ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണൻ രാജപുരോഹിതന്റെ ഉപദേശം അനുസരിച്ച് അമ്പലപ്പുഴയിൽ ഒരു ക്ഷേത്രം പണിതു. പക്ഷേ, പ്രതിഷ്ഠയ്ക്കു തൊട്ടുമുൻപ് വിഗ്രഹം ശുഭകരം അല്ല എന്ന് അദ്ദേഹം അറിഞ്ഞു. ഈ വിഗ്രഹത്തിന് പകരം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള കുറിച്ചിയിലെ കരിംകുളം ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണ വിഗ്രഹം കൊണ്ടുവരികയാണ് പരിഹാരം എന്നും അറിഞ്ഞു. കുറിച്ചിയിലെ വിഗ്രഹം അർജ്ജുനന് ശ്രീകൃഷ്ണൻ നേരിട്ട് സമ്മാനിച്ചത് ആണെന്നായിരുന്നു വിശ്വാസം. കരിംകുളം ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴയിലേയ്ക്ക് തിരിച്ചുവരുന്ന വഴി രാജാവും മന്ത്രിമാരും മറ്റുള്ളവരും ചമ്പക്കുളത്ത് രാത്രി ചിലവഴിച്ച് പൂജകൾ നടത്തുവാൻ തീരുമാനിച്ചു.പിറ്റേ ദിവസം രാവിലെ വിഗ്രഹത്തെ അനുഗമിക്കുവാനായി തോരണങ്ങൾ കൊണ്ട് അലങ്കരിച്ച നിറപ്പകിട്ടാർന്ന വള്ളങ്ങളുമായി പ്രദേശത്തെ ജനങ്ങൾ എത്തിച്ചേർന്നു. വള്ളങ്ങളുടെ ഈ വർണാഭമായ ഘോഷയാത്ര വിഗ്രഹത്തെ അനുഗമിച്ചു. ഈ ആഘോഷത്തിന്റെ സ്മരണ പുതുക്കിയാണ് ചമ്പക്കുളം വള്ളംകളി നടത്തുന്നത്.
advertisement
വള്ളം കളിയുടെ പേരിൽ പ്രശസ്തമായ ചമ്പക്കുളം ഗ്രാമം നെടുമുടിയിൽ നിന്നും ഏകദേശം 5 കി.മി. തെക്കുമാറി ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും മദ്ധ്യേയാണ്. പമ്പയാർ രണ്ടു കൈവഴികളായി തിരിഞ്ഞു ചമ്പക്കുളത്തിലൂടെ ഒഴുകുന്നു. വള്ളം കളിയുടെ പേരിൽ പ്രസിദ്ധമായ കൊണ്ടാക്കൽ, നടുഭാഗം, വൈശ്യംഭാഗം തുടങ്ങിയ സ്ഥലങ്ങളും ഇവിടെയാണ്.