തൊഴിലിടത്തിൽ നിന്നും കിട്ടിയ നാണയങ്ങൾ തൊഴിലാളികൾ വീട്ടിലേക്ക് കൊണ്ടുപോയതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. സദ്ദാം സലാർ പഠാൻ എന്നയാളുടെ വീട്ടിൽ നിന്നാണ് സ്വർണ നാണയങ്ങൾ കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സദ്ദാമിന്റെ വീട്ടിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ 216 സ്വർണ നാണയങ്ങളും ഒരു ചെമ്പു പാത്രവും കിട്ടിയതായി പിമ്പ്രി പൊലീസ് ഇൻസ്പെക്ടർ ശൈലേഷ് ഗയ്ക്ക്വാഡ് അറിയിച്ചു. ചെമ്പ് പാത്രത്തിന് 2.357 കിലോഗ്രാം ഭാരമുണ്ട്. 1720 നും 1748 നും ഇടയിലെ മുഗൾ രാജഭരണ കാലത്തുള്ളതാണ് സ്വർണ നാണയങ്ങൾ എന്നാണ് പുരാവസ്തു വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ മനസ്സിലായത്. മുഹമ്മദ് ഷാ രംഗീലയുടെ ഭരണകാലത്തുള്ളതാണ് നാണയങ്ങൾ എന്ന് കരുതുന്നു.
advertisement
Also Read-പതിറ്റാണ്ടു നീണ്ട നിധിവേട്ട; ഒടുവിൽ ഏഴ് കോടിയോളം രൂപയുടെ നിധി ലഭിച്ചത് വിദ്യാർത്ഥിക്ക്
ഛികാലിയിലുള്ള നിർമാണ മേഖലയിലെ തൊഴിലാളികളാണ് സദ്ദാമും ഭാര്യാ പിതാവും സഹോദരനും. മേഖലയിൽ നിർമാണ ആവശ്യങ്ങൾക്കായി കുഴിക്കുന്നതിനിടയിലാണ് ഇവർക്ക് നാണയങ്ങൾ കിട്ടിയത്. മണ്ണിനിടയിൽ അൽപം നാണയങ്ങൾ കണ്ടതോടെ വീണ്ടും പരിശോധിച്ചപ്പോൾ ചെമ്പ് കുടത്തിൽ കൂടുതൽ സ്വർണ നാണയങ്ങൾ നിക്ഷേപിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നിധിയോ പുരാവസ്തുക്കളോ ലഭിച്ചാൽ പൊലീസിനെയും പുരാവസ്തു വകുപ്പിനെയും അറിയിക്കണമെന്നാണ് നിയമം. എന്നാൽ നാണയങ്ങളെല്ലാം സദ്ദാം വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കുകയായിരുന്നു. പുരാവസ്തു വകുപ്പിന്റെ പരാതി ലഭിച്ചാൽ സദ്ദാമിനും ബന്ധുക്കൾക്കുമെതിരെ നിധികളും അമൂല്യ വസ്തുക്കളും സംബന്ധിച്ച ഇന്ത്യൻ നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.