Local Body Elections 2020 | തദ്ദേശ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ മത്സരിക്കില്ല; യുവത്വത്തിന് അർഹമായ പരിഗണന കിട്ടിയില്ലെന്ന് ആരോപണം
മത്സരിക്കാൻ ഇല്ലെങ്കിലും ഖദറിട്ട്, ത്രിവർണ ഷാളണിഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു പ്രചരണരംഗത്ത് സജീവമാണ് ചാണ്ടി ഉമ്മൻ. (റിപ്പോർട്ട് - കാർത്തിക് വി.ആർ)
News18 | November 16, 2020, 3:08 PM IST
1/ 5
കോട്ടയം: സ്ഥാനാർത്ഥി നിർണയത്തിൽ യുവത്വത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തതിനാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ. യുവത്വത്തിന് പരിഗണന ലഭിക്കാത്ത സാഹചര്യത്തിൽ താൻ മാത്രം മത്സരിക്കുന്നത് ഔചിത്യം അല്ല. അതിനാൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു.
2/ 5
സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിൻമാറ്റമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ പോലും യൂത്ത് കോൺഗ്രസ് നിർദ്ദേശിച്ച ഒരാളെ മാത്രമാണ് പരിഗണിച്ചത്. ഇത് കടുത്ത അവഗണനയാണെന്ന് ചാണ്ടി ഉമ്മൻ പരസ്യമാക്കി. കോട്ടയം ജില്ലാ പഞ്ചായത്തിൽ പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡി സി സിക്ക് കത്ത് നൽകിയിരുന്നു.
3/ 5
കോട്ടയത്ത് നടന്ന യൂത്ത് കോൺഗ്രസ് സമരത്തിൽ പങ്കെടുത്ത് ചാണ്ടി ഉമ്മൻ അറസ്റ്റ് വരിച്ചിരുന്നു.ഇതോടെ ദില്ലിയിൽ നിന്നും കേരളത്തിലേക്ക് ചാണ്ടി ഉമ്മൻ തട്ടകം മാറ്റിയെന്നും അച്ഛൻ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുകയാണെന്നും അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ രംഗത്ത് വരുന്നത്.
4/ 5
മത്സരിക്കാൻ ഇല്ലെങ്കിലും ഖദറിട്ട്, ത്രിവർണ ഷാളണിഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു പ്രചരണരംഗത്ത് സജീവമാണ് ചാണ്ടി ഉമ്മൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരുക്കേറ്റ ചെമ്പഴന്തി വാർഡിലെ യു ഡി എഫ് സ്ഥാനാർഥി അണിയൂർ എം പ്രസന്നകുമാറിന് വേണ്ടിയാണ് ചാണ്ടി ഉമ്മന്റെ വോട്ടഭ്യർഥന.
5/ 5
സ്ഥാനാർത്ഥിക്ക് പരിക്കേറ്റ് നടക്കാൻ കഴിയാത്തതിനാലാണ് താൻ വോട്ടു ചോദിച്ച് എത്തിയതെന്നാണ് വോട്ടർമാരോട് ചാണ്ടി ഉമ്മൻ പറയുന്നത്. ചാവടിമുക്ക് ഗാന്ധിപുരം മേഖലകളിൽ ചാണ്ടി ഉമ്മൻ ഭവനസന്ദർശനം നടത്തി. തിരുവനന്തപുരം ഡി സി സി സ്ഥാനാർത്ഥി നിർണയത്തിൽ പുനർവിചിന്തനം നടത്തണമെന്ന അഭിപ്രായവും ചാണ്ടി ഉമ്മൻ പരസ്യമാക്കി. മത്സരിക്കാൻ ഇല്ലെങ്കിലും പ്രചരണത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാവുകയാണെന്ന സന്ദേശമാണ് ചാണ്ടി ഉമ്മൻ നൽകുന്നത്.