Exclusive: 'എഴുത്തും വായനയും ബുദ്ധിയുമുള്ള ആർക്കും തന്നെ മോദി ഭക്തനാക്കാൻ കഴിയില്ല'; കെ. മുരളീധരന് മറുപടിയുമായി ശശി തരൂർ
മോദി സർക്കാരിന്റെ സാമ്പത്തിക നയം മുതൽ വിദേശനയം വരെയുള്ള പിഴവുകൾ ചൂണ്ടിക്കാട്ടുകയും മോദിക്കെതിരെ 500 പേജുള്ള പുസ്തകമെഴുതുകയും ചെയ്ത തന്നെക്കാളേറെ മോദിയെ വിമർശിച്ച ഒരു കോൺഗ്രസ് നേതാവിന്റെ പേരു പറയാൻ തരൂർ വെല്ലുവിളിക്കുകയും ചെയ്തു.


തിരുവനന്തപുരം: മോദി ഭക്തനെന്നു വിളിച്ചാക്ഷേപിച്ച നേതാക്കൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി ഡോ ശശി തരൂർ എം പി. എഴുതാനും വായിക്കാനും അറിയുന്ന ബുദ്ധിയുള്ള നേതാക്കൾക്ക് തന്നെ അങ്ങനെ വിളിക്കാൻ കഴിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു ന്യൂസ് 18 കേരളം പൊളിറ്റിക്കൽ എഡിറ്റർ പ്രദീപ് പിള്ളയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു തരൂരിന്റെ പ്രതികരണം.


മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ വിമർശനങ്ങൾക്ക് വിശ്വാസ്യത നഷ്ടപ്പെടുമെന്ന തരൂരിന്റെ അഭിപ്രായപ്രകടനമായിരുന്നു വിവാദത്തിനു തിരി കൊളുത്തിയത്. കോൺഗ്രസ് നേതാവ് ജയ്റാം രമേഷിന്റെ സമാന അഭിപ്രായത്തിനു പിന്തുണയുമായാണ് തരൂരും അഭിഷേക് മനു സിങ് വിയും രംഗത്തെത്തിയത്. മോദി സർക്കാരിന്റെ സാമ്പത്തിക നയം മുതൽ വിദേശനയം വരെയുള്ള പിഴവുകൾ ചൂണ്ടിക്കാട്ടുകയും മോദിക്കെതിരെ 500 പേജുള്ള പുസ്തകമെഴുതുകയും ചെയ്ത തന്നെക്കാളേറെ മോദിയെ വിമർശിച്ച ഒരു കോൺഗ്രസ് നേതാവിന്റെ പേരു പറയാൻ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.


കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും അടക്കമുള്ള നേതാക്കൾ തരൂരിനെതിരെ അതിനിശിത വിമർശനമാണ് അഴിച്ചു വിട്ടത്. മോദിയെ പ്രശംസിക്കേണ്ടവർക്ക് ബി ജെ പിയിലേക്കു പോകാമെന്നും വട്ടിയൂർക്കാവിലേക്ക് പ്രചാരണത്തിനു വരേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. കെ പി സി സിയുടെ കാരണം കാണിക്കൽ നോട്ടീസിന് ദീർഘമായ മറുപടി നൽകിയതിനു പിന്നാലെ വിവാദം അടഞ്ഞ അധ്യായമാണെന്ന് മുല്ലപ്പള്ളി പറഞ്ഞെങ്കിലും മുരളീധരൻ വിമർശനം തുടർന്നു. ഇതിനൊക്കെയുള്ള മറുപടിയാണ് ആരുടെയും പേരു പറയാതെ തരൂർ ഇപ്പോൾ നൽകിയിരിക്കുന്നത്.