കർശനമായ ഫിറ്റ്നസ് ദിനചര്യയാണ് ചണ്ഡീഗഡ് സ്വദേശിയായ ത്രിപാത് സിംഗിനെ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയാക്കി മാറ്റിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 71കെ ഫോളോവേഴ്സാണ് സിംഗിനുള്ളത്. ഈ പേജിൽ അദ്ദേഹം തന്റെ വ്യായാമ വീഡിയോകളാണ് കൂടുതലും പോസ്റ്റ് ചെയ്യുന്നത്. ഇവയ്‌ക്ക് പുറമേ, വീട്ടിൽ വച്ച് ദിവസവും ചെയ്യാൻ കഴിയുന്ന വ്യായാമങ്ങളും തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനായി സിംഗ് പങ്കിടാറുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ത്രിപാത് സിംഗ് തന്റെ വ്യായാമ രീതിയെക്കുറിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഷെയർ ചെയ്യാറുണ്ട്. ഹ്യൂമൻസ് ഓഫ് ബോംബെയുമായുള്ള അഭിമുഖത്തിൽ താൻ എങ്ങനെയാണ് ഒരു ഫിറ്റ്നസ് പ്രേമിയായി മാറിയതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
advertisement
ഭാര്യയുടെ വിയോഗമാണ് തന്നെ ഫിറ്റ്നസ് പാതയിലേക്ക് നയിച്ചതെന്നാണ് സിംഗ് പറയുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വീഡിയോയിൽ, അന്തരിച്ച ഭാര്യയുടെ ചിത്രത്തിനരികിൽ സിംഗ് ഇരിക്കുന്നത് കാണാം. 1999ലാണ് ഭാര്യ മരിച്ചത്. ഇത് അദ്ദേഹത്തിന് വലിയൊരു ആഘാതമായിരുന്നു. ബിസിനസിനെ പോലും ബാധിച്ചു. കുറച്ചുകാലം വീട്ടിൽ തന്നെ ചടഞ്ഞുകൂടിയിരുന്നു. എന്നാൽ തന്നെ ഈ അവസ്ഥയിൽ കണ്ടാൽ ഭാര്യ ഏറെ വിഷമിക്കുമെന്ന തോന്നൽ അദ്ദേഹത്തെ ഊർജ്ജസ്വലനാക്കി. തുടർന്ന് സ്വന്തം കഠിനാധ്വാനത്തിലൂടെ ബിസിനസ് തിരികെ പിടിക്കുകയും ഫിറ്റ്സനിനും ആരോഗ്യത്തിനും കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തു.
Also Read-വധു വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിവെച്ചു; മധുവിധു കാലത്ത് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങാം
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ വീഡിയോയിൽ സിംഗ് നിരവധി വ്യായാമങ്ങൾ ചെയ്യുന്നുണ്ട്. ഭാരം ഉയർത്തുക, മങ്കി ബാറുകൾ ഉപയോഗിച്ചുള്ള വ്യായാമം, മങ്കി ബാറിൽ തലകീഴായി കിടന്ന് ഭാരം ഉയർത്തുക എന്നിങ്ങനെ നീളുന്നു വ്യായാമ മുറകൾ. ഇൻസ്റ്റാഗ്രാമിൽ പലരും അദ്ദേഹത്തിന്റെ ശാരീരികക്ഷമതയും ഇന്നത്തെ വ്യക്തിയായിത്തീരാനുള്ള യാത്രയും കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ജീവിതത്തിലെ മോശം സമയം എങ്ങനെ മറികടക്കാമെന്നും പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് ത്രിപാത് സിംഗിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്.
കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനത്തിനിടെ ശരീരത്തിന്റെ ഫിറ്റ്നസ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്താൻ വെള്ളത്തിനടിയിൽ വെച്ച് വ്യായാമം ചെയ്ത് ശ്രദ്ധ പിടിച്ചു പറ്റിയ പുതുച്ചേരി സ്വദേശിയായ യുവാവിന്റെ വീഡിയോ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. വെള്ളത്തിനടിയിൽ 14 മീറ്ററോളം താഴ്ചയിൽ നിന്നു കൊണ്ടാണ് അരവിന്ദ് വ്യായാമത്തിൽ ഏർപ്പെട്ടത്. ശരീരത്തിന്റെയുംശ്വാസകോശത്തിന്റെയും ശക്തിയും ആരോഗ്യവും നിലനിർത്താൻ ദിവസവും 45 മിനിറ്റ് നേരമെങ്കിലും എല്ലാവരും വ്യായാമം ചെയ്യണമെന്നും ഒപ്പം ശ്വസന സംബന്ധമായ വ്യായാമങ്ങളിലും ഏർപ്പെടണമെന്ന് അരവിന്ദ് പറയുന്നു.
