2023 ജനുവരിയില്‍ 116 കിലോഗ്രാം ഭാരമായിരുന്നു മില്ലിയ്ക്ക് ഉണ്ടായിരുന്നത്. ഇത് ഒരു വർഷം കൊണ്ട് 66 കിലോയാക്കി കുറച്ചു എന്നാണ് യുവതിയുടെ അവകാശവാദം. വണ്ണം കുറയ്ക്കുന്നതിനായി താൻ ചെയ്ത കാര്യങ്ങളും അവർ വീഡിയോയിൽ പങ്കുവെച്ചു. ആഴ്ചയില്‍ ആറുതവണ താന്‍ ഭാരോദ്വഹനം പോലെയുള്ള വ്യായാമങ്ങള്‍ ചെയ്തതായും ഭക്ഷണത്തിലുള്‍പ്പെടുത്തിയ കലോറിയുടെ അളവ് കൃത്യമായി നിരീക്ഷിച്ചുകൊണ്ടുള്ള കര്‍ശനമായ ദിനചര്യയും നിശ്ചയദാര്‍ഢ്യവുമാണ് തന്റെ വിജയത്തിന് കാരണമെന്ന് മില്ലി അവകാശപ്പെട്ടു. കൂടാതെ ജിമ്മിൽ പോയി പതിവായി ട്രെഡ്‌മില്ലിൽ നടക്കാറുണ്ടായിരുന്നുവെന്നും ഇത് പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചുവെന്നും ഇവർ പറയുന്നു. അതോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും കൂടിയായപ്പോൾ വളരെ എളുപ്പത്തിൽ തന്നെ മില്ലിയ്ക്ക് ഈ നേട്ടം കൈവരിക്കാനായി.
advertisement
" എനിക്ക് കലോറിയെ കുറിച്ച് നേരത്തെ യാതൊരു അറിവുമില്ലായിരുന്നു. കൂടാതെ ഓരോ ദിവസവും എത്രമാത്രം ഭക്ഷണം കഴിക്കുന്നുവെന്ന് പരിശോധിക്കാൻ തുടങ്ങിയാൽ ഞാൻ ഞെട്ടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതിനാൽ ഞാൻ ട്രെഡ്‌മില്ലിൽ പതിവായി നടക്കാൻ തുടങ്ങി. അതോടൊപ്പം വെയിറ്റ് ലിഫ്റ്റിങ്ങും ചെയ്തു. കഴിഞ്ഞ ഒന്നര വർഷമായി എൻ്റെ ട്രെയിനിങ്ങിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്," മില്ലി ന്യൂസ് വീക്കിനോട് പറഞ്ഞു.
വണ്ണം കുറയ്ക്കുന്ന കാര്യത്തിൽ ഓരോരുത്തർക്കും ഇഷ്ടമുള്ളതും ആസ്വദിക്കാൻ കഴിയുന്നതുമായ ഒരു വ്യായാമരീതി കണ്ടെത്തുക എന്നത് വളരെ പ്രധാനമാണെന്നും മില്ലി വ്യക്തമാക്കി. " എനിക്ക് ഓടാൻ കഴിയില്ല. അതുകൊണ്ട് നടത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വെയിറ്റ് ലിഫ്റ്റിംഗ് എനിക്ക് കൂടുതൽ ഭാരമുള്ളതായി തോന്നി. പക്ഷേ നടത്തം അങ്ങനെയല്ല. അത് എനിക്ക് കൂടുതൽ ആത്മവിശ്വാസം തന്നു. ശരീരഭാരം കുറയ്ക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പ്രത്യേകിച്ച് ഇത്രയും അധികം. ഇന്ന് ഞാൻ എവിടെ എത്തിച്ചേർന്നിരിക്കുന്നുവെന്ന് പതിവായി ഓർമ്മിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നു." മില്ലി കൂട്ടിച്ചേർത്തു.
അമിതമായ ശരീരഭാരം കൊണ്ട് ഏറെ ബുദ്ധിമുട്ടുകൾ നേരിട്ട ഒരാൾ കൂടിയായിരുന്നു മില്ലി. പലതരത്തിലുള്ള ഡയറ്റിംഗ് നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം. മുമ്പ് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും കഴിച്ചിരുന്ന മില്ലി തന്റെ പങ്കാളിക്കൊപ്പം ചേർന്നാണ് ശീലങ്ങൾ പതിയെ മാറ്റാൻ ആരംഭിച്ചത്.
ഫോട്ടോകളിലൂടെ സ്വന്തം മാറ്റങ്ങൾ അറിഞ്ഞു മുന്നോട്ടു പോകുന്നത് നമ്മുടെ ആത്മവിശ്വാസം കൂട്ടുമെന്നും യുവതി നിർദേശിക്കുന്നു . ട്രെഡ്മില്ലിൽ നടക്കുന്നത് എളുപ്പത്തിൽ കലോറി കുറയ്ക്കാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ബയോമെക്കാനിക്സിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു.