യത്വ ശക്തികളുടെ പിടിയിൽ നിന്നും മോചിപ്പിക്കാനുള്ള വിശുദ്ധ ജിഹാദ് നടത്തുക എന്നത് ന്യായമായ അവകാശമാണ്. ഇന്ത്യയുമായും ഞങ്ങളുടെ അയൽ രാജ്യങ്ങളുമായും നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. സ്വാതന്ത്ര്യവും പരമാധികാരവും ആത്മാഭിമാനവും ഞങ്ങളുടെ ന്യായമായ അവകാശമാണ്.
advertisement
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ കീഴിൽ, ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനിൽ എന്ത് പങ്കാണ് വഹിക്കാനാവുക? ഇന്ത്യയുടെ നയതന്ത്ര ദൗത്യം പുനരാരംഭിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്?
അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം വലുതാണ്. സർക്കാരുകൾ മാറും. പക്ഷേ അഫ്ഗാനിസ്ഥാനിൽ ചില വികസന പദ്ധതികൾ ആരംഭിച്ചതിനാൽ ഞങ്ങൾക്ക് ഇന്ത്യയെ ആവശ്യമാണ്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം ചരിത്രത്തിൽ ഇടം നേടുകയും ചെയ്യും. ഇന്ത്യൻ എംബസി കാബൂളിൽ വീണ്ടും തുറക്കുന്നതും അതിന്റെ സുഗമമായ പ്രവർത്തനവും കാലഘട്ടത്തിന്റെ ആവശ്യമാണ്.
advertisement
അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് (ജെഎം), ലഷ്‌കർ ഇ തൊയ്ബ (എൽഇടി) എന്നിവയെക്കുറിച്ചും അവ ഇന്ത്യയ്ക്ക് ഭീഷണിയാകുന്നതിനെക്കുറിച്ചും ഇന്ത്യൻ സുരക്ഷാ സ്ഥാപനങ്ങൾക്ക് നിരവധി ആശങ്കകളുണ്ട്. നിങ്ങൾ അത് അംഗീകരിക്കുന്നുണ്ടോ?
അഫ്ഗാനിസ്ഥാൻ കഴിഞ്ഞ നാൽപതു വർഷമായി ബാഹ്യശക്തികളുമായി യുദ്ധത്തിലാണ്. കഴിഞ്ഞ ഇരുപതു വർഷമായി, ന്യായമായ അവകാശങ്ങൾക്കായി ഞങ്ങൾ പോരാടുകയാണ്. ഈ മണ്ണ് വിദേശികൾക്ക് വേണ്ടിയുള്ളതല്ല. അത് അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടേതാണ്. അഫ്ഗാനിസ്ഥാൻ ഒരു രാജ്യത്തിനും എതിരായി പ്രവർത്തിക്കില്ലെന്ന് ഞങ്ങൾ അയൽ രാജ്യങ്ങൾക്കും ലോകത്തിനും ഉറപ്പ് നൽകിയിട്ടുണ്ട്.
advertisement
അഫ്ഗാനിസ്ഥാനിൽ ജെയ്‌ഷെ ഇഎം, ലഷ്‌കർ ഇ ടി ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. നിങ്ങൾ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര മന്ത്രിയായതിനാണല്ലോ. ഇന്ത്യൻ സർക്കാരോ സുരക്ഷാ ഏജൻസികളോ നിങ്ങൾക്ക് ഈ ക്യാമ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയാൽ നിങ്ങൾക്ക് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാനും സഹകരിക്കാനും കഴിയുമോ?
ഇന്ത്യയുടെ ഭയത്തിന് യാതൊരു അടിസ്ഥാനവുമില്ല. ഇന്ത്യയുമായി സൗഹാർദപരമായ ബന്ധം പുലർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത്തരം ഭയങ്ങൾ പുലർത്തേണ്ട ആവശ്യമില്ല.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളും ബിസിനസുകാരും സാധാരണ നിലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. അവർക്ക് നിങ്ങൾ എന്ത് സുരക്ഷയാണ് നൽകുന്നത്?
അത്തരം ഭയങ്ങൾ അടിസ്ഥാനരഹിതമാണെന്നും അഫ്ഗാനിസ്ഥാനിലെ എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ, ദേശീയ സ്ഥാപനങ്ങൾ, വിദേശ നിക്ഷേപങ്ങൾ എന്നിവ സുരക്ഷിതമാണെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഞങ്ങൾക്ക് പ്രത്യേക സുരക്ഷാ സേനയുണ്ട്. ബിസിനസുകാരും നിക്ഷേപകരും ഭയപ്പെടേണ്ട ആവശ്യമില്ല. അവരുടെ സുരക്ഷ ഞങ്ങൾ ഉറപ്പ് നൽകുന്നു.
advertisement
ആഭ്യന്തര മന്ത്രി എന്ന നിലയിൽ ഇന്ത്യയിൽ നിന്ന് എന്ത് തരത്തിലുള്ള പിന്തുണയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? ചില പ്രോഗ്രാമുകളിൽ ഇന്ത്യയിലെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാണോ?
അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ സമയം വളരെ നിർണായകമാണ്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഞങ്ങൾ സംഭാഷണങ്ങളും ചർച്ചകളും സംവാദങ്ങളും നടത്താറുണ്ട്. സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഞങ്ങൾക്ക് ഇന്ത്യയുടെ സഹകരണം ആവശ്യമാണ്. ഞങ്ങൾക്ക് ലോജിസ്റ്റിക്കൽ പിന്തുണയും ആവശ്യമാണ്. പൂർത്തിയാകാത്ത പദ്ധതികൾ പൂർത്തിയാക്കാനും ഇന്ത്യയുടെ സഹായം ആവശ്യമാണ്. സുരക്ഷ സംബന്ധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. ഇതിനാണ് പ്രഥമവും പ്രധാനവുമായ മുൻഗണ നൽകുന്നത്. അതിന് ഞങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ ആവശ്യമാണ്.
advertisement
ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യയുടെയും (ISKP) അഫ്ഗാനിസ്ഥാനിലെ അൽ-ഖ്വയ്ദയുടെയും വർദ്ധിച്ചുവരുന്ന ഭീഷണി‌ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതിൽ നിങ്ങളുടെ നിലപാട് എന്താണ്?
അവരെ നിയന്ത്രിക്കാനും പുറത്താക്കാനും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അൽ-ഖ്വയ്ദയെ സംബന്ധിച്ചിടത്തോളം, അതിന് അഫ്ഗാനിസ്ഥാനിൽ സാന്നിധ്യമില്ല, അത് ഒരു ഭീഷണിയുമല്ല. വേരറ്റ ഒരു സംഘടനയെക്കുറിച്ച് ലോകം ആശങ്കപ്പെടരുത്. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ചില പാശ്ചാത്യ ശക്തികളെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ നിരീക്ഷിച്ചു വരികയാണ്.
അഫ്ഗാനിസ്ഥാൻ വീണ്ടും ആഗോള ഭീകര കേന്ദ്രമായി മാറുന്നത് തടയാൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്?
ഒപ്പുവച്ച ദോഹ ഉടമ്പടി നടപ്പാക്കുമെന്ന് ഞങ്ങൾ തെളിയിച്ചു. അത്തരം ശ്രമങ്ങളെ തടയാനും മുളയിലേ നുള്ളിക്കളയാനും ഞങ്ങളുടെ സുരക്ഷാ ഏജൻസികൾക്ക് കഴിവുണ്ട്. അത്തരം ശക്തികൾക്കെതിരെ ഞങ്ങൾ ഉറച്ചുനിൽക്കുന്നു.
അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റ് അടുത്തിടെ ഡ്യൂറൻഡ് ലൈനിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ നടത്തിയ വെടിവെയ്പിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ഡ്യൂറാൻഡ് ലൈനിൽ നിങ്ങളുടെ സ്ഥാനം എന്താണ്? ഡ്യൂറാൻഡ് ലൈനിൽ പാകിസ്ഥാൻ ചാവേർ ബോംബർമാരെ വിന്യസിക്കുന്നത് ഭയപ്പെടുത്തുന്ന കാര്യമല്ലേ?
കഴിഞ്ഞ സർക്കാരുകളുടെ കാലത്തും ഈ പ്രശ്നം ചർച്ചയായിരുന്നു. കഴിഞ്ഞ ഇരുപതു വർഷമായി ഉയർന്നുവന്ന ചില പ്രശ്‌നങ്ങളുണ്ട്. ഞങ്ങൾ അവ പരിഹരിക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു. സർവേയും അന്വേഷണവും ഗവേഷണവും നടത്താൻ ഞങ്ങൾ പ്രത്യേക ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. ഈ വിഷയം സംബന്ധിക്കുന്ന തീരുമാനം ഞങ്ങൾ ജനങ്ങളുടെ ഇഷ്ടത്തിന് വിടുന്നു. ജനങ്ങൾ തീരുമാനിക്കും, ഞങ്ങൾ അത് മാനിക്കും. ഇതു സംബന്ധിച്ച് ഇനി ഞങ്ങൾ ഒരു തീരുമാനവും എടുക്കില്ല.
വരും ദിവസങ്ങളിൽ ഇന്ത്യൻ സർക്കാരിൽ നിന്ന് ഏത് തരത്തിലുള്ള സഹായമോ പിന്തുണയോ ആണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? അവ ഏതൊക്കെ മേഖലകളിലാണ്?
ഇന്ത്യക്ക് അഫ്ഗാനിസ്ഥാനുമായി ചരിത്രപരമായ ബന്ധമുണ്ട്. ഇന്ത്യ അഫ്ഗാനിസ്ഥാനിൽ ചില ഗവേഷണ, വികസന പരിപാടികൾ ആരംഭിച്ചിരുന്നു, കെട്ടിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ സഹായവും അത്യധികം ആവശ്യമാണ്. സാങ്കേതികവിദ്യയിൽ ഇന്ത്യയ്ക്ക് മികവുണ്ട്. ഇന്ത്യ വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന് അന്താരാഷ്ട്ര സമൂഹത്തിന് വിശ്വാസവുമുണ്ട്.
