കുറ്റവാളിയുമായി പ്രണയത്തിലോ?
ടോണി കോള്‍ എന്ന 29കാരിയായ ജയില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നോര്‍ത്താംപ്ടണ്‍ഷെയറിൽ സ്ഥിതി ചെയ്യുന്ന ജയിലിൽ പാർപ്പിച്ചിരുന്ന തടവുകാരനുമായാണ് ഇവര്‍ പ്രണയബന്ധം പുലർത്തിയത്. ടോണി കോൾ 4369 സന്ദേശങ്ങള്‍ തടവുകാരന് അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. കേവലം ആശയവിനിമയത്തിന് അപ്പുറം തടവുകാരനുമായി 18 തവണ വീഡിയോ കോളില്‍ ബന്ധപ്പെട്ടതായും അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. ഇതിനിടെ സെല്‍ പരിശോധന ഉള്‍പ്പെടെയുള്ള ജയിലിലെ രഹസ്യവിവരങ്ങള്‍ തടവുകാരന് ഉദ്യോഗസ്ഥ വെളിപ്പെടുത്തി നല്‍കുകയും ചെയ്തു.
കാറ്റഗറി സി ജയിലിലുള്ള മേലുദ്യോഗസ്ഥരാണ് കോളിന്റെ കള്ളത്തരം പൊളിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം നടത്തുകയും കോള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. അവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയും 20,000 പൗണ്ട് പിഴ ചുമത്തുകയും ഒരു വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. എങ്കിലും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
advertisement
ആറ് മാസം മുമ്പാണ് 31 വയസ്സുകാരിയായ ജയില്‍ ഉദ്യോഗസ്ഥ റേച്ചല്‍ സ്റ്റാന്റസണ്‍ ഉള്‍പ്പെട്ട സമാനമായ കേസ് പുറത്തുവന്നത്. കൊടുകുറ്റവാളിയും കൊള്ളക്കാരനുമായ എഡ്വിന്‍ പൂള്‍ എന്ന തടവുകാരനുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ സ്റ്റാന്റണിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മേലുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇരുവരും കൈമാറിയ നിരവധി ഫോട്ടോഗ്രാഫുകളും പ്രണയ ലേഖനങ്ങളും കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ കിട്ടിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തുടർന്ന് പൂളിനെ മറ്റൊരു ജയിലിലേക്ക് മാറ്റുകയും സ്റ്റാന്റണിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നിട്ടും ഇരുവരും പ്രണയബന്ധം തുടര്‍ന്നു. പൂളിനെ പാര്‍പ്പിച്ച വ്യത്യസ്ത ജയിലുകളില്‍ സ്റ്റാന്റണ്‍ സന്ദര്‍ശിക്കുകയും ഒടുവില്‍ അവര്‍ ഗര്‍ഭിണിയാകുകയും ചെയ്തിരുന്നു. കുട്ടിയുടെ ജനനത്തിന് ശേഷം വൈകാതെ ഇരുവരും വേര്‍പിരിഞ്ഞു. സമാനമായ മറ്റൊരു സംഭവത്തില്‍ മറ്റൊരു ഉദ്യോഗസ്ഥയും സസ്‌പെന്‍ഷനിലായിട്ടുണ്ട്.
ജയില്‍ സുരക്ഷയിലും സൗകര്യങ്ങളിലും കൂടുതല്‍ സൂക്ഷ്മപരിശോധന നടക്കുന്ന സമയത്താണ് കോളിന്റെ പിരിച്ചുവിടല്‍. എങ്കിലും വൈദഗ്ധ്യവും പരിചയസമ്പത്തുമുള്ള ജീവനക്കാരുടെ കുറവ് ബ്രിട്ടനില്‍ ആശങ്കയായി തുടരുകയാണ്. അത് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും തടവുകാര്‍ക്കും അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 121 ഉദ്യോഗസ്ഥര്‍ക്കെതിരേ മോശം പെരുമാറ്റത്തിന്റെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.