രാവിലെ ഉറക്കമുണര്‍ന്ന് തന്റെ കുഞ്ഞു മകളെ പരിപാലിക്കുന്നതിന്റെ തിരക്കിലായിരുന്നു ഹെയ്‌ലി. അപ്പോഴാണ് കുഞ്ഞിന്റെ കോട്ടുവാ ശ്രദ്ധിച്ചത്. ഇത് അനുകരിക്കാന്‍ ശ്രമിച്ചതേ ഓര്‍മ്മയുള്ളൂ. പിന്നെ ഒരു വൈദ്യുതാഘാതം ഏറ്റതുപോലെ അവര്‍ക്ക് അനുഭവപ്പെട്ടു.
"മിക്ക ആളുകളും ഒരു നല്ല കോട്ടുവായിട്ടാണ് ദിവസം തുടങ്ങുന്നത്. എന്നാല്‍ അത് തനിക്ക് സംഭവിച്ച പോലെ ആയിരിക്കുമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കില്ല", ഹെയ്‌ലി ദി സണിനോട് പറഞ്ഞു.
കോട്ടുവായിട്ടപ്പോള്‍ തന്റെ ശരീരത്തിന്റെ പകുതി ഭാഗത്ത് വൈദ്യുതാഘാതം ഏറ്റതുപോലെ തോന്നിയെന്ന് അവര്‍ പറയുന്നു. ശരീരത്തിന്റെ പകുതിയില്‍ അപസ്മാരം പിടിപ്പെട്ടതുപോലെയായിരുന്നു ആ അവസ്ഥയെന്നും അവര്‍ പറയുന്നു. തനിക്ക് എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് ഹെയ്‌ലി മനസ്സിലാക്കിയെങ്കിലും അത് ഗുരുതരമായിരിക്കില്ലെന്നാണ് അവരുടെ ഭര്‍ത്താവ് കരുതിയത്. ചെറിയ പ്രശ്‌നത്തിന് അവള്‍ അമിതമായി പ്രതികരിക്കുകയാണെന്നും അദ്ദേഹം വിലയിരുത്തി.
advertisement
രാവിലെ അഞ്ച് മണി ആയെന്നും അവള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അവള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നും അയാള്‍ പറഞ്ഞു. പക്ഷേ, ഹെയ്‌ലി തനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് തറപ്പിച്ച് പറയുകയും ആംബുലന്‍സ് വിളിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ പെട്ടെന്ന് തന്നെ ദമ്പതികള്‍ കുഞ്ഞിനുവേണ്ട പാല്‍ കുപ്പി തയ്യാറാക്കി. മുമ്പ് എമര്‍ജന്‍സി കോള്‍ ഹാന്‍ഡ്‌ലറായി ജോലി ചെയ്തിരുന്ന ഹെയ്‌ലി എമര്‍ജന്‍സി നമ്പറായ 999-ല്‍ വിളിച്ചു.
ആംബുലന്‍സിലെ യാത്ര അവര്‍ക്ക് വളരെ വേദനാജനകമായിരുന്നുവെന്നും റോഡിലെ ഓരോ കുഴിയിലും തന്റെ നട്ടെല്ല് പിളരുന്നത് പോലെ തോന്നിയെന്നും അവര്‍ പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയെങ്കിലും എന്താണ് ഹെയ്‍ലിക്ക് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.
വേദനയ്ക്കും ഗ്യാസിനുമുള്ള മരുന്നുകളാണ് ആദ്യം ഡോക്ടർ നല്‍കിയത്. ആരും തന്നെ ശ്രദ്ധിച്ചില്ലെന്നും രാത്രി മുഴുവന്‍ വോദനകൊണ്ട് നിലവിളിക്കുകയായിരുന്നുവെന്നും അവര്‍ ഓര്‍മ്മിച്ചു. പിന്നീട് വേദന അസഹനീയമായതോടെ വിപുലമായ പരിശോധനകള്‍ നടത്തി. അവളുടെ കോട്ടുവായുടെ ശക്തി കാരണം കഴുത്തിലെ കശേരുക്കളായ സി6ഉം സി7ഉം നട്ടെല്ലിലേക്ക് ആഴ്ന്നിറങ്ങി. നട്ടെല്ല് തകര്‍ന്നു. ഹെയ്‌ലിയുടെ വലതുവശം പൂര്‍ണ്ണമായും തളര്‍ന്നു.
ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും സ്ഥിതി വളരെ മോശമാണെന്നും പകുതി സാധ്യത മാത്രമേയുള്ളൂവെന്നും ഡോക്ടര്‍ അറിയിച്ചു. നടക്കാന്‍ സാധിച്ചേക്കില്ലെന്നും അവര്‍ വിധിയെഴുതി. എന്നാല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. എന്നാല്‍ സ്‌പൈനല്‍ തകരാറുമായാണ് അവള്‍ ജീവിക്കുന്നത്. ഇത് അവരുടെ കുടുംബത്തെ സാരമായി ബാധിച്ചു. അവളുടെ ഭര്‍ത്താവ് എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വന്നുവെന്നും അവര്‍ പറയുന്നു.
"ഇത് ശരിക്കും ബുദ്ധിമുട്ടായിരുന്നു. അത് കാരണം ഞങ്ങള്‍ വീടില്ലാത്തവരായി. എനിക്ക് ജോലി ചെയ്യാന്‍ കഴിയില്ല. കുട്ടികളെ പരിപാലിക്കാന്‍ എനിക്ക് കഴിയില്ല. ഞങ്ങളുടെ ലോകം മുഴുവന്‍ തലകീഴായി മറിഞ്ഞു", ഹെയ്‌ലി പറഞ്ഞു. അവള്‍ക്ക് ഫൈബ്രോമയാള്‍ജിയയും വികസിച്ചു. ഇത് വിട്ടുമാറാത്ത വേദനയ്ക്കും ക്ഷീണത്തിനും കാരണമാകുന്ന ഒരു അവസ്ഥയാണ്.
"പരിഭ്രാന്തിയില്ലാതെ എനിക്ക് കോട്ടുവായിടാന്‍ കഴിയില്ല. അത് വരുന്നതായി തോന്നുമ്പോഴെല്ലാം ഞാന്‍ അത് തടയാന്‍ ശ്രമിക്കുന്നു. അത് ഇപ്പോഴും എന്നെ എല്ലാ ദിവസവും ബാധിക്കുന്നു", അവള്‍ വെളിപ്പെടുത്തി. എങ്കിലും തന്റെ ജീവന്‍ രക്ഷിച്ച മെഡിക്കല്‍ സംഘത്തിന് ഹെയ്‌ലി നന്ദി പറഞ്ഞു.