12 ഗ്രാമങ്ങൾ പാകിസ്താന്‌ പകരം നൽകി ഇന്ത്യ തിരിച്ചു പിടിച്ച ധീര വിപ്ലവകാരി ഭഗത് സിംഗിന്റെ മണ്ണ്

Last Updated : Life
12 ഗ്രാമങ്ങൾ പാകിസ്താന്‌ പകരം നൽകി ഇന്ത്യ തിരിച്ചു പിടിച്ച ഒരു ധീര വിപ്ലവകാരിയുടെ മണ്ണ്, ഭഗത് സിംഗിന്റെ മണ്ണ് നിങ്ങൾക്കറിയാമോ? 12 ​ഗ്രാമങ്ങൾ പാകിസ്ഥാന് പകരം കൊടുത്ത് ഇന്ത്യ സ്വന്തമാക്കിയ ഒരു ​ഗ്രാമത്തെ കുറിച്ച്? രാജ്യത്താകമാനമുള്ള ക്ഷുഭിത യൗവനങ്ങളുടെ മനസ്സിൽ ഇന്നും ആവേശത്തിരയിളക്കുന്ന ഒരു​ഗ്രാമം. അനീതികൾക്കെതിരെ ശബ്ദമുയർത്തുന്ന ഓരോ ഇന്ത്യക്കാരനും ജീവിതത്തിൽ ഒരുതവണയെങ്കിലും എത്തിച്ചേരാൻ ആ​ഗ്രഹിക്കുന്ന ഒരു​ഗ്രാമം. എന്തുകൊണ്ടാണ് ഇന്ത്യ അത്രമേൽ വൈകാരികമായി ആ ഗ്രാമം സ്വന്തമാക്കിയത് എന്നറിയുമ്പോഴാണ് നമ്മുടെ സിരകളിൽ ചോര തിളയ്ക്കുന്നത്. ആ ​ഗ്രാമത്തിലേക്കാണ് ഇക്കുറി നിങ്ങളെ ഞാൻ കൂട്ടികൊണ്ടു പോകുന്നത് . ഇതൊരു തീർത്ഥാടന കേന്ദ്രമോ അത്ഭുത ഭൂമിയോ അല്ല. മറിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രക്തസ്നാനം ചെയ്തൊരു ഇതിഹാസം രചിച്ച് കടന്നുപോയ ധീര വിപ്ലവകാരി ഭ​ഗത് സിം​ഗ് അന്ത്യവിശ്രമം കൊള്ളുന്ന മണ്ണാണ്... ഹുസൈനിവാല! ലഹോർ ഗൂഢാലോചനക്കേസിൽ ഭഗത് സിങ്, സുഖ്‌ദേവ്, രാജ് ഗുരു എന്നിവരെ ബ്രിട്ടിഷ് സർക്കാർ വധശിക്ഷയ്ക്കു വിധിച്ചു. 1931 മാർച്ച് 23ന് ഹുസൈനിവാലയ്ക്കു കിലോമീറ്ററുകൾ അകലെ ലഹോർ ജയിലിൽ അതീവ രഹസ്യമായി മൂന്നുപേരെയും വധശിക്ഷക്ക് വിധേയരാക്കി. കഴുമരച്ചുവട്ടിലേക്ക് ഇക്വിലാബ് മുഴക്കി നടന്നുകയറിയ ഭ​ഗത്സിം​ഗിനെ മരണശേഷവും ഭയക്കണം എന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കി. ഭ​ഗത്സിം​ഗിന്റെ ഓരോതുള്ളി ചോരയിൽ നിന്നും ഒരായിരം വിപ്ലവകാരികൾ ജന്മമെടുത്തേക്കും എന്നവർ ഭയന്നു. ഭ​ഗത് സിം​ഗിന്റെ ശവകുടീരം ഇന്ത്യൻ മണ്ണിൽ നിന്നും ബ്രിട്ടീഷ് ഭരണത്തെ തൂത്തെറിയാനുള്ള ആണിക്കല്ലായി മാറുമെന്ന് അവർ തിരിച്ചറിഞ്ഞു. അങ്ങനെ, ആരുമറിയാതെ ആ മൂന്നു ധീരദേശാഭിമാനികളെയും അടക്കം ചെയ്യാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. ജയിലിന്റെ പിന്മതിൽ പൊളിച്ച് രഹസ്യമായി മൃതദേഹങ്ങൾ ഹുസൈനിവാലയിൽ നദീ തീരത്തെത്തിച്ചു സംസ്കരിച്ചു. എന്നാൽ, ​ഗ്രാമീണർ എങ്ങനെയോ ഈ വിവരം അറിഞ്ഞു. അവർ ഈ സംസ്കാരം നടന്ന മണ്ണിനടുത്തെത്തി. പിന്നീട് ഇവിടെ ചെറിയൊരു സ്മൃതികുടീരം പണിതു. കാലമേറെ കഴിയും മുമ്പ് ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി. എന്നാൽ, ഭ​ഗത് സിം​ഗിന്റെ ജന്മനാടും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവും പാകിസ്ഥാനിലായി. പാകിസ്ഥാനികൾക്കെന്ത് ഭ​ഗത് സിം​ഗും വിപ്ലവവും! അവർ ഈ സ്മാരകങ്ങളെ തീർത്തും അവ​ഗണിച്ചു. ​​ഹുസൈനിവാലയെ തിരിച്ചുവേണമെന്ന ആവശ്യം ജനങ്ങൾക്കിടയിലും സർക്കാരിലും ശക്തമായി. അങ്ങനെ, 1961 ജനുവരി 17നു ഗ്രാമം ഇന്ത്യ തിരിച്ചുവാങ്ങി. തൊട്ടടുത്ത പ്രദേശമായ ഫാസിൽക്കയിലെ 12 ഗ്രാമങ്ങൾ പാക്കിസ്ഥാനു പകരം നൽകിയാണ് ഇന്ത്യ ഹുസൈനിവാല സ്വന്തമാക്കിയത്.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Life/
12 ഗ്രാമങ്ങൾ പാകിസ്താന്‌ പകരം നൽകി ഇന്ത്യ തിരിച്ചു പിടിച്ച ധീര വിപ്ലവകാരി ഭഗത് സിംഗിന്റെ മണ്ണ്
advertisement
advertisement