ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഐ സ്റ്റാര്‍ട്ട് അപ്പായ സ്‌മോളസ്റ്റ് എഐ എന്ന സ്ഥാപനത്തിന്റെ ഉടമയായ സുദര്‍ശന്‍ കമ്മത്താണ് ജീവനക്കാരെ തെരഞ്ഞെടുക്കാന്‍ ഈ വ്യത്യസ്തമായ വഴി പരീക്ഷിച്ചത്. കമ്പനിയിലെ ഫുള്‍ സ്റ്റാക്ക് എന്‍ജീനിയര്‍ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജോലിയ്ക്കായി അപേക്ഷിക്കുന്നവര്‍ റെസ്യൂമെയ്ക്ക് പകരമായി നൂറ് വാക്കില്‍ സ്വയം പരിചയപ്പെടുത്തുന്ന കുറിപ്പും ചെയ്ത ഏറ്റവും മികച്ച ജോലിയുടെ ലിങ്കും മാത്രം നല്‍കിയാല്‍ മതിയെന്നും സുദര്‍ശന്‍ പറഞ്ഞു. എക്‌സിലാണ് അദ്ദേഹം തന്റെ കമ്പനിയ്ക്കായുള്ള ഈ പരസ്യം കുറിച്ചത്.
advertisement
രണ്ട് വര്‍ഷം വരെ ജോലിപരിചയം ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുകയെന്നും പരസ്യത്തില്‍ പറയുന്നു. അപേക്ഷിക്കുന്നവര്‍ പഠിച്ച കോളേജിന്റെ വിവരങ്ങളൊന്നും ആവശ്യമില്ലെന്നും പരസ്യത്തില്‍ പറയുന്നു. ബംഗളുരുവിലെ ഇന്ദിരാഗനറിലെ ഓഫീസിലേക്കാണ് ജീവനക്കാരെ എടുക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു.
എക്‌സിലിട്ട പോസ്റ്റിന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 3.5 ലക്ഷം പേരാണ് ഇതിനോടകം പോസ്റ്റ് കണ്ടത്. റെസ്യൂമെയ്ക്ക് പകരം എന്‍ജീനിയര്‍മാരുടെ കഴിവിന് പ്രാധാന്യം നല്‍കുന്ന സുദര്‍ശന്‍ കമ്മത്തിന്റെ രീതിയെ പലരും പ്രശംസിച്ചു.
'' കോളേജിനും മാര്‍ക്കിനും പകരും ചെയ്ത ജോലിയുടെ തെളിവ് നല്‍കാന്‍ പറഞ്ഞ രീതി എനിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ നിങ്ങള്‍ക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്,'' ഒരാള്‍ കമന്റ് ചെയ്തു. അതേസമയം ഇന്ദിരാനഗര്‍ അല്‍പം ചെലവേറിയ പ്രദേശമാണെന്നും താമസത്തിനും ഭക്ഷണത്തിനുമായി നല്ലൊരു തുക ചെലവാകുമെന്നും ചിലര്‍ കമന്റ് ചെയ്തു.