Covid 19 | ലോകത്തിന് പ്രതീക്ഷയേകുന്ന ഫൈസർ വാക്സിൻ ഇന്ത്യയിൽ സൂക്ഷിക്കുന്നത് എളുപ്പമല്ല; കാരണം വിശദീകരിച്ച് എയിംസ് ഡയറക്ടർ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ത്യയിലെ ചെറു നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വാക്സിൻ ശേഖരിക്കാൻ ആവശ്യമായ ശീതീകരണ ശൃംഖല ഒരുക്കുകയെന്നത് കനത്ത വെല്ലുവിളിയാണെന്ന് വിദഗ്ദ്ധർ...
അമേരിക്കൻ കമ്പനിയായ ഫൈസർ കോവിഡ് 19ന് എതിരായ വാക്സിൻ വികസിപ്പിച്ചു എന്ന വാർത്ത ഏറെ പ്രതീക്ഷയോടെയാണ് ലോകം ഏറ്റെടുത്തത്. എന്നാൽ വാക്സിൻ ഇന്ത്യയിൽ ശേഖരിക്കുന്ന കടുത്ത വെല്ലുവിളിയാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മൈനസ് 70 ഡിഗ്രി സെൽഷ്യസ് എന്ന കുറഞ്ഞ താപനിലയിൽ മാത്രമെ വാക്സിൻ ശേഖരിക്കാനാകുവെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറയുന്നു.
advertisement
ഇന്ത്യയിലെ ചെറു നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വാക്സിൻ ശേഖരിക്കാൻ ആവശ്യമായ ശീതീകരണ ശൃംഖല ഒരുക്കുകയെന്നത് കനത്ത വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ശീതീകരണ ശൃംഖല നിലനിർത്താൻ വാക്സിനുകൾ സൂക്ഷിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ താപനില മൈനസ് 25 ഡിഗ്രി സെൽഷ്യസ് ആണെന്നും ഗുലേറിയ പറഞ്ഞു.
advertisement
മൂന്നാം ഘട്ട വാക്സിൻ പരീക്ഷണത്തിൽ നിന്ന് കൊറോണ വൈറസ് അണുബാധ തടയുന്നതിൽ 90 ശതമാനം ഫലപ്രാപ്തി തങ്ങളുടെ വാക്സിന് സാധിച്ചുവെന്ന് ഫൈസർ ഇങ്ക്, ബയോ ടെക് എസ്ഇ എന്നീ കമ്പനികൾ പ്രഖ്യാപിച്ചിരുന്നു. ഫൈസർ വാക്സിന്‍റെ ആദ്യ ഫലങ്ങൾ തികച്ചും പ്രോത്സാഹജനകമാണെന്ന് ഗുലേറിയ പറഞ്ഞു. "ഫൈസർ വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് പ്രതിരോധ വാക്സിൻ കുത്തിവയ്പ്പിന് ആവശ്യമായ മൈനസ് 70 ഡിഗ്രി സെൽഷ്യസ് എന്ന ഏറ്റവും കുറഞ്ഞ താപനില ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ വിതരണം ചെയ്യുന്നതിന് വലിയ വെല്ലുവിളിയാണ്"- അദ്ദേഹം പറഞ്ഞു.
advertisement
"കുറഞ്ഞ താപനിലയിൽ വാക്സിനുകൾ സംഭരിക്കുന്നതും ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലും അത്തരം ശീതീകരണ ശൃംഖലകൾ നിലനിർത്തുന്നതും വളരെ ബുദ്ധിമുട്ടാണ്," ഗുലേറിയ പറഞ്ഞു. വാക്സിനുകൾ വികസിപ്പിക്കുന്ന സ്ഥാപനങ്ങൾ പുറത്തുവിട്ട ഡാറ്റ പഠിക്കേണ്ടതുണ്ടെന്നും രോഗപ്രതിരോധ ശേഷി എത്രത്തോളം നീണ്ടുനിൽക്കുമെന്നു വ്യക്തമാകണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഡൽഹിയിൽ അടുത്തിടെ രോഗവ്യാപനം കൂടാൻ കാരണം സൂപ്പർ സ്പ്രെഡ് കൂടുതലായി സംഭവിച്ചതാണെന്ന് ഗുലേറിയ പറഞ്ഞു. ഉത്സവങ്ങളോ തിരക്കേറിയ വിപണനസ്ഥലങ്ങളോ “സൂപ്പർസ്പ്രെഡർ സ്പോട്ടുകളായി” പ്രവർത്തിച്ചിരിക്കാമെന്നും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുകയും മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, ശുചിത്വവും ജാഗ്രതയോടെ തുടരുക എന്നിവ ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഡൽഹിയിൽ 7,830 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് ദേശീയ തലസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 4.5 ലക്ഷത്തിലധികമാക്കി.
advertisement
അതിനിടെ കോവിഡ് -19 വാക്‌സിൻ ഫലപ്രദായി വികസിപ്പിച്ചെടുത്ത ഫൈസറുമായി ധാരണയിലെത്താൻ ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നതൻ പറഞ്ഞു. ഈ വാക്‌സിൻ ശേഖരിക്കുന്നതിനുള്ള പ്രത്യേക കോൾഡ് ചെയിൻ ആവശ്യകതയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തു ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു. ആഭ്യന്തരവും വിദേശത്തുമുള്ള 19 വാക്‌സിൻ നിർമാതാക്കളുമായി സർക്കാർ ചർച്ച നടത്തിവരുകയാണ്. വാക്സിൻ വിപണിയിലെത്തിയാൽ ഉടൻ അത് രാജ്യത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.