ശ്രീനഗറിലെ ദാല്‍ തടാകം സംരക്ഷിക്കുന്നതിന് അവിശ്വസനീയവും നിസ്വാര്‍ത്ഥവുമായ ശ്രമം നടത്തുന്ന ആ സ്ത്രീ 69 വയസ്സുള്ള ഡച്ച് പൗരയായ എല്ലിസ് ഹുബര്‍ട്ടിന സ്പാന്‍ഡര്‍മാന്‍ ആണ്. ദാല്‍ തടാകം വൃത്തിയായി സൂക്ഷിക്കാനുള്ള ഈ വൃദ്ധയുടെ ശ്രമങ്ങള്‍ ഓണ്‍ലൈനില്‍ ആളുകളുടെ ഹൃദയംകീഴടക്കികഴിഞ്ഞു. 'ദാലിന്റെ മാതാവ്' എന്നാണ് എല്ലിസ് അറിയപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ദാല്‍ തടാകം വൃത്തിയാക്കാന്‍ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് എല്ലിസ്.
ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവര്‍ ആദ്യമായി കശ്മീര്‍ സന്ദര്‍ശിക്കുന്നത്. കശ്മീരിന്റെ പ്രകൃതിഭംഗിയില്‍ അവര്‍ പെട്ടെന്ന് ആകൃഷ്ടയായി. കാലക്രമേണ അവര്‍ക്ക് ആ പ്രദേശത്തോടുള്ള പ്രണയം ശക്തമാകുകയായിരുന്നു. ഇതോടെ, അഞ്ച് വര്‍ഷം മുമ്പാണ് നെതര്‍ലന്‍ഡിലെ തന്റെ വീട് ഉപേക്ഷിച്ച് സ്ഥിരമായി കശ്മീരിലേക്ക് മാറാന്‍ അവര്‍ തീരുമാനിച്ചത്. അതിനുശേഷം ദാല്‍ തടാകം സംരക്ഷിക്കുന്നതിനായാണ് എല്ലിസിന്റെ പരിശ്രമങ്ങൾ മുഴുവനും. ദാല്‍ തടാകം വൃത്തിയായി സൂക്ഷിക്കുകയും അതിന്റെ ഭംഗി സംരക്ഷിക്കുകയും ചെയ്യുക എന്ന ഒരേയൊരു ദൗത്യത്തിനായി അവര്‍ തന്റെ ജീവിതം നീക്കിവച്ചു.
advertisement
തടാകത്തില്‍ നിന്ന് പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും നീക്കം ചെയ്യുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് എല്ലിസ് വൈറലായത്. അവരുടെ കഠിനാധ്വാനത്തെയും പരിശ്രമത്തെയും പ്രശംസിച്ചുകൊണ്ട് കശ്മീര്‍ റൈറ്റ്‌സ് ഫോറം ഒരു പോസ്റ്റ് പങ്കിട്ടു. "കഴിഞ്ഞ 5 വര്‍ഷമായി ശ്രീനഗറിലെ ദാല്‍ തടാകം വൃത്തിയാക്കുന്നതില്‍ നിസ്വാര്‍ത്ഥമായി പരിശ്രമിച്ച ഡച്ച് പൗരയായ എല്ലിസ് ഹുബര്‍ട്ടിന സ്പാന്‍ഡര്‍മാന് അഭിനന്ദനങ്ങള്‍. കശ്മീരിന്റെ പ്രകൃതി സൗന്ദര്യം സംരക്ഷിക്കുന്നതിനുള്ള പ്രചോദനമാണ് നിങ്ങളുടെ പ്രവൃത്തി. നമ്മുടെ പറുദീസ വൃത്തിയുള്ളതാക്കി നിലനിര്‍ത്താന്‍ നമുക്ക് കൈകോര്‍ക്കാം", പോസ്റ്റില്‍ പറയുന്നു.
എല്ലിസ് ഒരു പരിസ്ഥിതി പ്രവര്‍ത്തക മാത്രമല്ല. ഒരു സൈക്ലിസ്റ്റ് കൂടിയാണ്. നഗരത്തിലൂടെ അവര്‍ സൈക്കിള്‍ സവാരി ആസ്വദിക്കുകയും പരിസ്ഥിതി സൗഹൃദ ജീവിതത്തെയും ആരോഗ്യകരമായ ശീലങ്ങളെയും കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കശ്മീരിലെ ജനങ്ങളുടെയും മനോഹരമായ സ്ഥലങ്ങളുടെയും ചിത്രങ്ങള്‍ അവര്‍ പങ്കിടുകയും ചെയ്യുന്നുണ്ട്. പ്രകൃതി മാതാവിനെ സംരക്ഷിക്കുക എന്ന തന്റെ ദൗത്യം പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നു.
കശ്മീര്‍ വൃത്തിയാക്കുകയാണ് ദയവായി എന്നെ സഹായിക്കൂ എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ പോസ്റ്റും അവര്‍ തന്റെ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. "ചെറിയ കാര്യങ്ങളെ വിലകുറച്ച് കാണരുത്. കൈകോര്‍ക്കാം... രണ്ട് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ കശ്മീര്‍ വൃത്തിയാക്കാന്‍ നമുക്ക് കഴിയും. മറ്റുള്ളവര്‍ക്കുനേരെ വിരല്‍ ചൂണ്ടരുത്, സര്‍ക്കാരിനെയോ ടൂറിസ്റ്റുകളെയോ നാട്ടുക്കാരെയോ കുറ്റപ്പെടുത്തരുത്. പകരം നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുക. മാലിന്യം വലിച്ചെറിയാതിരിക്കുക. മറ്റുള്ളവര്‍ വലിച്ചെറിയുന്ന മാലിന്യം ഞാന്‍ ചെയ്യുന്നതുപോലെ വൃത്തിയാക്കുക", എല്ലിസ് കുറിച്ചു. കശ്മീരിന്റെ പ്രകൃതി സംരക്ഷിക്കുന്നതിനുള്ള എല്ലിസിന്റെ ശ്രമങ്ങളെ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും അഭിനന്ദിച്ചു.