ഒരുമാസം പിന്നിടുമ്പോൾ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ആസ്വദിക്കാൻ ഇതുവരെയെത്തിയത് രണ്ടു ലക്ഷത്തി നാൽപ്പതിനായിരത്തിൽപരം ആളുകൾ. വിദേശത്തും പുറം സംസ്ഥാനങ്ങളിലും നിന്നുൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർ സമകാലീന കലയുടെ മഹാമേളയിലേക്ക് പ്രവഹിച്ചു. പ്രവൃത്തി ദിവസങ്ങളിലും അനുഭവപ്പെടുന്ന ആൾത്തിരക്ക് ഈ പതിപ്പിന്റെ സവിശേഷതയായി.
കല അതിന്റെ സമസ്ത തലങ്ങളിലും ജനകീയമാക്കാൻ കൊച്ചി ബിനാലെക്ക് കഴിഞ്ഞു എന്നതാണ് ജനപങ്കാളിത്തം തെളിയിക്കുന്ന പരമപ്രധാനവും പ്രസക്തവുമായ വസ്തുതയെന്നു ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. വരേണ്യത ഉൾപ്പെടെ എല്ലാവിധ അതിരുകളും ബിനാലെ മായിച്ചുകളയുന്നു. ആർട്ട് ഗ്യാലറികളിൽ നിന്ന് സാധാരണക്കാരെ പിന്നോട്ടുവലിക്കുന്ന വരേണ്യതയുടെ പ്രതിച്ഛായ ബിനാലെയിൽ ഇല്ല എന്നുമാത്രമല്ല അത്തരം പ്രവണതകളെ ഇത് നിരാകരിക്കുകയും ചെയ്യുന്നു.
എല്ലാതരക്കാർക്കും ഒത്തുചേരാനും ഭാഗഭാക്കാകാനും ഇടം ബിനാലെ ഒരുക്കിയതായും ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഇതൊരു പഞ്ചനക്ഷത്ര വേദിയല്ല. മറിച്ചു വിചാരിച്ചവരെയും കല ആഡംബരമാണെന്നു തെറ്റിദ്ധരിച്ചവരെയും മാറ്റി ചിന്തിപ്പിക്കാൻ ബിനാലെയ്ക്ക് സാധിച്ചിട്ടുണ്ട്. ജനങ്ങളുടെ മുറ്റത്തേക്ക് ബിനാലെയിലൂടെ കല ഇറങ്ങിവരികയാണ്. ജനകീയ -ചിന്താ - അവബോധ - സാമൂഹ്യശാസ്ത്ര തലങ്ങളിൽ കല എത്രമാത്രം പ്രാധാന്യമുള്ളതാണെന്നും കലയുടെ സൗന്ദര്യശാസ്ത്രത്തെ കുറിച്ചും ബിനാലെയ്ക്ക് പഠിപ്പിക്കാനായി. അത് ഭേദങ്ങളില്ലാതെ മനുഷ്യമനസുകളെ സംവേദനക്ഷമമാക്കിയെന്നത് ജനത്തിരക്ക് സാക്ഷ്യപ്പെടുത്തുന്നുണ്ട് - ബോസ് കൃഷ്ണമാചാരി വിശദമാക്കി.
ബഡ്‌സ് സ്‌കൂൾ മുതൽ വിവിധ സംസ്ഥാനങ്ങളിലെ പ്രൊഫഷണൽ കോളേജുകളിലെ വരെ വിദ്യാർത്ഥികളും ഐ എ എസ് ട്രെയിനികളും ജനപ്രതിനിധികൾ, ചിന്തകർ, അക്കാദമീഷ്യന്മാർ വിവിധരംഗങ്ങളിലെ പ്രമുഖർ, ഉയർന്ന ഉദ്യോഗസ്ഥർ, ആർട്ട് കളക്ടർമാർ, കലാവിദഗ്ദ്ധർ എന്നിവരെല്ലാം കലാസ്വാദകർക്കൊപ്പം ബിനാലെയുടെ ഭാഗമായി. കബ്രാൾ യാർഡിൽ കഴിഞ്ഞ ആറിന് തുറന്ന ബിനാലെ പവലിയൻ കാണാൻ നിരവധി പേരാണ് എത്തുന്നത്. ലോകപ്രശസ്‌ത വാസ്തുശിൽപി സമീര രാത്തോഡ് രൂപകൽപന ചെയ്‍ത 4000 ചതുരശ്ര അടി വിസ്‌തൃതിയിലുള്ള വിസ്‌മയക്കാഴ്ച നാശാവശിഷ്ടങ്ങളുടെ സാധ്യതകളിലേക്ക് വാതിൽ തുറക്കുന്നു.
കബ്രാൾ യാർഡിൽ എബിസി പ്രോജക്ടിലെ ആർട്ട് റൂമുകളിൽ ദിവസേന നടക്കുന്ന വിവിധ ശില്പശാലകളിൽ പങ്കാളികളാകാനും തിരക്കേറെ. ഇവിടെ ആരംഭിച്ച തുറസ് വായനശാലയും ആകർഷകം. വിവിധഭാഷകളിലെ വർണ്ണ ചിത്ര പുസ്‌തകങ്ങൾ വായനയ്ക്ക് ലഭ്യമാണിവിടെ. വാമൊഴി കഥകളുടെ ആഖ്യാനങ്ങളുമുൾപ്പെടെ ആയിരത്തോളം പുസ്‌തകങ്ങൾ 'കാക്കക്കൂട് - മരച്ചോട്ടിലെ വായന' എന്ന വായനാ ഇടത്തിലുണ്ട്.
രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളിൽ നിന്നുള്ള 51 അവതരണങ്ങൾ അണിനിരത്തിയ സ്റ്റുഡന്റസ് ബിനാലെയുടെ നാലുവേദികളും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നു. മട്ടാഞ്ചേരി വി കെ എൽ വെയർഹൗസ്,അർമാൻ ബിൽഡിംഗ്, കെ വി എൻ ആർക്കേഡ്, ട്രിവാൻഡ്രം വെയർഹൗസ് എന്നിവയാണ് കോ ലാബ്‌സ് എന്ന് പേരിട്ട സ്റ്റുഡന്റസ് ബിനാലെ വേദികൾ. ബിനാലെയുടെ പത്താം വാർഷിക വേളയിലെ പുതുമയായ കേരളത്തിലെ മലയാളി കലാകാരന്മാർക്കുമാത്രമായി ഒരുക്കിയ 'ഇടം' എന്നുപേരിട്ട എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗ്യാലറിയിലെ പ്രദർശനം ഉള്ളടക്കത്തിലെ മികവുകൊണ്ട് ആസ്വാദക ശ്രദ്ധ ആകർഷിക്കുന്നു. മികച്ച 34 സമകാല കലാകാരൻമാരുടെ ഇരുന്നൂറോളം സൃഷ്ടികൾ പ്രദർശനത്തിനുണ്ട്.