ലണ്ടൻ: 'കണക്കു കൂട്ടി'ഗിന്നസ് റെക്കോഡ് നേടി പത്തുവയസുകാരൻ. ഇംഗ്ലണ്ടിൽ നിന്നുള്ള നദൂബ് ഗിൽ എന്ന ബാലനാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ കണക്ക് ചോദ്യങ്ങൾക്ക് ഉത്തരം നൽകി ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. 196 ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഒരു മിനിറ്റ് പോലും വേണ്ടി വന്നില്ല നദൂബിന്.
ലോംഗ് ഈറ്റണിലെ ലോംഗ് മൂർ പ്രൈമറി സ്കൂൾ വിദ്യാർഥിയാണ് നദൂബ്. ഓൺലൈൻ മാത്സ് ടേബിൽ ലേണിംഗ് ആപ്പായ ടൈം ടേബിൾസ് റോക്ക് സ്റ്റാർസ്, ഗിന്നസ് വേൾഡ് റെക്കോഡുമായി ചേർന്നാണ് ഓൺലൈൻ കണക്ക് മത്സരം സംഘടിപ്പിച്ചത്. നോറ്റിംഗ്ഹാം പോസ്റ്റ് റിപ്പോർട്ട് പ്രകാരം എഴുന്നൂറോളം പേരാണ് മത്സരത്തിൽ പങ്കെടുത്തത്. എല്ലാവരെയും പിന്നിലാക്കി നദൂബ് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ഒരു ചോദ്യത്തിന് പോലും തെറ്റായ ഉത്തരം നല്‍കിയില്ല എന്നതായിരുന്നു കുട്ടിയുടെ വിജയത്തെ കൂടുതൽ മികച്ചതാക്കിയത്. നദൂബ് തന്‍റെ മത്സരം പൂർത്തിയാക്കുന്ന വീഡിയോയും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
'സ്വപ്നം പോലെയാണ് തോന്നുന്നതെന്നും ഇങ്ങനെയൊരു നേട്ടം ലഭിച്ചതിൽ വളരെ സന്തോഷവും ആവേശവും ഉണ്ടെന്നുമാണ് നദൂബിന്‍റെ പ്രതികരണം.. 'ഈ കുട്ടികൾ ചെറിയ സമയത്തിനുള്ളിൽ ഇത്രയും കണക്കുകൾ ചെയ്തു തീർത്തത് അതിശയപ്പെടുത്തുന്ന കാര്യം തന്നെയാണ്. ശാരീരികവും മാനസികവുമായ വൈദഗ്ദ്യം തെളിയിക്കാനുള്ള ഒരു പരീക്ഷണമായിരുന്നു ഇത്.. നദൂബിനെ ഞങ്ങളുടെ ഗിന്നസ് വേൾഡ് റെക്കോഡ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു' എന്നാണ് ഗിന്നസ് വേൾഡ് റെക്കോഡ്സ് എഡിറ്റര്‍ ഇൻ ചീഫ് ക്രെയ്ഗ് ഗ്ലെൻഡെ അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: England, Guinness World Records