Gold Jewelry: നിങ്ങളുടെ സ്വർണ്ണാഭരണങ്ങളുടെ തിളക്കം നഷ്ടമായോ? ഈ പൊടിക്കൈ പരീക്ഷിച്ച് നോക്കൂ!!
- Published by:Sarika N
- news18-malayalam
Last Updated:
വീട്ടിൽ വച്ച് തന്നെ സ്വർണ്ണാഭരണങ്ങൾ വൃത്തിയാക്കുന്നതിനുള്ള ചില എളുപ്പവും ഫലപ്രദവുമായ നുറുങ്ങുവഴികൾ ഇതാ
സ്വർണത്തിന്റെ വില (Gold Rate) ദിനംപ്രതി കുതിച്ചുയരുകയാണ്. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ 71,600 രൂപ നൽകണം. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് സ്വർണവില. അതിനാൽ തന്നെ പുതിയ ആഭരണങ്ങൾ വാങ്ങാൻ കഴിയാത്തവർ തങ്ങളുടെ കൈവശമുള്ള സ്വർണം കൂടുതൽ വൃത്തിയായി സൂക്ഷിക്കുന്നു. സ്വർണ്ണാഭരണങ്ങൾക്ക് കാലപ്പഴക്കം സംഭവിക്കുമ്പോൾ അതിന്റെ സ്വാഭാവിക നിറത്തിന് മങ്ങൽ ഏൽക്കുന്നത് പതിവാണ്. പലരും അത്തരം സാഹചര്യങ്ങളിൽ ജ്വല്ലറികളിൽ പോയി പോളിഷ് ചെയ്യിക്കാറാണ് പതിവ്. അതിന് പ്രത്യേകം ചാർജും കടക്കാർ ഈടാക്കാറുണ്ട്. ഇപ്പോഴിതാ, നിങ്ങളുടെ തിളക്കം നഷ്ടപ്പെട്ട ആഭരണങ്ങൾ പഴയതിലും അടിപൊളിയായി തിളങ്ങാൻ വീട്ടിലെ അഞ്ച് സാധനങ്ങൾ മാത്രം മതി.
advertisement
സ്വർണ്ണാഭരണങ്ങളുടെ (Gold Jewelry) സ്വാഭാവിക തിളക്കം നഷ്ടപ്പെടുന്നതിനുള്ള ഒരു സാധാരണ കാരണം നമ്മൾ നിരന്തരം അവ ഉപയോഗിക്കുന്നതാണ്. കൂടാതെ, ദിവസവും ധരിക്കുന്ന പെർഫ്യൂമുകളും മോയ്‌സ്ചുറൈസറുകളും സ്വർണ്ണത്തിന് കേടുവരുത്തും. നമ്മൾ ധരിക്കാതെ സൂക്ഷിക്കുന്ന ആഭരണങ്ങളിൽ ഒരു പരിധിയിൽ കൂടുതൽ പൊടി അടിച്ചാലും സ്വർണ്ണത്തിന്റെ തിളക്കം നഷ്ടപ്പെടാം. അഴുക്ക് നീക്കം ചെയ്യുന്നതിന് ഫലപ്രദമായ മാർഗമാണ് ബേക്കിംഗ് സോഡ. സ്വർണ്ണാഭരണങ്ങൾ വൃത്തിയാക്കുന്നതിനും ഇത് വളരെ ഗുണം ചെയ്യും.
advertisement
1 ടീസ്പൂൺ ബേക്കിംഗ് സോഡ കുറച്ച് വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിൽ ഉണ്ടാക്കുക. അതിനുശേഷം ഈ പേസ്റ്റ് ഒരു ബ്രഷ് അല്ലെങ്കിൽ തുണി ഉപയോഗിച്ച് ഇത് ആഭരണങ്ങളിൽ മൃദുവായി പുരട്ടുക. കുറച്ച് സമയം അങ്ങനെ തന്നെ വച്ചതിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടയ്ക്കുക. നിങ്ങളുടെ ആഭരണത്തിന് പഴയ തിളക്കം ലഭിച്ചിട്ടുണ്ടാവും.
advertisement
സ്വർണ്ണാഭരണങ്ങൾ വൃത്തിയാക്കുന്നത്തിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ രീതികളിൽ ഒന്നാണ് ടൂത്ത് ബ്രഷ് . മിനുസമുള്ള ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ആഭരണങ്ങളിലെ അഴുക്ക് കളയാൻ സാധിക്കും. നിങ്ങളുടെ പ്ലെയിൻ സ്വർണ്ണ മാലകൾ, വളകൾ, കമ്മലുകൾ, മറ്റ് ആഭരണങ്ങൾ എന്നിവ ഒരു ലളിതമായ സോപ്പ് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാം. സ്വർണ്ണാഭരണങ്ങൾ സോപ്പ് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നത് അടിഞ്ഞുകൂടിയ അഴുക്കും എണ്ണയും നീക്കം ചെയ്യാൻ സഹായിക്കും. നിങ്ങളുടെ സ്വർണ്ണാഭരണങ്ങളുടെ തിളക്കം വീണ്ടെടുക്കാനുള്ള ഏറ്റവും വേഗമേറിയതും എളുപ്പവുമായ മാർഗ്ഗങ്ങളിൽ ഒന്നാണിത്. ചെറിയ ഒരു ബക്കറ്റിൽ പകുതി ഭാഗം ചൂടുവെള്ളം നിറയ്ക്കുക. പിന്നെ ഒരു വീര്യം കുറഞ്ഞ സോപ്പ് ചേർത്ത് ഇളക്കുക. ലായനി തയ്യാറാക്കാൻ വെള്ളത്തിൽ നേരിയ ഡിറ്റർജന്റുകൾ കലർത്തുക. ഈ വെള്ളത്തിൽ സ്വർണ്ണാഭരണങ്ങൾ 15-20 മിനിറ്റ് മുക്കിവയ്ക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകി ഉണങ്ങിയ തുണിയിലോ തൂവാലയിലോ തുടച്ച് ഉപയോഗിക്കാവുന്നതാണ്.
advertisement
പകുതി നാരങ്ങയിൽ അല്പം ഉപ്പ് ചേർത്ത് ആഭരണങ്ങളിൽ പുരട്ടി 5 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഇത് ആഭരണങ്ങളുടെ തിളക്കം നിലനിർത്തുന്നു. സ്വർണ്ണത്തിലെ കറുപ്പ് നീക്കം ചെയ്യുന്ന ചില ഗുണങ്ങൾ നാരങ്ങയ്ക്കുണ്ട്. ഇനി മറ്റൊരു വഴി നോക്കാം. ഇതിനായി വേണ്ടത് വിനാഗിരിയും ബേക്കിംഗ് സോഡയും ആണ്. വിനാഗിരിയും ബേക്കിംഗ് സോഡയും ചേർന്ന മിശ്രിതവും വളരെ പ്രത്യേകതയുള്ളതാണ്. 1/2 കപ്പ് വൈറ്റ് വിനാഗിരിയിൽ 1 ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. ഇതിനുശേഷം, ആഭരണങ്ങൾ ഏകദേശം 10-15 മിനിറ്റ് മുക്കിവയ്ക്കുക. പിന്നെ ഒരു ബ്രഷ് ഉപയോഗിച്ച് ചെറുതായി തടവി വെള്ളത്തിൽ കഴുകി ഉണക്കുക. ആഭരണത്തിന് തിളക്കം ലഭിക്കും.