ഏതാനും മാസങ്ങൾക്കുമുമ്പാണ് ആകാശത്തുകൂടി പറന്നുപോകുന്ന വിമാനം കണ്ടപ്പോൾ ലീല കൂട്ടുകാരോട് തമാശയായി പറഞ്ഞിരുന്നു സ്‌കൈഡൈവിങ് ചെയ്താൽ എത്ര രസമായിരിക്കുമെന്ന്. എന്നാൽ, കൂട്ടുകാർ അവരുടെ പ്രായം പറഞ്ഞ് ആഗ്രഹത്തെ തള്ളിക്കളഞ്ഞു. എങ്കിലും, തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ലീല മനസ്സിൽ ഉറപ്പിച്ചു.
കഴിഞ്ഞ മാസം ദുബായിലെത്തിയ ലീല തന്റെ ആഗ്രഹം മകൻ അനീഷിനോട് തുറന്നുപറഞ്ഞു. ആദ്യം മകൻ അത് വിശ്വസിച്ചില്ലെങ്കിലും, അത് അമ്മയുടെ സ്വപ്നമാണെന്ന് മനസ്സിലാക്കിയപ്പോൾ സ്കൈഡൈവിങ് സംഘാടകരെ വിളിച്ചു. 71 വയസ്സുള്ള ഒരു സ്ത്രീ സ്കൈഡൈവിങ്ങിന് എത്തിയപ്പോൾ സംഘാടകരും അത്ഭുതപ്പെട്ടുവെന്ന് ലീല പറയുന്നു. വിമാനക്കൂലി, ഗൈഡിന്റെ സഹായം, വീഡിയോ ചിത്രീകരണത്തിനുള്ള പണം എന്നിവയുൾപ്പെടെ ഏകദേശം 2 ലക്ഷം രൂപയാണ് അനീഷ് ഇതിനായി ചിലവഴിച്ചത്.
advertisement
ലീലയുടെ ആകാശച്ചാട്ടം നടന്നത് ദുബായ് സ്കൈഡൈവ് പാമിലാണ്. മകനായ അനീഷും മരുമകൾ ലിന്റുവും രേഖകൾ ശരിയാക്കിയതോടെയാണ് ചാട്ടത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായത്. 15 പേർക്ക് സഞ്ചരിക്കാവുന്ന ഒരു ചെറിയ വിമാനത്തിലായിരുന്നു ലീലയുടെ ആദ്യ യാത്ര. ഒപ്പം ചാടാനുണ്ടായിരുന്നത് നാല് ചെറുപ്പക്കാർ മാത്രമായിരുന്നു. അവർ ചാടിയതിനു ശേഷമാണ് ഒരു സ്കൈ ഡൈവറോടൊപ്പം ലീല ചാടിയത്.
വിമാനത്തിൽ നിന്ന് ഗൈഡിനൊപ്പം താഴേക്ക് ചാടിയപ്പോൾ സന്തോഷം, ആവേശം, ഭയം എന്നിങ്ങനെ പല വികാരങ്ങളും ഒരേസമയം അനുഭവപ്പെട്ടുവെന്ന് ലീല മാധ്യമങ്ങളോട് പറഞ്ഞു. കഴിയുമെങ്കിൽ ബഹിരാകാശത്തേക്ക് പോകണമെന്നതാണ് ലീല ജോസിന്റെ ഇപ്പോഴത്തെ ആഗ്രഹം.
കൊന്നത്തടി സർവീസ് സഹകരണ ബാങ് റിട്ട. സെക്രട്ടറി പരേതനായ ജോസാണ് ലീലയുടെ ഭർത്താവ്. അസാധ്യമായത് നേടാനുള്ള ധൈര്യം തനിക്ക് പകർന്നുനൽകിയത് ഇന്ത്യൻ ആർമി ഓഫീസറായിരുന്ന തന്റെ പിതാവ് മാണിക്കുട്ടിയാണെന്നും ലീല കൂട്ടിച്ചേർത്തു.