എന്തുകൊണ്ടാണ് സ്ത്രീകൾക്ക് പഠിക്കാനോ ജോലി ചെയ്യാനോ സർക്കാരിന്റെ ഭാഗമാകാനോ ഉള്ള അടിസ്ഥാന അവകാശം പോലും നിഷേധിക്കപ്പെടുന്നത്?
ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഇവിടെയെത്തി ‍ഞങ്ങൾ എന്താണ് ചെയ്യുന്നതെന്നു കാണൂ. ചില പ്രശ്നങ്ങൾ തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണ്. അവ പരിഹരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുമുണ്ട്.
സിഖുകാരും ഹിന്ദുക്കളും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായി ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. അവരുടെ സുരക്ഷ എങ്ങനെയാണ് നിങ്ങൾ ഉറപ്പാക്കുന്നത്?
സിഖുകാർ മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ എല്ലാ മതങ്ങളും ആക്രമണങ്ങൾ നേരിടുന്നുണ്ട്. ഇത് സാഹോദര്യത്തിന് നേരെയുള്ള ആക്രമണമാണ്. ഇത്തരം ആക്രമണത്തിൽ നിന്ന് ഒരു മതവും സമുദായവും രക്ഷപ്പെട്ടിട്ടില്ല. ഞങ്ങൾ ഇതിനെ ശക്തമായി അപലപിക്കുന്നു. ഇത് സിഖുകാർക്കെതിരായ ആക്രമണമല്ല, മറിച്ച് വൈവിധ്യമാർന്ന മതങ്ങൾക്കും സമുദായങ്ങൾക്കും എതിരായ ആക്രമണമാണ്.
ഇൻട്രാ അഫ്ഗാൻ ചർച്ചകളെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?
ഞങ്ങൾ ഒരു കമ്മീഷനെ നിയമിച്ചിട്ടുണ്ട്. അവരുടെ ജോലികൾ പുരോ​ഗമിച്ചു വരുന്നു. ഞങ്ങളുടെ ഉദ്ദേശ്യങ്ങൾ വളരെ വ്യക്തമാണ്. ഞങ്ങൾ അവ പരസ്യമായി പറയുകയും ചെയ്യും.
ക്രിക്കറ്റിൽ താൽപര്യമുണ്ടോ? നിങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം ആരാണ്?
യുവാക്കൾക്ക്, പ്രത്യേകിച്ച് കൗമാരക്കാർക്ക് ക്രിക്കറ്റ് ഒരുപാട് ഇഷ്ടമാണ്‌. എന്നാൽ സ്പോർട്സിനോടുള്ള ഞങ്ങളുടെ ആ​ഗ്രഹവും ഇഷ്ടവും ഞങ്ങൾ പൂർണമായി പ്രകടിപ്പിച്ചിട്ടില്ല. ഇനി ആ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കും.
അഫ്ഗാൻ ക്രിക്കറ്റ് ലീഗിലേക്ക് വരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് വഴികാട്ടാൻ കഴിയുമോ?
ഇതൊരു നല്ല സൂചനയാണ്. ബന്ധങ്ങൾ സ്ഥാപിക്കാനുള്ള ഒരു മാധ്യമം കൂടിയായി സ്പോർട്സിനെ കാണണം. നമ്മുടെ ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഇത്തരം നീക്കങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
എപ്പോഴാണ് ഇന്ത്യയിലേക്ക് വരുന്നത്?
ഞാൻ എപ്പോൾ വരണമെന്ന് നിങ്ങൾ ആ​ഗ്രഹിക്കുന്നുവോ, അപ്പോൾ.
ഇന്ത്യക്കാരോട് എന്താണ് പറയാൻ ആഗ്രഹിക്കുന്നത്?
സർക്കാരുകൾ മാറുന്നുണ്ടെങ്കിലും ആളുകൾ തമ്മിലുള്ള ബന്ധം മാറുന്നില്ല. അഫ്ഗാനികളും ഇന്ത്യക്കാരും തമ്മിലുള്ള ബന്ധം ഭാവിയിലും മികച്ച രീതിയിൽ തുടരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
keywords: Afghanistan, Taliban, Sirajuddin Haqqani, താലിബാൻ, അഫ്​ഗാനിസ്ഥാൻ, സിറാജുദ്ദീൻ ഹഖാനി
link: https://www.news18.com/news/world/exclusive-afghanistan-needs-indias-help-desperately-to-secure-peaceful-environment-taliban-interior-minister-haqqani-5670295.html
മലയാളം വാർത്തകൾ/ വാർത്ത/World/
Exclusive | അഫ്​ഗാനിസ്ഥാന് ഇന്ത്യയുടെ പിന്തുണയും സ​ഹായവും വേണം: താലിബാൻ ആഭ്യന്തര മന്ത്രി
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement