കോട്ടയം: കോവിഡ് രോഗം ബാധിച്ച് മരിച്ചയാളുടെ സംസ്കാരം റോഡ് ഉപരോധത്തിനും മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ നടത്തി. മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തില്‍ തന്നെയാണ് മൃതദേഹം സംസ്കരിച്ചത്. ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ (83) സംസ്കാരമാണ് മുട്ടമ്പലത്ത് നടന്നത്. വന്‍പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയായിരുന്നു രാത്രി വൈകി സംസ്കാരം നടത്തിയത്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഔസേപ്പിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ആരംഭിച്ചത്. മുട്ടമ്പലത്ത് സംസ്കരിക്കുന്നത് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ശ്മശാനത്തിനുസമീപം വീടുകളുണ്ട് എന്നതായിരുന്നു നാട്ടുകാരുടെ ആശങ്ക. മരിച്ചയാളെ അടക്കാൻ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തിയത്. ജില്ലാ ഭരണകൂടമാണ് ഇവിടെ സംസ്കരിക്കാനുള്ള തീരുമാനമെടുത്തത്.