വനിതാ സംവിധായകർക്ക് ഇവിടെ ഇത്തിരി പാടാണല്ലേ? സിനിമ കാണും മുമ്പേ ഫെസ്റ്റിവലിൽ അവസരം നിഷേധിച്ചു
എന്റെ സിനിമ ഒന്നു കാണാൻ പോലും സെലക്ഷൻ കമ്മിറ്റി തയാറായില്ല. സിനിമ കാണാതെ സിനിമ ഫെസ്റ്റിവലിൽ നിന്ന് പുറംതളളുമ്പോൾ ഉണ്ടാകുന്ന വിഷമം ചില്ലറയല്ല- കൃഷ്ണവേണി പറയുന്നു.
(റിപ്പോർട്ട്- സിമി തോമസ്)
News18 Malayalam | December 3, 2019, 9:32 PM IST
1/ 4
കൃഷ്ണവേണി വലിയ വിഷമത്തിലാണ്.. ഏറെ പ്രതീക്ഷയോടെ ചെയ്ത തടിയനും മുടിയനും എന്ന ചിത്രം തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്രഫിലിം ഫെസ്റ്റിവലിൽ ഇടം നേടിയില്ല. ഇടം നേടാത്തതിൽ മാത്രമല്ല ഈ പുതുമുഖ സംവിധായികയുടെ വിഷമം. ആ സിനിമ ഒന്നു കാണാൻ പോലും സെലക്ഷൻ കമ്മിറ്റി തയാറായില്ലത്രെ. സിനിമ കാണാതെ സിനിമ ഫെസ്റ്റിവലിൽ നിന്ന് പുറംതളളുമ്പോൾ ഉണ്ടാകുന്ന വിഷമം ചില്ലറയല്ലെന്ന് കൃഷ്ണവേണി പറയുന്നു.
2/ 4
കൃഷ്ണവേണിയുടെ തടിയനും മുടിയനും എന്ന ചിത്രത്തിന്റെ തിരക്കഥ ചെയ്തിരിക്കുന്നത് അച്ഛൻ ബിനുലാൽ ആണ്. ക്യാമറ സഹോദരൻ രാമൻ ഉണ്ണിയും. ചില സാമൂഹ്യപ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് ആക്ഷേപഹാസ്യ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഓരോരോ നിലപാടുകൾ രൂപം കൊള്ളുന്ന സാഹചര്യങ്ങളാണ് ചിത്രത്തിൽ പറയുന്നതെന്ന് തിരക്കഥാ കൃത്ത് ബിനു ലാൽ പറഞ്ഞു. രണ്ട് കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രം ചില പ്രത്യേക കാഴ്ചക്കാരെ മാത്രം ലക്ഷ്യംവച്ചുള്ള ഒന്നാണെന്ന് സംവിധായികയും പറയുന്നു. ഫിലിം ഫെസ്റ്റിവലുകളായിരുന്നു കൃഷ്ണവേണിയുടെ ലക്ഷ്യം. എന്നാൽ ഇപ്പോൾ വലിയ നിരാശയിലാണ് ഈ സംവിധായിക.
3/ 4
ഇതിന് മുമ്പ് പല ഫെസ്റ്റിവലിനും കൃഷ്ണവേണിയുടെ തടിയനും മുടിയനും എന്ന ചിത്രം അയച്ചെങ്കിലും ഇതുവരെ ഒന്നിലും അവസരം ലഭിച്ചില്ല. ഇപ്പോഴാണ് മനസിലാക്കുന്നത് ആ ഫെസ്റ്റിവലുകളിലും തന്റെ ചിത്രം ഒന്നും കാണാൻ പോലും സംഘാടകർ തയാറായില്ല എന്ന്. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്രഫിലിം ഫെസ്റ്റിവലിലും അത് തന്നെ ആവർത്തിച്ചു. തന്റെ ചിത്രം ഒന്നും കാണുക പോലും ചെയ്യാതെ ഫെസ്റ്റിവലിൽ അവസരം നിഷേധിച്ചെന്ന് കൃഷ്ണവേണി പറയുന്നു. ഫെസ്റ്റിവലിൽ ഇടം നേടാൻ മറ്റ് ചിലതൊക്കെ വേണമെന്ന് കൂട്ടിച്ചേർക്കുകയാണ് തിരക്കഥാകൃത്ത് ബിനുലാൽ.
4/ 4
ഏതായാലും തോറ്റ് പിൻമാറാൻ തയാറല്ല ഈ സിനിമാ പ്രവർത്തകർ. ഈ മാസം 9 ന് തിരുവനന്തപുരം ലെനിൽ ബാലവാടിയിൽ പ്രത്യേക പ്രദർശനം നടത്തി ചിത്രം ആസ്വാദകർക്ക് മുന്നിൽ എത്തിക്കാനാണ് ഇവരുടെ തീരുമാനം. മൂവ് മെന്‌റ് ഫോർ ഇൻഡിപ്പെൻഡന്റ് സിനിമയുടെ ഭാഗമായാണ് പ്രദർശനം. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാട്ടോഗ്രാഫിയിൽ ഡിപ്ലോമ ചെയ്യുകയാണ് കൃഷ്ണവേണി. ഏറെ നാളായി നാടകപ്രവർത്തകനാണ് അച്ഛൻ ബിനുലാൽ.